
സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും നിഷ്കരുണം തച്ചുടച്ച ഒരു ഭരണത്തിന്റെ അഞ്ച് വര്ഷങ്ങളാണ് കടന്നുപോയത്. വിഭവസന്പത്തില് വളരെ പിന്നോക്കം നിന്നിരുന്ന സംസ്ഥാനങ്ങള്പോലും വികസനത്തിന്റെ ചിറകിലേറി ബഹുദൂരം മുന്നേറിയപ്പോള് രാഷ്ട്രീയ തിമിരത്താല് ദിശാബോധം നഷ്ടപ്പെട്ട് വികസനമുരടിപ്പില് പെട്ട് അസൂയയോടെ നോക്കി നില്ക്കാന് മാത്രമാണ് കേരളത്തിനായത്.
മാറ്റത്തിനായുള്ള അഭമ്യമായ അഭിവാഞ്ചയാണ് ഇന്ന് ജനങ്ങളില് പ്രകടമാകുന്നത്. ഇതിന് കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇടതു മുന്നണി ഭരണത്തിന് കീഴില് കാര്ഷിക വ്യാവസായിക വാണിജ്യ ധനകാര്യ മേഖലകളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും ഉണ്ടായ ശോചനീയമായ പതനവും അപമതിയുണ്ടാകുന്ന തരത്തിലുള്ള നിര് വ്വഹണവും ഇത് ബലപ്പെടുത്തുന്ന കാരണങ്ങളാണ്. സകലരാലും വെറുക്കപ്പെടുന്നു ഈ ഭരണത്തിന് കീഴില് സംസ്ഥാനത്തിന്റെ സന്പത്ത് കൊള്ളയടിച്ച് സ്വന്തം ആസ്തി വര്ദ്ധിപ്പിക്കുന്നതിനിടയില് ഇടതുമുന്നണി സര്ക്കാര് ജനങ്ങളെ ബോധപൂര് വം മറക്കുകയായിരുന്നു. അമ്യൂസ്മെന്റ് പാര്ക്കുകളും റ്റി.വി.ചാനലുകളും ആടന്പര മന്ദിരങ്ങളും പടുത്തുയര്ത്തുന്നതില് വ്യാപൃതരായപ്പോള് കമ്മ്യൂണിസ്റ്റ് തത്വസംഹിതകളും കച്ചവട, മുതലാളിത്ത സമീപനങ്ങളും തമ്മില് തിരിച്ചറിയാന് കഴിയാത്തവിധം കുഴഞ്ഞുമറിഞ്ഞു. വളരെ ഗുരുതരമായ ഈ അവസ്ഥ ഗുണ്ടാരാജിനെ ഓര്മ്മിപ്പിക്കും വിധം ഭൂമാഫിയകളേയും ലോട്ടറി മണല് മാഫിയകളേയും അതിരുവിട്ട് സഹായിക്കാന് തുടങ്ങിയതോടെ സംസ്ഥാനഭരണം സ്ഫോടനാത്മകമായ ഒരുസ്ഥിതി വിശേഷത്തിലേക്കെടുത്തെറിയപ്പെടുകയായിരുന്നു. ജനങ്ങളില് നിന്ന് സ്വയം അകന്ന് ഈ അരാജകത്വം ബോധപൂര് വം കേരള ജനതയില് അടിച്ചേല്പ്പിക്കുകയാണ് ഇടതുമുന്നണി സര്ക്കാര് ചെയ്തത്. ഇടതുമുന്നണിയുടെ വികസന വിരുദ്ധ അജണ്ടയെ പാടേമാറ്റി മറിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി യു.ഡി.എഫ് അവതരിപ്പിക്കുന്ന വികസന സൌഹൃദ നയങ്ങളിലൂടെ ഒരു പുത്തന് നാളെ സൃഷ്ടിക്കാനാകും.
യു.ഡി.എഫിന്റെ ഭരണത്തിന് കീഴില്മാത്രമേ ജനങ്ങള്ക്കും നാടിനും ക്ഷേമവും വളര്ച്ചയും ഉണ്ടാകു എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതുയാണ്. ജനോപകാരപ്രദമായ പദ്ധതികള് നടപ്പിലാക്കുന്നതിലും നാടിന് വികസനം കൊണ്ടുവരുന്നതിലും യു.ഡി.എഫ്. സര്ക്കാരുകള് സ്വീകരിച്ച നടപടികളില് നിന്നും അത് വ്യക്തമാകും.
ഇത്രത്തോളം കേന്ദ്രപദ്ധതികള് കേരളത്തിന് ലഭിച്ച കാലം മുന്പെങ്ങുമുണ്ടായിട്ടില്ല. എന്നാല് ആ പദ്ധതികള് ജനോപകാരപ്രദമായ രീതിയില് വിനിയോഗിക്കുന്നതില് ഇടതുമുന്നണി സര്ക്കാര് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ദേശീയ ആരോഗ്യരക്ഷാ പദ്ധതിയും രാജീവ്ഗാന്ധി ഇന്ഷുറന്സ് പദ്ധതിയും റോഡ് വികസന പദ്ധതിയുമെല്ലാം തന്നെ നടപ്പിലാക്കുന്നതില് വന് വീഴ്ചയാണ് കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്ക്കാര് വരുത്തിയത്. ഇതിലൂടെ ഇടതുമുന്നണി അവരുടെ ജനവിരുദ്ധ പ്രതിശ്ചായ ഒന്നുകൂടി ബലപ്പെടുത്തുകയാണ് ചെയ്തത്.
ജനങ്ങള് ഒരു മാറ്റത്തിനായി കൊതിക്കുന്നു. കാര്യക്ഷമവും അഴിമതിരഹിതവും വികസനോന്മുഖവുമായ ഒരു സര്ക്കാര് പ്രദാനം ചെയ്യാന് യു.ഡി.എഫിനു മാത്രമേ കഴിയൂ, നല്ലൊരു നാളെ കെട്ടിപ്പടുക്കുന്നതിനായി നമുക്കൊന്നിച്ച് നീങ്ങാം. യു.ഡി.എഫിനായി നമ്മുടെ വോട്ടുകള് രേഖപ്പെടുത്താം.






