Random Posts

Saturday, April 9, 2011

വി.എസ്സിന്റെ ശ്രമം പാളയത്തിലെ പട മറയ്ക്കാന്‍ -വയലാര്‍ രവി

കണ്ണൂര്‍: സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത വി.എസ്.അച്യുതാനന്ദന്‍ ഇപ്പോള്‍ നടത്തുന്ന വെല്ലുവിളികള്‍ സ്വന്തം പാളയത്തിലെ പട മറച്ചുവെക്കാനാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്റെ ഭരണ നേട്ടങ്ങളെപ്പറ്റി പറയാം. പക്ഷെ എതിരാളികളെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പ്രതികാര രാഷ്ട്രീയമാണ് വി.എസ്. നടപ്പാക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം മാന്യത പുലര്‍ത്തേണ്ട പദവിയാണ് -കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ വയലാര്‍ രവി ഓര്‍മിപ്പിച്ചു.

വികസനം ലക്ഷ്യമിട്ടാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അഞ്ചുവര്‍ഷമായി നാടിന്റെ വികസനം മന്ദീഭവിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിനും സി.പി.എമ്മിനും ഒരവസരം കൂടി ചോദിക്കാന്‍ അര്‍ഹതയില്ല. കണ്ണൂരിലെ പി.ശശിയെപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയേണ്ടതുണ്ട്. പ്രകാശ് കാരാട്ടിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ വൃന്ദ കാരാട്ടിനെങ്കിലും ഇതിന് മറുപടി പറയാമെന്നും വയലാര്‍ രവി പറഞ്ഞു. ലതിക സുഭാഷിനെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സംബന്ധിച്ച് വൃന്ദ കാരാട്ട് പ്രതികരിക്കാത്തതില്‍ തനിക്ക് സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിയായിരുന്ന എ.രാജ ജയിലിലായത് ഇതിന് ഉദാഹരണമാണ്. പക്ഷെ സി.പി.എമ്മുമായും കേരള സര്‍ക്കാരുമായും ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങള്‍ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വയലാര്‍ രവി പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ദിനകരന്‍ കൊമ്പിലാത്ത് അധ്യക്ഷനായി. സെക്രട്ടറി ഒ.സി.മോഹന്‍രാജ് സ്വാഗതം പറഞ്ഞു.