| Add caption |
ചേര്‍ത്തല: എല്ലാ കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്കുമെന്ന് പറയുന്ന മന്ത്രി ഡോ.തോമസ് ഐസക്, ഒരു കുടുംബത്തിന് ഒരു മാസം നല്‍കുന്ന അരിയുടെ അളവ് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. യു.ഡി.എഫ്.ചേര്‍ത്തല ടൗണ്‍ വെസ്റ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിമാസം ഒരു കുടംബത്തിന് 2 രൂപ നിരക്കില്‍ 3 കിലോഗ്രാം അരി മാത്രം വിതരണം ചെയ്യാനാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു കുടുംബത്തിന് ഒരു മാസം 3 കിലോഗ്രാം അരി നല്‍കുന്ന പദ്ധതി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്.
അരി വിതരണത്തിന് യു.ഡി.എഫ് എതിരല്ല. റേഷന്‍ കടകളില്‍ നിന്ന് അപേക്ഷാ ഫോറം വിതരണം ചെയ്യേണ്ടതിനു പകരം പാര്‍ട്ടി ഓഫീസ് വഴിയും നേതാക്കള്‍ വഴിയും ഫോറം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് യു.ഡി.എഫ്.ഇതിനെ എതിര്‍ത്തത്. അരി വിതരണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ഓരോ കുടുംബത്തിനും ആവശ്യമായ തോതില്‍ അരി വിതരണം ചെയ്യണം.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളം സമസ്ത മേഖലകളിലും പിന്നാക്കം പോയി. മദ്യ ഉപയോഗം, ആത്മഹത്യ, സ്ത്രീ പീഡനം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ മാത്രമാണ് കേരളം മുന്നേറിയത്. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണ നേട്ടം എന്താണെന്ന് മറയില്ലാതെ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യു.ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ മാത്രമേ കേരളത്തിന് പുരോഗതിയുണ്ടാകുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.






