
വികസനകാര്യത്തില് എല്.ഡി.എഫ്. സര്ക്കാര് പഴഞ്ചന് നിലപാടുകളാണ് കൈക്കൊള്ളുന്നതെന്നും കേന്ദ്രം ആവിഷ്കരിക്കുന്ന പദ്ധതികള് നടപ്പാക്കുന്നതിനോട് സംസ്ഥാനം മുഖംതിരിച്ചു നില്ക്കുകയാണെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് ആരോപിച്ചു. യു.ഡി.എഫ്. സ്ഥാനാര്ത്ഥികളുടെ പ്രചരാണാര്ത്ഥം നടന്ന പൊതുസമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ഗവണ്മെന്റുമായി കൈകോര്ത്തുകൊണ്ടു മാത്രമേ സംസ്ഥാന സര്ക്കാരുകള്ക്ക് വികസനപദ്ധതികള് നടപ്പാക്കാനും സ്ഥായിയായ പുരോഗതി കൈവരിക്കാനും കഴിയുകയുള്ളൂ. ബി.ഒ.ടി. പോലെയുള്ള സംവിധാനങ്ങള് പശ്ചാത്തല സൌകര്യങ്ങളുടെ അടിസ്ഥാന വികസനത്തിന് ആവശ്യമാണ്.
പാര്ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ കേരളം സന്ദര്ശിച്ചപ്പോള് സംസ്ഥാന സര്ക്കാരിന്റെ ഈ നയവൈകല്യങ്ങള് ഞാന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല് തങ്ങളുടെ പഴഞ്ചന് നിലപാടുമായി മുന്നോട്ടുപോയ സംസ്ഥാന സര്ക്കാര് കേന്ദ്രത്തെ പഴിചാരാനാണ് ശ്രമിച്ചത്. കേരളത്തിന്റെ വികസനത്തില് ഏറെ താത്പര്യമുള്ള സര്ക്കാരാണ് കേന്ദ്രത്തിലുള്ളത്. കേരളത്തില് നിന്നുള്ള കേന്ദ്രമന്ത്രിമാരും യു.ഡി.എഫ്. എം.പിമാരും യഥാസമയം പദ്ധതികള് ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില് ബദ്ധശ്രദ്ധരാണ്. കേരളത്തിന്റെ ഭാവി മുന്നില് കണ്ടുകൊണ്ട് കേന്ദ്രം ആവിഷ്കരിക്കുന്ന പദ്ധതികള് നടപ്പാക്കുന്നതിനോട് മുഖംതിരിഞ്ഞു നില്ക്കുകയാണ് സംസ്ഥാന സര്ക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്മെന്റിന്റെ വിപരീത സമീപനംമൂലം വന് പദ്ധതികള് പലതും തുടങ്ങാന് കഴിയാതിരിക്കുകയോ പൂര്ത്തിയാക്കാതെ കിടക്കുകയോ ആണ്. മാനവവിഭവശേഷിയില് മുന്നിട്ടു നില്ക്കുന്ന കേരളത്തിന് അയല്സംസ്ഥാനങ്ങള്ക്കൊപ്പം പുരോഗതി കൈവരിക്കാന് കഴിയുന്നില്ല. മൂലധന നിക്ഷേപം വേണ്ടവണ്ണം വരുന്നില്ല. തൊഴിലവസരങ്ങള് വര്ദ്ധിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ വികലമായ വികസന കാഴ്ചപ്പാടിന് ദൃഷ്ടാന്തമാണ് പശ്ചിമബംഗാള്. 35 വര്ഷത്തെ ഭരണത്തിനുശേഷവും അവിടം പുരോഗതി അന്യമാണ്. ഈ അവസ്ഥ തുടര്ന്നാല് കേരളത്തിനും ബംഗാളിന്റെ സ്ഥിതി വരും.






