Random Posts

Sunday, April 3, 2011

ഇന്ത്യന്‍ ടീമിന് വിജയം നേര്‍ന്ന് ഷുക്കൂറിന്റെ ബോര്‍ഡ്‌


തുറവൂര്‍: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാന്‍ സമയം കണ്ടെത്തിയ അരൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് വിജയം നേരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിക്കൂടിയാണ് ഇന്ത്യന്‍ടീമിന് അരൂരിലെ ജനങ്ങള്‍ക്കുവേണ്ടി ഷുക്കൂര്‍ വിജയം നേരുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയും ബാറ്റിങ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറും ബാറ്റുവീശി വിജയാഹ്ലാദം പകരുന്ന ചിത്രങ്ങളാണ് ഫ്ലക്‌സ് ബോര്‍ഡില്‍ പതിച്ചിട്ടുള്ളത്.

'കങ്കാരുക്കളെ തകര്‍ത്ത്, പാകിസ്ഥാനെ തുരത്തി ലങ്ക കീഴടക്കാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് അരൂരിന്റെ ആശംസകള്‍' എന്ന കുറിപ്പും മുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അടിയില്‍ 'കൈ' ഉയര്‍ത്തി നില്‍ക്കുന്ന ഷുക്കൂറിന്റെ പടവും വോട്ടഭ്യര്‍ഥനയും ഉണ്ട്. മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലായി അമ്പതോളം ഫ്ലക്‌സുകളാണ് ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.