മധ്യതിരുവിതാംകൂറില്‍ മാറ്റത്തിന്റെ കാറ്റ്
ആര്‍ക്കും അനുകൂലമോ പ്രതികൂലമോ ആയ തരംഗങ്ങളൊന്നും ദൃശ്യമല്ലെങ്കിലും ഒരു മാറ്റത്തിനുള്ള അന്തര്‍ദാഹം മധ്യതിരുവിതാംകൂറില്‍ പ്രകടമാണ്. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും 2010-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ജനാധിപത്യത്തിന്റെ സംവാദമാണ് തിരഞ്ഞെടുപ്പ്. ജയം ഇവിടെ പ്രധാന ലക്ഷ്യമാണ്. എന്നാല്‍ അതിനപ്പുറം ജനങ്ങളുടെ അടുത്തേക്ക് ചില സന്ദേശങ്ങള്‍ എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമായും തിരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നവരുണ്ട്. ജനങ്ങള്‍ക്ക് അവരുടെ നേതാക്കളോട് ചില വ്യക്തമായ സന്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാനുള്ള സന്ദര്‍ഭവും ഇതുതന്നെ.
രാഷ്ട്രീയസാക്ഷരതയിലും മുന്നിട്ടു നില്‍ക്കുന്ന മധ്യതിരുവിതാംകൂറിന്റെ സമീപകാല രാഷ്ട്രീയ ചുവടുമാറ്റങ്ങളെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ജനാധിപത്യ ശക്തികളുടെ ഈ ശക്തിദുര്‍ഗം തങ്ങളുടെ പിന്തുണയെ 'ബ്ലാങ്ക് ചെക്കാ'യി ക്കണ്ട് തെറ്റായ വഴികള്‍ തിരഞ്ഞെടുക്കുന്നവരെ കൈയോടെ പിടികൂടി ശിക്ഷിക്കാനും മടികാണിച്ചിട്ടില്ല. യു.ഡി.എഫിനും ഇടതുമുന്നണിക്കും ബി.ജെ.പി.ക്കുമൊക്കെ ഈ 'തിരുത്തലി'ന്റെ ചൂട് അറിയേണ്ടിവന്നിട്ടുണ്ട്. 2011-ലെ ജനവിധിയും വ്യത്യസ്തമാകില്ല എന്നതാണ് പ്രചാരണത്തിന്റെ അവസാന നാളുകള്‍ നല്‍കുന്ന ചിത്രം. മുന്‍വിധികളും അമിത പ്രതീക്ഷകളും അപകടം ചെയ്യുമെന്നുറപ്പിക്കാം.
'അന്തിമവിധി'നാള്‍ അടുത്തെത്തിയിരിക്കെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പ് നല്‍കിയ 'ഷോക്ക് ട്രീറ്റ്‌മെന്റ്' യു.ഡി.എഫ്. മറക്കാനാഗ്രഹിക്കുന്ന ഒന്നായിരുന്നു. സംസ്ഥാനമാകെ വീശിയ ഇടത് കൊടുങ്കാറ്റില്‍ യു.ഡി.എഫിന്റെ ശക്തിദുര്‍ഗങ്ങള്‍ ആടിയുലഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 22 മണ്ഡലങ്ങളില്‍ പന്ത്രണ്ടും ജയിച്ച് ഇടതുമുന്നണി എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കി. കോട്ടയത്തെ 10 മണ്ഡലങ്ങള്‍ തുല്യമായി പകുത്തെടുത്തപ്പോള്‍ ഇടുക്കിയില്‍ അഞ്ചില്‍ ഒരിടത്തുമാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. പത്തനംതിട്ടയില്‍ ഏഴില്‍ നാലു മണ്ഡലങ്ങളില്‍ മുന്നിലെത്തി കഷ്ടിച്ച് മുഖം രക്ഷിച്ചതാണ് യു.ഡി.എഫിന്റെ ചരിത്രം.
മണ്ഡലപുനഃസംഘടന കൊണ്ട് ഏറ്റവും വലിയ നഷ്ടമുണ്ടായതും ഈ മേഖലയിലാണ്. മൂന്നു മണ്ഡലങ്ങള്‍ (വാഴൂര്‍, കല്ലൂപ്പാറ, പത്തനംതിട്ട) ഇല്ലാതായതോടെ ഇത്തവണ 19 മണ്ഡലങ്ങളാണ് ശേഷിക്കുന്നത് (കോട്ടയം-9, പത്തനംതിട്ട-5, ഇടുക്കി-5). ആലപ്പുഴ റവന്യൂ ജില്ലയുടെകണക്കില്‍പ്പെടുത്തിയിരുന്ന പന്തളവും ഇതോടൊപ്പം ചിത്രത്തിലില്ലാതായി. പന്തളം സംവരണമണ്ഡലമായ അടൂരില്‍ ലയിപ്പിച്ചിരിക്കുകയാണ്.
തരംഗങ്ങളെവിടെ?
ഇത്തവണ രാഷ്ട്രീയ ജ്യോതിഷികള്‍ കൂട്ടലും കിഴിക്കലും നടത്തുമ്പോള്‍ ചോദ്യം ഒന്നേയുള്ളൂ: 2006-ലെ നേട്ടം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കാകുമോ? തിരിച്ചടികളില്‍നിന്ന് കരകയറി തങ്ങളുടെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ജനാധിപത്യ മുന്നണി സജ്ജരാണോ? ചില അവിശുദ്ധ നീക്കങ്ങളിലൂടെ വോട്ട് കച്ചവടക്കാരെന്ന് മുദ്രകുത്തപ്പെട്ട ബി.ജെ.പി.ക്ക് തങ്ങളുടെ 'രാഷ്ട്രീയ ഇടം' വേര്‍തിരിച്ച് കാട്ടാന്‍, ഇത്തവണയെങ്കിലും കഴിയുമോ? ആര്‍ക്കും അനുകൂലമോ പ്രതികൂലമോ ആയ തരംഗങ്ങളൊന്നും ദൃശ്യമല്ലെങ്കിലും ഒരു മാറ്റത്തിനുള്ള അന്തര്‍ദാഹം മധ്യതിരുവിതാംകൂറില്‍ പ്രകടമാണ്. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും 2010-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ യു.ഡി.എഫിന് പൂര്‍ണ മേധാവിത്വമായിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ ജനവികാരം മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെട്ടു. ഇടതുപക്ഷത്തിന്റെ ജനപിന്തുണ ക്രമാനുഗതമായി കുറഞ്ഞുവരുന്നതാണ് പൊതുവെ ദൃശ്യമായത്. 2011 ഇതില്‍നിന്ന് വ്യത്യസ്തമാകുമോ? സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന ഉറച്ചവിശ്വാസത്തില്‍ ഇടതു കേന്ദ്രങ്ങള്‍ 2006 ആവര്‍ത്തിക്കുമെന്ന് ഉറപ്പിക്കുമ്പോള്‍, ലോക്‌സഭാ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ വിജയം ആവര്‍ത്തിക്കുമെന്നതില്‍ യു.ഡി.എഫ്. കേന്ദ്രങ്ങള്‍ക്ക് സംശയമില്ല. ഭാവിമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തില്‍ മേധാവിത്വം ഉറപ്പിക്കേണ്ടതുണ്ട്.
നങ്ങളുടെ രാഷ്ട്രീയം
കത്തോലിക്കാസഭയുടെ ഇടയലേഖനങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സമദൂരനിലപാടുകളും എസ്.എന്‍.ഡി.പി.യുടെ കണക്കുകൂട്ടലുകളും രാഷ്ട്രീയ അജന്‍ഡകള്‍ തന്നെ മാറ്റിമറിക്കുന്ന കാലമാണിത്. ഇടതുമുന്നണി സര്‍ക്കാറിന്റെ വിദ്യാഭ്യാസനയങ്ങളാണ്, പ്രത്യേകിച്ചും സ്വാശ്രയമേഖലയില്‍, കടുത്ത എതിര്‍പ്പിനും സാമുദായിക ചേരിതിരിവിനും കാരണമായത്. ഇടയലേഖനങ്ങളിലൂടെ വിശ്വാസികളെ ഉണര്‍ത്തിയ കത്തോലിക്കാസഭ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ രണ്ടാം വിമോചനസമരമായി കാണാന്‍ ഉപദേശിച്ചു. ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തും ഇതേ വികാരം കെട്ടണയാതെ സൂക്ഷിച്ചുവെങ്കില്‍ 2011-ല്‍ ക്രൈസ്തവസഭയുടെ നിലപാടുകളില്‍ പഴയ തീവ്രതയില്ലെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇക്കുറി ഇടയലേഖനങ്ങള്‍ ഇതേവരെ പുറത്തിറങ്ങാത്തത് ഇടതുപക്ഷത്തെ ആശ്വസിപ്പിക്കുന്നുമുണ്ട്. എന്നാല്‍ കത്തോലിക്കാമെത്രാന്‍ സമിതിയുടെ കീഴിലുള്ള ജാഗ്രതാകമ്മീഷന്റെ ആഹ്വാനം യു.ഡി.എഫ്. കേന്ദ്രങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ്. കമ്മീഷന്റെ പ്രസിദ്ധീകരണമായ 'ജാഗ്രത'യുടെ മുഖ്യപ്രസംഗം മതവിശ്വാസത്തെ രാഷ്ട്രീയ അധികാരത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആശയപരമായും ജനാധിപത്യപരമായും നേരിടാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇരു മുന്നണികളുടെയും പ്രകടനപത്രികകള്‍ താരതമ്യം ചെയ്തുകൊണ്ട് എന്‍.എസ്.എസ്. മുഖപത്രമായ സര്‍വീസില്‍ വന്ന മുഖപ്രസംഗം സംഘടനയുടെ സമദൂര നിലപാടിന്റെ തുടര്‍ച്ച തന്നെ. സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുകൂടി ആശ്വാസം നല്‍കണമെന്ന എസ്.ആര്‍. സിഹ്ന അധ്യക്ഷനായുള്ള ദേശീയ കമ്മീഷന്റെ ശുപാര്‍ശകള്‍ കേന്ദ്രം നടപ്പാക്കുന്ന മുറയ്ക്ക് കേരളത്തിലും നടപ്പാക്കുമെന്ന യു.ഡി.എഫിന്റെ വാഗ്ദാനം തങ്ങളുടെ നിലപാടുകളുടെ അംഗീകാരമായി എന്‍.എസ്.എസ്. കാണുന്നുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈഴവ സമുദായത്തോട് ഇരു മുന്നണികളും നീതി കാട്ടിയില്ലെന്ന പരാതി എസ്.എന്‍.ഡി.പി. നേതൃത്വത്തിനുണ്ട്. അതിനാല്‍ മുന്നണിയോ സമുദായമോ നോക്കാതെ എസ്.എന്‍.ഡി.പി.യുടെ നിലപാടുകള്‍ അംഗീകരിക്കുന്നവരെ ഇത്തവണ പിന്തുണയ്ക്കുമെന്ന യോഗനേതൃത്വത്തിന്റെ പരസ്യ നിലപാട് ഇടതുമുന്നണിക്കാവും ദൂഷ്യം ചെയ്യുക. 2006-ല്‍ എസ്.എന്‍.ഡി.പി. ഭൂരിഭാഗം മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികളെയാണ് പിന്തുണച്ചിരുന്നത്.
ക്രൈസ്തവസഭകള്‍ ഇടതുമുന്നണിയോട് 'വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ചതും പ്രകോപനപരമായ പരസ്യപ്രസ്താവനകള്‍ക്ക് ഇടവേള നല്‍കിയതും തന്ത്രപരമായ നീക്കമായി കാണുന്നവരുണ്ട്. യു.ഡി.എഫിന് അനുകൂലമായി അവരുടെ ഇടയില്‍ ഉണ്ടാകുന്ന ധ്രുവീകരണം ഭൂരിപക്ഷ വിഭാഗങ്ങളില്‍ എതിര്‍ചലനമുണ്ടാക്കുമെന്നതാണ് കാരണം. അത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പി.യേക്കാള്‍ ഇടതുമുന്നണിക്കാവും അതിന്റെ ഗുണം കിട്ടുകയെന്നും സഭാനേതൃത്വം തിരിച്ചറിയുന്നുണ്ട്.
'വിലങ്ങ് ' വി.എസ്സിന്
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കോട്ടയിലും ഇടതുമുന്നണിയുടെ തേരാളിയായി എത്തിയത് വി.എസ്. അച്യുതാനന്ദന്‍ തന്നെ. ഇടതുമുന്നണിയുടെ പ്രകടനപത്രികയെപ്പറ്റി ആരും ഇവിടെ സംസാരിക്കുന്നില്ല. വി.എസ്. എന്ന ജീവനുള്ള പ്രകടനപത്രികയെയാണ് ഇടതുമുന്നണി മധ്യതിരുവിതാംകൂറിലും അവതരിപ്പിച്ചത്. വന്‍ ജനക്കൂട്ടമാണ് വി.എസ്സിനെ വരവേറ്റത്. പക്ഷേ, അത് കോട്ടയത്തും പത്തനംതിട്ടയിലും മാത്രമായി ഒതുക്കേണ്ടിവന്നു. സി.പി.എം. ജില്ലാ ഘടകത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വി.എസ്സിന്റെ സംസ്ഥാന പര്യടനപരിപാടിയില്‍നന്ന് ഇടുക്കി ജില്ലയെ ഒഴിവാക്കിയെന്ന ആക്ഷേപത്തിന് വ്യക്തമായ മറുപടി ഇനിയും വന്നിട്ടില്ല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ വി.എസ്സും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മിലുള്ള കടുത്ത ഭിന്നത നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വി.എസ്. എന്ന പോരാളിക്ക് ഇടുക്കിയില്‍ ഊരുവിലക്ക് പ്രഖ്യാപിച്ചത് യു.ഡി.എഫിന് പ്രചാരണ വിഷയമായിട്ടുണ്ട്.
സ്ത്രീപീഡകരെ കൈയാമം വെച്ചു തെരുവിലൂടെ നടത്തുമെന്ന സ്വന്തം പ്രഖ്യാപനവും കോട്ടയത്ത് വി.എസ്സിന് ബുദ്ധിമുട്ടുണ്ടാക്കി. കിളിരൂര്‍ കേസിലെ 'വി.ഐ.പി.'യെ അഞ്ചു വര്‍ഷമായിട്ടും കൈയാമം വെക്കാനോ ആളാരാണെന്ന് പരസ്യപ്പെടുത്താനോ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.
സിന്ധുജോയിയുടെ വരവ്
2011-ലെ നിയമസഭാതിരഞ്ഞെടുപ്പിലെ 'താരോദയ'വും കോട്ടയത്തുതന്നെയാണുണ്ടായത്. സ്ഥാനാര്‍ഥിയല്ലാത്ത ഈ താരം സിന്ധുജോയി തന്നെ. വി.എസ്. അച്യുതാനന്ദന്‍ കോട്ടയം ഇളക്കിപ്പോയതിന് തൊട്ടുപിന്നാലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് അവരുടെ തീപ്പൊരി യുവജനനേതാവായ സിന്ധുജോയി യു.ഡി.എഫ്. വേദിയില്‍ എത്തിയത്. അതും 2006-ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അവര്‍ വീറോടെ മത്സരിച്ച പുതുപ്പള്ളിയില്‍. പാര്‍ട്ടിയില്‍ തന്നെപ്പോലുള്ളൊരു വനിതയെ സംരക്ഷിക്കാന്‍ കഴിയാത്ത വി.എസ്സിന് എങ്ങനെ കേരളത്തിലെ സ്ത്രീകളുടെ രക്ഷകനാവാന്‍ കഴിയുമെന്ന ചോദ്യമാണ് സിന്ധുജോയി ഉന്നയിച്ചത്. മലമ്പുഴയില്‍ വി.എസ്സിനെ നേരിടാനുള്ള ദൗത്യം ഇത്തവണ യു.ഡി.എഫ്. ഏല്പിച്ചത് കോട്ടയത്തുകാരിയായ വനിതാകോണ്‍ഗ്രസ് നേതാവിനെയാണെന്നതും യാദൃച്ഛികമല്ല.
തൊടുപുഴയില്‍ മുങ്ങിത്താഴാതെ
യു.ഡി.എഫ്. ഇത്തവണയും പതിവു തെറ്റിച്ചില്ല. മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞതോടെ അസ്വസ്ഥരായത് കേരളാകോണ്‍ഗ്രസ് ആണ്. കാരണം അവരുടെ ഉറച്ച മണ്ഡലങ്ങളായ വാഴൂരും കല്ലൂപ്പാറയും ഇല്ലാതായി. കോണ്‍ഗ്രസ്സിന് സിറ്റിങ് സീറ്റായ പത്തനംതിട്ടയും നഷ്ടപ്പെട്ടു. യു.ഡി.എഫില്‍ ഇത്തവണ സീറ്റ് പങ്കുവെക്കല്‍ കീറാമുട്ടിയാകുമെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. തൊടുപുഴയില്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന് മുന്നണിയില്‍ സീറ്റുവിഭജന ചര്‍ച്ച തുടങ്ങും മുമ്പേ കെ.എം. മാണി നടത്തിയ പ്രഖ്യാപനം കോണ്‍ഗ്രസ്സുകാരെ ഞെട്ടിച്ചു. 20 വര്‍ഷത്തിലേറെയായി തൊടുപുഴയില്‍ തങ്ങള്‍ എതിര്‍ത്തുപോന്ന പി.ജെ. ജോസഫിനെ ഉള്‍ക്കൊള്ളാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിമുഖരായിരുന്നു. പക്ഷേ, പാര്‍ട്ടി നേതൃത്വം ഇടപെട്ട് 'തീ അണച്ചു'വെങ്കിലും അതിന്റെ പുക ഇപ്പോഴും അങ്ങിങ്ങ് ഉയരുന്നുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക് വീഴാതെ പരിഹരിച്ചതോടെ യു.ഡി.എഫിന് ശ്വാസം വിടാമെന്നായി.
കണ്ണന്താനത്തിന്റെ ഒളിച്ചോട്ടം
പതിവിന് വിരുദ്ധമായി ഇടതുമുന്നണിയിലും ചില പൊട്ടിത്തെറികളുണ്ടായി. 2006-ല്‍ കാഞ്ഞിരപ്പള്ളി പിടിക്കാന്‍ ഇടതുമുന്നണി അവതരിപ്പിച്ച മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഇത്തവണ മണ്ഡല പുനഃസംഘടനയോടെ പൂഞ്ഞാറിലേക്ക് മാറാന്‍ തീരുമാനിച്ചു. പി.സി. ജോര്‍ജിനെതിരെ ഇടതുമുന്നണിക്കായി പ്രചാരണരംഗത്തിറങ്ങിയ കണ്ണന്താനം പൊടുന്നനെ മത്സരരംഗത്തുനിന്ന് പിന്മാറി ഇടതുകേന്ദ്രങ്ങളെ നിരായുധരാക്കി. ബി.ജെ.പി.യില്‍ ചേര്‍ന്ന് കണ്ണന്താനം അവരെ ഞെട്ടിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു പകരക്കാരനെ കണ്ടെത്താന്‍ വിഷമിച്ച ഇടതുപക്ഷം കോണ്‍ഗ്രസ് വിമതനായി രംഗത്തുവന്ന ജോര്‍ജ് ജെ. മാത്യുവിനെ പിന്തുണയ്ക്കാന്‍ തയ്യാറെടുത്തതാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടല്‍ ആ കണക്കു കൂട്ടലും തെറ്റിച്ചു. ജോര്‍ജ് ജെ. മാത്യു മത്സരരംഗത്തുനിന്ന് പിന്മാറിയപ്പോള്‍ മോഹന്‍ തോമസ് എന്ന സ്വതന്ത്രനെ പിന്താങ്ങാന്‍ ഇടതുപക്ഷം നിര്‍ബന്ധിതരായി.
ലീഡര്‍മാരുടെ തട്ടകം
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കേരളകോണ്‍ഗ്രസ്സിന്റെ ഒരേയൊരു ലീഡര്‍ കെ.എം. മാണി, മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ്‌ജോസഫ്, സി.എഫ്. തോമസ്, പൂഞ്ഞാറില്‍ അഞ്ചാം വട്ടവും ജനവിധി തേടുന്ന പി.സി. ജോര്‍ജ്. കോട്ടയത്ത് നീണ്ട താരനിരയാണ് ഇത്തവണ. ഇവര്‍ക്കൊപ്പം ചങ്ങനാശ്ശേരിയില്‍ ഇടതുപക്ഷത്തിന്റെ കൊടിയേന്തി മുന്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാലും ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന സി.പി.എമ്മിന്റെ 'ഗ്ലാമര്‍'താരം കെ. സുരേഷ് കുറുപ്പും ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിനു നിറം കൂട്ടുന്നു. പൂഞ്ഞാറിലെ ആശയക്കുഴപ്പമൊഴിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണം നേരത്തേ പൂര്‍ത്തിയാക്കി പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷം നേരിയ മുന്‍തൂക്കം നേടുകയും ചെയ്തു. മറുഭാഗത്ത് യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും പതിവുപോലെ തര്‍ക്കങ്ങളും തടസ്സങ്ങളും നീണ്ടുപോയത് അണികളില്‍പ്പോലും ആശയക്കുഴപ്പമുണ്ടാക്കി. 31 വര്‍ഷമായി ചങ്ങനാശ്ശേരിയുടെ പ്രതിനിധിയായ സി.എഫ്. തോമസിനെതിരെ കേരള കോണ്‍ഗ്രസ്സിലെ യുവജനവിഭാഗം നടത്തിയ നീക്കമാണ് അതില്‍ പ്രധാനം. അത് പരിഹരിച്ച് കെ.എം. മാണി ഒരിക്കല്‍ക്കൂടി സി.എഫ്. തോമസില്‍ അണികളുടെ വിശ്വാസം ഉറപ്പിച്ചുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരുടെ പരിഭവം മാറിയിട്ടില്ല.
പ്രചാരണം അവസാന റൗണ്ടില്‍ എത്തിയതോടെ യു.ഡി.എഫും പടലപ്പിണക്കങ്ങള്‍ക്ക് അവധികൊടുത്ത് വീറോടെ രംഗത്തുണ്ട്. 2006-ല്‍ അഞ്ചു മണ്ഡലങ്ങള്‍ കൈവിട്ടുപോയത് ജനാധിപത്യചേരിയിലെ ഭിന്നിപ്പുകൊണ്ടാണെന്ന് അവരുടെ നേതൃത്വം തിരിച്ചറിയുന്നു. ഈ യോജിപ്പ് ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും പ്രതിഫലിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നവര്‍ ഉറപ്പിക്കുന്നു. മൂന്നു തവണയൊഴിച്ച് എല്ലായ്‌പ്പോഴും ഇടതുപക്ഷത്ത് ഉറച്ചുനിന്നിട്ടുള്ള വൈക്കത്തുപോലും ഇത്തവണ അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
എന്നാല്‍ 2006-നേക്കാള്‍ മെച്ചപ്പെട്ട ഒരു ഫലമാണ് ഇടതുപക്ഷ നേതൃത്വം പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫ്. ഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ തങ്ങള്‍ അവതരിപ്പിച്ച സ്ഥാനാര്‍ഥികള്‍ ഒരു 'മാറ്റ'ത്തിന് ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാവുന്നതാണ്. കോട്ടയത്ത് സിറ്റിങ് എം.എല്‍.എ.യായ വി.എന്‍. വാസവന്റെ ജനകീയ പ്രതിച്ഛായ തന്നെയാണ് ശക്തി.
എന്നാല്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം തന്നെ ജില്ലയില്‍ ജനാധിപത്യ ശക്തികള്‍ക്ക് ഊര്‍ജം പകരുന്നു.
അടിയൊഴുക്കുകള്‍ ഭയന്ന് പത്തനംതിട്ട
മണ്ഡല പുനര്‍നിര്‍ണയം രാഷ്ട്രീയ ചിത്രം ഏതാണ്ട് പൂര്‍ണമായി മാറ്റിവരച്ച ജില്ലയാണ് പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള ആറന്മുളയടക്കമുള്ള അഞ്ചു മണ്ഡലങ്ങളിലും അതിനാല്‍ ഇരു മുന്നണികള്‍ക്കും പ്രതീക്ഷ വെച്ചുപുലര്‍ത്താവുന്ന സാഹചര്യങ്ങളുണ്ട്. രാഷ്ട്രീയമോ സാമുദായികമോ ആയ ധ്രുവീകരണം ദൃശ്യമല്ലെങ്കിലും ലോക്‌സഭയിലേക്കും ത്രിതല പഞ്ചായത്തുകളിലേക്കും നടന്ന വോട്ടെടുപ്പിന്റെ ഫലങ്ങള്‍ യു.ഡി.എഫ്. ക്യാമ്പിന് ആത്മവിശ്വാസം പകരുന്നതാണ്. എന്നും വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ജില്ല എന്ന ലേബല്‍ 2006-ല്‍ത്തന്നെ പത്തനംതിട്ട ഉപേക്ഷിച്ചതാണ്. ഏറ്റവുമധികം വിദേശ ഇന്ത്യക്കാരുള്ള ജില്ലകളിലൊന്നാണ് ഇത്. അതിനാല്‍ത്തന്നെ അവരുടെ നിലപാടുകള്‍ വോട്ടിങ്ങില്‍ പ്രതിഫലിക്കുകയും ചെയ്യും. വിമതശല്യം ഇരു മുന്നണികളിലും ഇല്ലെങ്കിലും ചില മൗനപ്രതിഷേധങ്ങള്‍ മുന്നണി നേതൃത്വങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും ഇതു പ്രകടമാണ്. തിരുവല്ലയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന കേരള കോണ്‍ഗ്രസ്സിലെ ജോസഫ് എം. പുതുശ്ശേരി പാര്‍ട്ടി നേതൃത്വം തന്നോട് അനീതികാട്ടിയെന്ന് പരസ്യമായി പറഞ്ഞു. അദ്ദേഹം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിക്ടര്‍ ടി. തോമസിനുവേണ്ടി ഇതേവരെ പരസ്യ പ്രചാരണത്തിന് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ്സില്‍ ഡി.സി.സി. പ്രസിഡന്റ് മോഹന്‍രാജ് ഇത്തവണയും തഴയപ്പെട്ടു.
രണ്ടു സിറ്റിങ് എം.എല്‍.എ.മാര്‍ ഏറ്റുമുട്ടുന്ന ആറന്മുളയില്‍ ഉശിരന്‍ പോരാട്ടമാണ് നടക്കുന്നത്. പത്തനംതിട്ട നഗരസഭയിലും ഒന്‍പതു പഞ്ചായത്തുകളിലും ആധിപത്യമുള്ള യു.ഡി.എഫിന് തങ്ങളുടെ സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായരുടെ വിജയത്തില്‍ സംശയമില്ല. എന്നാല്‍ മണ്ഡലത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കെ.സി. രാജഗോപാലിന് വോട്ടായി മാറുമെന്ന് സി.പി.എം. ഉറപ്പിക്കുന്നു.
തരംഗങ്ങളില്ലാത്ത ഇടുക്കി
2006-ല്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച ജനവിധിയാണ് ഇടുക്കിയിലുണ്ടായത്. ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ ഒന്നൊഴിച്ച് എല്ലായിടത്തും ഇടതുമുന്നണിയെയാണ് ജില്ല പിന്തുണച്ചത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മിക്കവാറും യു.ഡി.എഫിനെ സ്വീകരിച്ചിട്ടുള്ള ജില്ലയ്ക്ക് വഴിമാറി നടക്കാനും മടിയില്ല എന്ന് തെളിയുകയായിരുന്നു. എന്നാല്‍ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ശക്തമായ തിരിച്ചുവരവ് നടത്തുന്നതും കണ്ടു. ഏകനഗരസഭയില്‍ 53-ല്‍ 43 ഗ്രാമപ്പഞ്ചായത്തുകളിലും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആധിപത്യമുറപ്പിച്ച യു.ഡി.എഫ്. ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷത്തെ തുടച്ചുനീക്കുകയും ചെയ്തു. പി.ജെ. ജോസഫും പാര്‍ട്ടിയും യു.ഡി.എഫിലേക്ക് വന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് കേരള കോണ്‍ഗ്രസ്സുകാര്‍ പറയുമെങ്കിലും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനുള്ള ക്രെഡിറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
തൊടുപുഴയിലെ സീറ്റ് തര്‍ക്കം പരിഹരിച്ചതോടെ യു.ഡി.എഫ്. ജില്ലയില്‍ തിരിച്ചുവരവിന്റെ പാതയിലാണ് പി.ജെ. ജോസഫിനെതിരെ അദ്ദേഹത്തിന്റെ പഴയ അനുയായിയായ പ്രൊഫ. ജോസഫ് അഗസ്റ്റിനെയാണ് ഇടതുപക്ഷം സ്വതന്ത്ര വേഷത്തിലിറക്കിയിട്ടുള്ളത്. ഭൂമികൈയേറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ദേവികുളത്ത് സിറ്റിങ് എം.എല്‍.എ.യായ എസ്. രാജേന്ദ്രനെ നേരിടുന്നത് കോണ്‍ഗ്രസ്സിലെ മുന്‍ എം.എല്‍.എ. എ.കെ. മണിയാണ്. തമിഴ് വംശജരായ തോട്ടം തൊഴിലാളികള്‍ നിറഞ്ഞ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ 3400 പട്ടയങ്ങള്‍ സംസാരവിഷയമാണ്. മുന്‍ ഐ.എന്‍.ടി.യു.സി. നേതാവ് കുപ്പുസാമി എല്‍.ഡി.ഫിനുവേണ്ടി പ്രചാരണം നടത്തുന്നതും എ.കെ. മണിക്ക് ഭീഷണിയാണ്.
ഉടുമ്പന്‍ചോലയിലും പ്രധാനവിഷയം പട്ടയം തന്നെ. സിറ്റിങ് എം.എല്‍.എ. സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രനെ നേരിടുന്നത് കോണ്‍ഗ്രസ്സിലെ പുതുമുഖമായ ജോസ്സി സെബാസ്റ്റ്യനാണ്. ഇടുക്കിയില്‍ വികസനം പ്രചാരണായുധമാക്കി കേരള കോണ്‍ഗ്രസ്സിലെ യുവജന നേതാവ് റോഷി അഗസ്റ്റിന്‍ ഹാട്രിക് വിജയം ലക്ഷ്യമാക്കി കുതിക്കുകയാണ്. സി.പി.എമ്മിലെ സി.വി. വര്‍ഗീസാണ് ഒരിക്കല്‍ക്കൂടി റോഷിയെ തടയാന്‍ ശ്രമിക്കുന്നത്. പീരുമേട്ടില്‍ സിറ്റിങ് എം.എല്‍.എ. സി.പി.ഐ.യിലെ ഇ.എസ്. ബിജിമോളെ നേരിടുന്നത് സുപരിചിതനായ കോണ്‍ഗ്രസ് നേതാവ് ഇ.എം. ആഗസ്തിയാണ്.






