Random Posts

Sunday, July 10, 2011

ബജറ്റ് തിരുത്താന്‍ തയ്യാര്‍ - കെ.എം. മാണി


സംസ്ഥാന ബജറ്റില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുമെന്ന് ധനവകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊച്ചിയില്‍ സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ബജറ്റ് തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാണി വ്യക്തമാക്കി . എന്നാല്‍ നൂറ് ശതമാനവും പൂര്‍ണമായ ബജറ്റാണിതെന്ന് അവകാശപ്പെടുന്നില്ല. ബജറ്റിനെക്കുറിച്ച് നിയമസഭയ്ക്കകത്ത് പൊതു ചര്‍ച്ച നടത്തും. പോരായ്മകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. സ്വീകരിക്കാവുന്നത് സ്വീകരിക്കും.

ഒരു ഇടക്കാല ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അടിത്തറ ഇളകിയ മുന്‍ ബജറ്റിന് മുകളിലാണ് പുതിയ ബജറ്റ്. അതിനാല്‍ തന്നെ അടിത്തറ ഭദ്രമാണെന്ന് പറയാനാകില്ല. അടിസ്ഥാന മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കുമാണ് പുതിയ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതു വഴി മറ്റ് മേഖലകളിലും വളര്‍ച്ച കൈവരിക്കാനാകും. മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടായ ദൂഷ്യങ്ങള്‍ പരിഹരിച്ച് വളര്‍ച്ച നേടാനാണ് ശ്രമിക്കുന്നതെന്നും മാണി പറഞ്ഞു .
ചേംബര്‍ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി, പ്രൊഫ. മാര്‍ട്ടിന്‍ പാട്രിക് എന്നിവര്‍ പങ്കെടുത്തു .