Random Posts

Monday, April 11, 2011

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ രണ്ടായി കുറച്ചു


ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ രണ്ടുകേന്ദ്രങ്ങളിലായി നടക്കും. ചേര്‍ത്തല, അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് എന്നീ അഞ്ചുമണ്ഡലങ്ങളിലെ വോട്ടുകള്‍ ആലപ്പുഴ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ നാലുമണ്ഡലങ്ങളിലെവോട്ടുകള്‍ മറ്റം സെന്റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് എണ്ണുന്നത്. കേന്ദ്രീകൃത വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വേണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന് വരണാധികാരി കളക്ടര്‍ പി.വേണുഗോപാല്‍ അറിയിച്ചു.
നേരത്തെ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചിയിച്ചിരുന്നു. എന്നാല്‍ നിരീക്ഷകരായി രണ്ടുപേര്‍ മാത്രമേ ജില്ലയിലുള്ളു. ഈ സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ രണ്ടായിചുരുങ്ങിയത്. ഏപ്രില്‍ 13 ന് വോട്ടെണ്ണലിനുശേഷം ഒന്‍പത് മണ്ഡലങ്ങളിലെയും വോട്ടിങ്‌യന്ത്രങ്ങള്‍ കനത്ത സുരക്ഷയില്‍ രണ്ടു കേന്ദ്രങ്ങളിലുമായി എത്തിക്കും. നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക.
അതീവപ്രശ്‌നസാധ്യതയുള്ളതായികണ്ടെത്തിയ ഏഴുപോളിങ് ബൂത്തുകളില്‍ വെബ്ക്യാമറസ്ഥാപിച്ച് തത്‌സമയ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തും. പോളിങ് സമയത്തും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും വൈദ്യുതി തടസ്സം വരരുതെന്ന് കെ.എസ്.ഇ.ബീ. അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെല്ലാം പോലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പാസ് ഇല്ലാതെ പ്രചാരണം നടത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. നിരീക്ഷകരായ എം. ചന്ദ്രശേഖരന്‍, എം.എ. നര്‍മ്മവാല എന്നിവരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തി.