
അറബിക്കടലിന്റെ റാണിക്ക് ഇന്നലെ പുലര്‍ച്ചെ പതിവില്ലാത്ത ചൈതന്യമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ രണ്ടു നക്ഷത്രങ്ങളുടെ സാന്നിദ്ധ്യത്താല്‍ ആവേശഭരിതമായിരുന്നു ഇന്നലത്തെ പ്രഭാതം.
സോണിയാഗാന്ധിയുടെ സാന്നിദ്ധ്യം കാരണം ഈച്ചയെപ്പോലും കടത്തിവിടാത്ത തരത്തിലുള്ള പഴുതില്ലാത്ത സുരക്ഷയായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ. അതിനാല്‍ എ.കെ ആന്റണിയുടെ മുറിക്ക് മുമ്പില്‍ പതിവുള്ള സൗഹൃദവലയങ്ങളില്ല. രാവിലെ 8.50ന് തന്റെ പതിവ് ചിരിയുമായി ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ ആന്റണി പൊലീസ് വ്യൂഹത്തിന്റെ അകമ്പടിയോടെ നേരെ പോയത് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പ് ഹൗസിലേക്ക്. കൃത്യം 9ന് കെ. എല്‍-22 എ2 വെളുത്ത ഇന്നോവ കാറില്‍ ആന്റണി ബിഷപ്പ് ഹൗസിലേക്ക് കടന്നുവന്നു. ഒപ്പം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, ഉമ്മന്‍ ചാണ്ടി, എ.സി ജോസ്, വി.ജെ പൗലോസ് എന്നിവരും. ബിഷപ്പ്മാരായ മാര്‍ തോമസ് ചക്യത്തും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും അദ്ദേഹത്തെ സ്വീകരിച്ചു. അല്‍പനേരം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ചിത്രത്തിനുമുമ്പില്‍ പ്രാര്‍ത്ഥനാനിരതനായി. അനുശോചനക്കുറിപ്പ് എഴുതിയശേഷം വീണ്ടും ഗസ്റ്റ് ഹൗസിലേക്ക്. അവിടെ സോണിയാഗാന്ധിയുമായി പത്ത് മിനിറ്റ് കൂടിക്കാഴ്ച.
9.50ന് സോണിയാഗാന്ധി ഹരിപ്പാട്ടേയ്ക്ക് പുറപ്പെട്ടു. എ.കെ. തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്കും. 9.30ന് ഞാറയ്ക്കലായിരുന്നു ആദ്യ പരിപാടി. ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങുമ്പോള്‍ 9.55. വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഗോശ്രീപാലം കടന്ന് ഞാറക്കലേയ്ക്ക്. കാറിനുള്ളില്‍ പ്രൊഫ. കെ.വി തോമസ്, വി.ജെ പൗലോസ്, അബ്ദുള്‍ മുത്തലിബ് എന്നിവരുമായി ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച. വഴിയരികില്‍ ഒന്നുരണ്ടു കുട്ടികള്‍ കൈവീശി കാട്ടിയപ്പോള്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ ആന്റണി ഒട്ടും പിശുക്കു കാട്ടിയില്ല. ഞാറയ്ക്കലെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി അജയ് തറയലിന്റെ തീപ്പൊരി പ്രസംഗം നടക്കുന്നു. ആന്റണി എത്തിയതോടെ ആള്‍ക്കൂട്ടം ഇളകിമറിഞ്ഞു. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വേദിയിലേയ്ക്ക്. ആന്റണി പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ പ്രവര്‍ത്തകര്‍ നിശബ്ദരായി. കണ്ണും കാതും കൂര്‍പ്പിച്ച് അവരിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആന്റണിയെയും ആന്റണിക്ക് പ്രവര്‍ത്തകരെയും നന്നായി അറിയാം. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇടത് സര്‍ക്കാരിന്റെ മര്‍മ്മത്തടിച്ച് പതുക്കെ പ്രസംഗം തുടങ്ങി. രാജ്യരക്ഷാമന്ത്രിയുടെ ഓരോ വാചകത്തിനും പ്രവര്‍ത്തകരുടെ കയ്യടി.
ചാറ്റല്‍ മഴയായി തുടങ്ങി ചന്നംപിന്നം പെയ്ത് പേമാരിയില്‍ അവസാനിപ്പിച്ചു. അതാണ് എ.കെ. ആന്റണി. ചുരുങ്ങിയ വാക്കുകളില്‍ പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും പ്രവര്‍ത്തകരെ പിടിച്ചിരുത്താനും ആന്റണിയോളം പോന്ന നേതാക്കള്‍ അപൂര്‍വ്വം. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗോശ്രീപാലം മറക്കരുതേയെന്ന് അഭ്യര്‍ത്ഥന.ജയിലിലാക്കാന്‍ വേണ്ടി മാത്രം ഒരു സര്‍ക്കാര്‍ വേണോ എന്ന് ആന്റണിയുടെ ചോദ്യത്തോട് പ്രവര്‍ത്തകര്‍ പ്രതികരിച്ചത് വൈപ്പിനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചിട്ടേ ഇനി വിശ്രമമുള്ളൂ എന്ന പ്രതിജ്ഞയോടെയായിരുന്നു.
മെയ് 13ന് പായസസദ്യ നടത്താന്‍ സാധനങ്ങള്‍ വാങ്ങി വച്ചോളു എന്ന ആശംസയോടെയാണ് ആന്റണി ഞാറയ്ക്കലെ വേദി വിട്ടത്. യാത്രാപരിപാടിയില്‍ ഒരു മണിക്കൂര്‍ താമസം വന്നതിനാല്‍ നല്ല വേഗത്തിലായിരുന്നു പിന്നീടുള്ള യാത്ര. സ്പീഡിനോട് കമ്പം പണ്ടേയില്ലെങ്കിലും സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നലത്തെ സ്പീഡ് ആന്റണി നന്നേ ആസ്വദിച്ചു.
മെയ് 13ന് പായസസദ്യ നടത്താന്‍ സാധനങ്ങള്‍ വാങ്ങി വച്ചോളു എന്ന ആശംസയോടെയാണ് ആന്റണി ഞാറയ്ക്കലെ വേദി വിട്ടത്. യാത്രാപരിപാടിയില്‍ ഒരു മണിക്കൂര്‍ താമസം വന്നതിനാല്‍ നല്ല വേഗത്തിലായിരുന്നു പിന്നീടുള്ള യാത്ര. സ്പീഡിനോട് കമ്പം പണ്ടേയില്ലെങ്കിലും സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നലത്തെ സ്പീഡ് ആന്റണി നന്നേ ആസ്വദിച്ചു.
11.15ന് പറവൂര്‍ മുനിസിപ്പല്‍ ജംഗ്ഷനിലെത്തിയെ പ്രതിരോധമന്ത്രിയെ ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. തന്റെ കൊച്ചനുജനായി വി.ഡി സതീശനെ വിശേഷിപ്പിച്ച ആന്റണി പ്രവര്‍ത്തകരെ കയ്യിലെടുത്തു. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയപോലെയാണ് ഇടതുഭരണമെന്ന് ആന്റണി പറഞ്ഞതോടെ മൈതാനം നിറഞ്ഞു കവിഞ്ഞ പ്രവര്‍ത്തകരുടെ ആവേശം ഉച്ചസ്ഥായിലായി. പ്രവര്‍ത്തകരെ കയ്യിലെടുക്കാനുള്ള തന്റെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഇവിടെ. 11.40ന് പറവൂരെ വേദി വിട്ട ആന്റണിയുടെ വാഹനവ്യൂഹം നേരെ കളമശ്ശേരി മണ്ഡലത്തിലെ തട്ടാംപടിയിലേയ്ക്ക്. 11.50ന് തട്ടാംപടിയിലെത്തിയ എ.കെ ആന്റണിയെ പഞ്ചവാദ്യത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എ.കെ യുടെ വാഹനവ്യൂഹം എത്തിയതോടെ പ്രവര്‍ത്തകര്‍ ആനന്ദനൃത്തം ചവുട്ടി. ആവേശോജ്വല രാഷ്ട്രീയത്തിന് ആമുഖമെഴുതിയ നേതാവേ, അങ്ങേക്കായിരം അഭിവാദ്യങ്ങള്‍' എന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വേദിയിലേയ്ക്ക്. സ്ഥാനാര്‍ത്ഥി വി.കെ ഇബ്രാഹിംകുഞ്ഞ് കടന്നുവന്നപ്പോള്‍ ആന്റണി അദ്ദേഹത്തെ സ്വീകരിച്ചു. അവിടുത്തെ അവിടുത്തെ ജനക്കൂട്ടം കണ്ടതോടെ ആന്റണിയും ഉഷാറായി. ഇടത് സര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ച ആന്റണിയുടെ പ്രസംഗത്തിലെ തമാശകള്‍ പ്രവര്‍ത്തകര്‍ നന്നായി ആസ്വദിച്ചു.
തട്ടാംപടിയില്‍ നിന്നും നേരെ ആലുവയിലേയ്ക്ക്. 12.15നാണ് പമ്പ് ജംഗ്ഷനില്‍ ആന്റണി പ്രസംഗിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു മണിക്കൂര്‍ വൈകി പ്രചരണം ആരംഭിച്ച ആന്റണി മിസൈല്‍ വേഗത്തില്‍ തന്റെ പര്യടനങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ച് മിനിറ്റ് മുമ്പേ ആലുവയിലെത്തി. പ്രവര്‍ത്തകരുടെ വികാരവായ്പുകള്‍ ഏറ്റുവാങ്ങിയും കൊടുംചൂട് വകവയ്ക്കാതെയുള്ള പര്യടനവും മൂലം അല്‍പം ക്ഷീണിതനായതിനാല്‍ നേരെ ആലുവ ഗസ്റ്റ് ഹൗസിലേയ്ക്ക്. അവിടെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് അല്‍പം വിശ്രമം. ഇടയ്ക്ക് ഡല്‍ഹിയില്‍ നിന്ന് മകന്റെ ഫോണ്‍. എ.കെ.യുടെ സന്തതസഹചാരി പ്രതാപന്‍ ഫോണ്‍ ആന്റണിക്ക് കൈമാറി. മകനുമായി അല്‍പനേരം സ്വകാര്യസംഭാഷണം. ഒപ്പമുണ്ടായിരുന്ന പ്രൊഫ. കെ.വി തോമസ് നേരെ യോഗസ്ഥലത്തേക്ക് പോയി. 12.45 ആയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശത്തിനു നടുവിലൂടെ പൊലീസ് വലയത്തില്‍ വേദിയിലേയ്ക്ക്. നിവേദനങ്ങളും ഓട്ടോഗ്രാഫും വാങ്ങാന്‍ അല്‍പം തിരക്ക്.
പ്രസംഗം അവസാനിച്ചശേഷം നേരെ മഹനാമി ഹെറിറ്റേജിലേയ്ക്ക്. അവിടെ അല്‍പം വിശ്രമം. മാധ്യമപ്രവര്‍ത്തകരോട് കുശലം പറഞ്ഞ് ഭക്ഷണഹാളിലേക്ക്. ചോറും അവിയലും തോരനും മീന്‍ പൊള്ളിച്ചതും ഇലസദ്യ ആന്റണിക്ക് നന്നേ പിടിച്ചു. പായസവും ആസ്വദിച്ചു. ഇടയ്ക്ക് രണ്ട് രൂപയ്ക്ക് അരി കൊടുക്കുന്നതിനെക്കുറിച്ചും, എച്ച്.എം.ടി പാക്കേജിനെക്കുറിച്ചുമൊക്കെയായി ചര്‍ച്ച. ഭക്ഷണത്തിനുശേഷം ഫോട്ടോ സെഷന്‍. നേതാക്കളുടെ തിരക്ക് കുറവായതിനാല്‍ അല്‍പനേരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഉച്ചമയക്കത്തിനുശേഷം 3 മണിയോടെ വി.ജെ പൗലോസിനും അബ്ദുള്‍ മുത്തലിബിനുമൊപ്പം പെരുമ്പാവൂരിലേയ്ക്ക്. ഇന്നലെ 11 പൊതുയോഗങ്ങളിലാണ് എ.കെ ആന്റണി പ്രസംഗിച്ചത്.






