ഗുവഹാത്തി: അസമില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 62 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ചത്. 485 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 38 പേര്‍ വനിതകളാണ്.
പത്തുവര്‍ഷത്തെ ഭരണത്തിനു തുടര്‍ച്ച തേടുന്ന കോണ്‍ഗ്രസ്സും ഭരണം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന അസം ഗണപരിഷത്തും വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ പദ്ധതിയിടുന്ന ബി.ജെ.പി.യും തമ്മിലാണ് പോരാട്ടം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയും പ്രതിപക്ഷനേതാവ് സുഷമാസ്വരാജും ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ പ്രചാരണത്തിന് സംസ്ഥാനത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും പ്രചാരണത്തിനു തിളക്കമേകി. അസം ഗണപരിഷത്തിനും ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനും വേണ്ടി സംസ്ഥാനനേതാക്കളാണ് രംഗത്തുണ്ടായിരുന്നത്.
ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ പ്രതിപക്ഷത്തെ അസം ഗണപരിഷത്ത് 51 ഇടത്താണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. വികസനവും സമാധാനവുമെന്ന ഇരട്ടമുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്തുവര്‍ഷമായി അധികാരത്തില്‍ തുടരുന്ന തങ്ങള്‍ക്ക് മൂന്നാമതൊരവസരം നല്‍കിയാലേ ഇപ്പോഴുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നു. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, മന്ത്രി ഡോ. ഹിമന്തവിശ്വശര്‍മ എന്നിവരാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രധാനതാരങ്ങള്‍. ഹെലികോപ്ടറില്‍ പറന്ന് പ്രചാരണം നടത്തുന്ന തിരക്കിലായിരുന്നു ഇവര്‍.
ദേശീയ അധ്യക്ഷയ്ക്കും പ്രധാനമന്ത്രിക്കും പുറമെ ധനമന്ത്രി പ്രണബ്മുഖര്‍ജി, ബോളിവുഡ് നടന്‍ രാജ് ബബര്‍ എന്നിവരും കോണ്‍ഗ്രസ്സിനുവേണ്ടി പ്രചാരണത്തിനെത്തി.കോണ്‍ഗ്രസ് ഭരണംകൊണ്ടുണ്ടായ അഴിമതി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമാണ് അസം ഗണപരിഷത്ത് ഉയര്‍ത്തുന്നത്. പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രമോഹന്‍ പട്ടൗരി, പ്രതിപക്ഷനേതാവ് പ്രഫുല്ല മഹന്ത എന്നിവരാണ് പ്രചാരണത്തിന് നേതൃത്വംനല്‍കിയത്. ആദ്യഘട്ടത്തിലെ 62 മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.ജെ.പി, ഹേമമാലിനി മുതല്‍ സ്മൃതി ഇറാനി വരെയുള്ള താരങ്ങളെ പ്രചാരണത്തിനിറക്കി. അരുണ്‍ജെയ്റ്റ്‌ലി, നരേന്ദ്രമോഡി എന്നിവര്‍ക്കൊപ്പം എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍(യു) നേതാവ് ശരത് യാദവും ബി.ജെ.പി.ക്കുവേണ്ടി അസമിലെത്തി.
സി.പി.ഐ. 10 സീറ്റിലും സി.പി.എം. എട്ടുസീറ്റിലുമാണ് മത്സരിക്കുന്നത്. സീതാറാം യെച്ചൂരിയും വൃന്ദാകാരാട്ടും സി.പി.എമ്മിനുവേണ്ടി പ്രചാരണത്തിനെത്തി. തൃണമൂല്‍കോണ്‍ഗ്രസ് 44 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും മമതാ ബാനര്‍ജി അസമില്‍ പ്രചാരണത്തിനെത്തിയില്ല. പൂര്‍ണമായും പശ്ചിമബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദീദി, അസമിലെ ചുമതല പാര്‍ട്ടിയുടെ മറ്റു നേതാക്കളെ ഏല്പിക്കുകയാണ് ചെയ്തത്. 29 ഇടത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രചാരണത്തിന് നേതൃത്വംനല്‍കിയത് പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മല്‍ എം.പിയാണ്.






