Random Posts

Sunday, April 3, 2011

വോട്ട് മായ്ക്കാന്‍ 'ദിവ്യന്‍' ശിവകാശിയില്‍ നിന്നുമെത്തുന്നു




തെന്മല:വോട്ട് മായ്ക്കാനുള്ള 'ദിവ്യൗഷധം' തേടി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശിവകാശിയിലേക്ക്. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടെടുപ്പ് ഇക്കുറി ഒരേ ദിവസമായതിനാല്‍ രണ്ടിടത്തും വോട്ടുള്ളവരെ ലക്ഷ്യമിട്ടാണ് ഇത് ഇറക്കുന്നത്.

ശിവകാശിയിലെ (തമിഴ്‌നാട്) പ്രിന്റിങ് പ്രസ്സുകള്‍ കേന്ദ്രീകരിച്ചാണ് വോട്ട് മായ്ക്കല്‍ ദ്രാവകം നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍, ദിവ്യന്‍, ആസിഡ് എന്നിങ്ങനെ പല പേരുകള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഈ ദ്രാവകത്തിനുണ്ട്.

ഫോര്‍ കളര്‍ ഓഫ്‌സെറ്റ് പ്രസ്സുകളില്‍ മെഷീന്‍ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുവിനോട് പ്രത്യേക അളവില്‍ ആസിഡ് ചേര്‍ത്താണ് ഇവ നിര്‍മ്മിക്കുക. 750 മില്ലിഗ്രാമിന് 2,500 രൂപയാണ് ശിവകാശിയില്‍ വില.

കൊല്ലം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഭൂരിഭാഗം തമിഴ്‌വംശജര്‍ക്കും കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ കാര്‍ഡും വോട്ടുമുണ്ട്. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി രണ്ടിടത്തും വോട്ടെടുപ്പ് ഒരേ ദിവസമായതിനാല്‍ കേരളത്തിലുള്ള തമിഴ്‌വംശജരെ വമ്പന്‍ ഓഫറുകള്‍ നല്‍കി കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് എത്തിക്കാന്‍ അവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. ഇതിനിടെയാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടുള്ളവരെ പിടിക്കാന്‍ അതിര്‍ത്തിയിലെ രാഷ്ട്രീയനേതാക്കള്‍ 'ഔഷധ'സേവനം തേടുന്നത്.

കള്ളവോട്ട് ചെയ്യാതിരിക്കാന്‍ ബൂത്തില്‍വച്ച് വോട്ടറുടെ ചൂണ്ടുവിരലില്‍ പതിക്കുന്ന ഇന്‍ഡെലിബിള്‍ മഷിയാണ് രാസപദാര്‍ത്ഥംകൊണ്ട് നിമിഷത്തിനുള്ളില്‍ മായ്ക്കാനാകുന്നത്. പഞ്ഞിയില്‍ മുക്കി പദാര്‍ത്ഥം വിരലില്‍ ഒന്നുരച്ചാല്‍ മതി മഷി മാഞ്ഞുപോകും.

പിന്നീട് വോട്ടര്‍പ്പട്ടികയില്‍ പേരുള്ളയാള്‍ക്ക് അടുത്ത ബൂത്തിലെത്തി വോട്ട് ചെയ്യാനുമാകും. കാലങ്ങളായി ഈ ദ്രാവകം കള്ളവോട്ടിന് ഉപയോഗിക്കുന്നതായി പറയുന്നുണ്ടെങ്കിലും ഇക്കുറി കിഴക്കന്‍ മലയോരമേഖലയില്‍ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുമെന്നാണ് സൂചന.

അതിര്‍ത്തിയില്‍ ഇത്തരം വാഹനങ്ങള്‍ പിടികൂടാന്‍ വന്‍സന്നാഹം ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയതിനാല്‍ കെ.എസ്.ആര്‍.ടി.സി.ബസ് അടക്കമുള്ളവയില്‍ വോട്ടര്‍മാരെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കാനാണ് നീക്കം.