
ലൈംഗീകാരോപണ കേസില്‍ പ്രതിസ്ഥാനത്തുള്ള സിപിഎം കണ്ണൂര്‍ ജില്ലാമുന്‍ സെക്രട്ടറി പി.ശശി പ്രത്യാക്രമണത്തിനു തയ്യാറെടുക്കുന്നു. ഇതു മുന്നില്‍ക്കണ്ട് പരാതി നല്‍കിയ യുവതിയെ രംഗത്തെത്തി പ്രശ്‌നം അവസാനിപ്പിക്കാനും സി.പി.എം നേതൃത്വം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം കടുത്ത നടപടി തനിക്കെതിരേയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കഴിയുന്നത്ര നേതാക്കളുടെ മേല്‍ചെളിവാരിയെറിയുകയാണ് ശശിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പഴയ ചിലസംഭവങ്ങള്‍ വീണ്ടും പാര്‍ട്ടിയുടെ സജീവശ്രദ്ധയിലേക്കുകൊണ്ടുവരികയാണ് ശശി. കഴിഞ്ഞവര്‍ഷം നടന്ന നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് ഏറ്റവുമൊടുവില്‍ നല്‍കിയ വിശദീകരണത്തിലൂടെയാണ് ഇതിനുള്ള വഴിമരുന്നിട്ടുകഴിഞ്ഞു.
സ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിലല്ല തനിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും അഴിമതി ചോദ്യംചെയ്തതിലുള്ള പ്രതികാരമാണ് തനിക്ക നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പിലെ അഴിമതി ചോദ്യംചെയ്തതിനാണ് തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കിയതെന്നാണ് ശശിയുടെ വാദം. പരാതിക്കാരിയുടെ ഭര്‍ത്താവിനായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പിന്റെ ചുമതല. അയാള്‍ അഴിമതി നടത്തുകയും ചെയ്തു. ഇതു ചൂണ്ടിക്കാട്ടിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പരാതി ഉന്നയിച്ചവര്‍ ശ്രമിച്ചതെന്ന് ശശി പാര്‍ട്ടിനേതൃത്വത്തിന് ഇപ്പോള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 2010ലെ നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പിലെ പ്രശ്‌നങ്ങളാണ് ശശി ഇതിന് കാരണമായി മുന്നോട്ടുവെക്കുന്നത്. ഫുട്‌ബോള്‍ നടത്തിപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 14 ലക്ഷം രൂപയോളമാണ്. ഒന്നരക്കോടി രൂപയിലേറെ ചെലവുവന്ന ടൂര്‍ണമെന്റില്‍ പിരിഞ്ഞുകിട്ടിയത് 1.38 കോടി രൂപയോളമാണ്. ടൂര്‍ണമെന്റ് നടത്തിപ്പില്‍ വന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ വിരോധം തീര്‍ക്കാനാണ് സംഘാടകരില്‍ പ്രമുഖനായ യുവ നേതാവ് തനിക്കെതിരെ പരാതി ഉന്നയിച്ചതെന്നാണ് ശശി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പുതിയ വിശദീകരണം.
ശശിക്കെതിരെ ലഭിച്ച പരാതി ലൈംഗിക ആരോപണം സംബന്ധിച്ചാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം, പരാതിക്കാരുടെ ഉദ്ദേശ്യ ശുദ്ധിയും പരിശോധിക്കേണ്ടതുണ്ടെന്ന് കാരാട്ട് കൂട്ടിച്ചേര്‍ത്തിരുന്നു. നായനാര്‍ ഫുട്‌ബോള്‍ നടത്തിപ്പ് കൂടി വിവാദത്തിലേക്ക് കടന്നുവരുമ്പോള്‍ കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്. ഏതായാലും പരാതിയിലൂടെ സിപിഎം രാഷ്ട്രീയം മറക്കാന്‍ ഇഷ്ട്‌പ്പെടുന്ന ചില കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്‌തേക്കും. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവെന്നു വിശേഷിപ്പിച്ച ഫാരിസ് അബുബക്കര്‍ തന്നെയാണ് ഇതില്‍ പ്രധാനി. ഫാരിസിന്റെ 'പാരറ്റ് ഗ്രൂവ്‌സ്' എന്ന സ്ഥാപനം നായനാര്‍ ഫുട്‌ബോളിന് വന്‍ തുക സംഭാവന നല്‍കിയത് അക്കാലത്തെ വലിയ വിവാദമായി. സി.പി.എമ്മിലെ വിഭാഗീയത ആളിക്കത്തിക്കുന്നതില്‍ ഫാരിസ് മുഖ്യ വിഷയമായി. 'വെറുക്കപ്പെട്ടവന്‍' എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിശേഷിപ്പിച്ച ഫാരിസിന്റെ നിലപാട് വിശദീകരിക്കാന്‍ കൈരളി ടി.വി. തന്നെയാണ് മുന്നിട്ടിറങ്ങിയത്. വി.എസിനെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ തുറന്ന യുദ്ധം പുതിയ ഘട്ടത്തിലെത്തിയതും ഈ സന്ദര്‍ഭത്തിലായിരുന്നു.
ഇവ ഒരിക്കല്‍കൂടി നേതൃത്വത്തിന്റെ ഓര്‍മയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരികയാണ് പരാതിയിലൂടെ ശശി. അതിസമയം ശശിവിവാദം പാര്‍ട്ടിയുടെ പൂര്‍ണമായും പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുവേദികളില്‍ ഇതുസംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ പരസ്യമായി ചര്‍ച്ചചെയ്യാന്‍ സി.പി.എം. നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. യു.ഡി.എഫ്. പൊതുയോഗങ്ങളിലാകട്ടെ മുഖ്യചര്‍ച്ച ശശിയെക്കുറിച്ചാണുതാനും. ഇതിന് മറുപടി പറയാനോ വിശദീകരണം നല്‍കാനോ ആണ് സി.പി.എം. നേതൃത്വം മടിച്ചുനില്‍ക്കുന്നത്. ശശിവിവാദം കത്തിപ്പടരുന്നതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്. എതിരാളികള്‍ക്ക് ഇതിനുള്ള അവസരം നല്‍കുന്നത് ചില നേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളാണെന്നത് അവരുടെ അസ്വസ്ഥത ഇരട്ടിപ്പിക്കുന്നു. പ്രചാരണ രംഗത്ത് ഇതുവഴി സി.പി.എം. പ്രതിരോധത്തിലേക്ക് പിന്‍വലിയുകയാണ്.
ആദ്യഘട്ടത്തില്‍ ഏറെയൊന്നും ശശിയുടെ പ്രശ്‌നം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. പക്ഷെ ഐസ്‌ക്രീം കേസ് സംബന്ധിച്ച വിവാദങ്ങളോടെയാണ് ശശിപ്രശ്‌നവും യു.ഡി.എഫ്. പ്രചാരണവിഷയമാക്കിയത്. അതിനിടയില്‍ കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖകന് നേരെയുണ്ടായ കൈയേറ്റവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പി.ശശിയെ മുഖ്യവിഷയമാക്കി മാറ്റി. ഇതുസംബന്ധിച്ച് വിവിധ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളാണ് പാര്‍ട്ടിക്കകത്ത് തന്നെ ഇപ്പോള്‍ പ്രശ്‌നമായി വളരുന്നത്. പുറത്തുപറയേണ്ട പരാതിയല്ല ഇതെന്നായിരുന്നു ഏറ്റവും ഒടുവില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയുടെ പ്രതികരണം. അതേ സമയം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുപ്പിച്ച് മാറ്റിയതുതന്നെ പാര്‍ട്ടിയുടെ നടപടിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വിശേഷിപ്പിച്ചു.
ഇതിനിടയില്‍ പുറത്തുവന്ന പ്രകാശ് കാരാട്ടിന്റെയും എസ്.രാമചന്ദ്രന്‍ പിള്ളയുടെയും പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തെ ആശയക്കുഴപ്പം വ്യക്തമാക്കുന്നത് തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയെക്കൊണ്ട് പുതിയ വിശദീകരണം നല്‍കുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. ആരോപിക്കപ്പെടുന്നതുപോലുള്ളതൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതും തന്റെ പരാതിയെ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നതുമാവും വിശദീകരണം. അതുവഴി വിവാദം അവസാനിപ്പിക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ശശിപ്രശ്‌നം വിവാദമാവുന്നതില്‍ സി.പി.എം. ഏറെ അസ്വസ്ഥമാവുന്നുണ്ട്. പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടര്‍മാരെ ഈ വിവാദം സ്വാധീനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. സ്ഥാനാര്‍ഥികളും ഇതില്‍ ആശങ്കപ്പെടുന്നു. എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നം. വിസ്മൃതിയിലായിപ്പോവുമെന്ന് കരുതിയ വിവാദം അനുദിനം കത്തിപ്പടരുന്നത് സി.പി.എമ്മിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട് എന്നത് വ്യക്തം






