Random Posts

Tuesday, April 12, 2011

സംഘര്‍ഷം, ആക്രമണം; പത്തുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ജില്ലയില്‍ നാലിടത്ത് സംഘര്‍ഷം. കായംകുളം, മാവേലിക്കര, വള്ളികുന്നം, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കായംകുളത്തുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ പത്തോളംപേര്‍ക്ക് പരിക്കേറ്റു. യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിനുനേരെ കല്ലേറും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടേതടക്കം പ്രചാരണവാഹനങ്ങള്‍ക്കുനേരെ ആക്രമണവും ഉണ്ടായി.

കായംകുളം പാര്‍ക്ക് ജങ്ഷനില്‍ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് നടത്തിയ ശക്തിപ്രകടനം വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ അടിച്ചോടിച്ചു. പിന്നീട് കോണ്‍ഗ്രസ് ഓഫീസിനുനേരെ കല്ലേറും യു.ഡി.എഫ്. സ്ഥാനാര്‍ഥി എം. മുരളിയുടേതടക്കമുള്ള പ്രചാരണവാഹനത്തിനുനേരെ ആക്രമണവുമുണ്ടായി. കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ സ്ഥാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞ് ലൈറ്റ് തകര്‍ത്തു. പരിക്കേറ്റ കായംകുളം പോലീസ്‌സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ്, സി.പി.എം. ഏരിയാ കമ്മിറ്റിയംഗം വാസുദേവന്‍ ഉണ്ണിത്താന്‍, എല്‍.ഡി.എഫ്. പ്രവര്‍ത്തകരായ നൗഫല്‍, ഹാഷിംസേഠ്, എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെ.സി.ടി. ബസ്സിനും രണ്ടു ബൈക്കുകള്‍ക്കും ആക്രമണത്തില്‍ നാശനഷ്ടമുണ്ടായി.

പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചശേഷം തുറന്ന ജീപ്പില്‍ എത്തിയ മാവേലിക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ഷാജുവിനെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു മാവേലിക്കരയില്‍ സംഘര്‍ഷം. അരമണിക്കൂറോളം നീണ്ട സംഘര്‍ഷംമൂലം നഗരം ഗതാഗതക്കുരുക്കിലായി.

യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ഷാജുവിന്റെ റോഡ്‌ഷോയുടെ സമാപനം മാവേലിക്കര നഗരത്തിലായിരുന്നു ഒരുക്കിയിരുന്നത്. മാവേലിക്കരയിലേക്ക് വരുംവഴി കല്ലുമല റെയില്‍വേഗേറ്റ് അടച്ചതിനാല്‍ പരസ്യപ്രചാരണം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് നഗരത്തില്‍ എത്താനായത്. മിച്ചല്‍ ജങ്ഷനുസമീപം സ്ഥാനാര്‍ഥിയുടെ വാഹനം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു. വിവരമറിഞ്ഞ് പോലീസും മിച്ചല്‍ ജങ്ഷനില്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്ന യു.ഡി.എഫ്. പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇരുമുന്നണിയിലെ പ്രവര്‍ത്തകരുമായി പോലീസ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മുന്‍സീറ്റില്‍ ഇരുത്തി തുറന്ന ജീപ്പില്‍ കടത്തിവിടാന്‍ ധാരണയായി. അല്പനേരം മുന്നോട്ടുപോയശേഷം കെ.കെ. ഷാജു ജീപ്പില്‍നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു. എല്‍.ഡി.എഫ്. പ്രവര്‍ത്തകരും പിന്നാലെ പ്രകടനം നടത്തി.

തിരഞ്ഞെടുപ്പുപ്രചാരണം കഴിഞ്ഞ് മടങ്ങിയ തന്നെ ആക്രമിക്കാനാണ് സി.പി.എം. പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും നിയമം കൈയിലെടുത്ത സി.പി.എമ്മുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്കിയതായി കെ.കെ. ഷാജു പറഞ്ഞു. പരസ്യപ്രചാരണത്തിനുള്ള സമയം കഴിഞ്ഞ് നഗരത്തില്‍ പ്രചാരണം നടത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ജി. ഹരിശങ്കര്‍ തിരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്കി.

വള്ളികുന്നം ചൂനാട് മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രചാരണമവസാനിപ്പിച്ച് നിമിഷങ്ങള്‍ക്കകം പ്രകടനവുമായെത്തിയ യു.ഡി.എഫ്.-എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പോലീസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.

അമ്പലപ്പുഴയില്‍ കൊട്ടിക്കലാശത്തിനു മുമ്പ് യു.ഡി.എഫിന്റെ അനൗണ്‍സ്‌മെന്‍റ് വാഹനത്തിലെ ഡ്രൈവറെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വാഹനത്തില്‍നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. അമ്പലപ്പുഴ കച്ചേരിമുക്കില്‍ തിങ്കളാഴ്ച വൈകീട്ട് 4.45 നായിരുന്നു സംഭവം. പോലീസെത്തി സംഘര്‍ഷം ഒഴിവാക്കി.