Random Posts

Friday, April 8, 2011

സലിംകുമാറും ജഗദീഷും ദിലീപും കാവ്യയും യുഡിഎഫില്‍


കേരളത്തിലെ ചലചിത്രതാരങ്ങള്‍ വലതുപക്ഷത്തേക്ക് തിരിയുകയാണോ?. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന സിനിമാക്കാരുടെ പട്ടികയാണ് ഇത്തരമൊരു സംശയത്തിനുകാരണം. ജഗദീഷിനു പിന്നാലെ ഹാസ്യസാമ്രാട്ട് സലിംകുമാറും കോണ്‍ഗ്രസ് പ്രചാരണപരിപാടികളില്‍ ഇപ്പോള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണ്. ഇതിനുപിന്നാലെ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷ്‌കുമാറിനുവേണ്ടി ദിലീപും കാവ്യാമാധവനും രംഗത്തെത്തിക്കഴിഞ്ഞു. സിനിമക്കാരനല്ല തികഞ്ഞൊരു കോണ്‍ഗ്രസാണെന്ന് പറഞ്ഞാണ് നടന്‍ സലിംകുമാര്‍ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടുചോദിക്കാനെത്തിയത്.


തിരുവനന്തപുരത്തെ തീരദേശമായ വലിയതുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.എസ് ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ വ്യാഴാഴ്ച ആദ്യമായി രാഷ്ട്രീയക്കാരന്റെ റോളില്‍ സലിംകുമാര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന തേജാഭായി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അല്‍പ്പസമയത്തെ ഇടവേള ചോദിച്ചുവാങ്ങിയാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് പ്രചരണത്തിന് എത്തിയത്. ഖദര്‍ ജുബ്ബയും ജീന്‍സും കഴുത്തില്‍ ത്രിവര്‍ണ നിറത്തിലുള്ള ഖദര്‍ ഷാളുമായിരുന്നു വേഷം. സലിംകുമാര്‍ എത്തുമെന്ന് അധികമാരും അറിഞ്ഞില്ല. പക്ഷെ പരിപാടിക്ക് മുമ്പേ സദസില്‍ സ്ത്രീകളും കുട്ടികളും നിറഞ്ഞു. വേദിയില്‍ സലിംകുമാറിനൊപ്പം സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് നേതാക്കളും. സ്വതസിദ്ധമായ നര്‍മ്മത്തില്‍ ഭരണക്കാരുടെ നെഞ്ചില്‍ തറയ്ക്കുന്ന കൂരമ്പുകളാണ് സലിംകുമാറിന്റെ നാവില്‍ നിന്ന് വീണത്. നിലയ്ക്കാത്ത കയ്യടികള്‍, ഹര്‍ഷാരവം, മുദ്രാവാക്യങ്ങള്‍...


സലിംകുമാര്‍ മടങ്ങുമ്പോള്‍ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകളും ശിവകുമാറിന്റെ പെട്ടിയില്‍ വീണെന്ന് പ്രവര്‍ത്തകരുടെ അടക്കം പറച്ചില്‍. കോണ്‍ഗ്രസുകാരനായാണ് താന്‍ ഈ വേദിയില്‍ നില്‍ക്കുന്നതെന്ന ആമുഖത്തോടെയാണ് സലിംകുമാര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ''നിങ്ങള്‍ക്ക് തോന്നും ഞാനൊരു സിനിമാക്കാരനല്ലേയെന്ന്. അതേ സിനിമാക്കാരനാണ്, പക്ഷെ തികഞ്ഞൊരു കോണ്‍ഗ്രസുകാരനുമാണ്. 'അമ്മ'യെന്ന സംഘടനയില്‍ നിന്ന് അനുവാദം വാങ്ങിയാണ് ഞാന്‍ പ്രചരണത്തിന് എത്തിയത്. സിനിമക്കാര്‍ക്ക് രാഷ്ട്രീയമുണ്ടെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് സംഘടനയുടെ നിലപാട്. ഞാന്‍ ശിവകുമാറിന്റെ പ്രചരണത്തിന് പോകുന്നുവെന്ന് അറിയിച്ചു. ശിവകുമാര്‍ സിനിമാനടനെപ്പോലെ സുന്ദരനായത് കൊണ്ടാകാം അവര്‍ സമ്മതിച്ചു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.


സ്ത്രീകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ നീതികരിക്കാനാവാത്തതാണെന്ന നിലപാടിലാണ് സലിംകുമാര്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞു നിന്നു. ''ഇവിടെ കൂടിയിരിക്കുന്ന സഹോദരിമാര്‍ 13ാം തീയതി പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുമെന്ന് എനിക്കറിയാം. പക്ഷെ അവിടെ നിങ്ങള്‍ ചെയ്യേണ്ടത് പ്രതിഷേധ വോട്ടാണ്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രതിഷേധം അറിയിക്കണം. അല്ലയോ മുഖ്യാ സ്ത്രീകളോടല്ല പരാക്രമം വേണ്ടൂവെന്ന് തുറന്നു പറഞ്ഞുകൊണ്ടുവേണം വോട്ടു ചെയ്യാന്‍ സലിംകുമാര്‍ പറഞ്ഞു. ശിവകുമാറിന്റെ പ്രചരണത്തിന് എത്താനുണ്ടായ സാഹചര്യവും സലിംകുമാര്‍ വിശദീകരിച്ചു. ''ഞാനൊരു കരുണാകര ഭക്തനാണ്. കെ. കരുണാകരനെ എനിക്ക് വലിയ ഇഷ്ടമാണ്. ശിവകുമാറാകട്ടെ, കരുണാകരന്റെ ശിഷ്യനും. കായംകുളത്ത് വെച്ച് വാഹനാപകടമുണ്ടായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ആദ്യം എന്ന വിളിച്ചത് കെ. കരുണാകരനാണ്. നടന്‍ ജഗദീഷിന്റെ വീട്ടില്‍ വിളിച്ച് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് വിളിച്ചത്.


കേരളത്തിലെ ഏറ്റവും വലിയ നേതാവാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. മുക്കാല്‍ മണിക്കൂറോളം ഞാനുമായി സംസാരിച്ചു. അപകടത്തിന്റെ വിശദാംശങ്ങളും മറ്റും ചോദിച്ചറിഞ്ഞു. ഏറെ വാല്‍സല്യത്തോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത സംഭവമായിരുന്നു അത്. അദ്ദേഹത്തിന് എന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ല, പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് വിളിക്കാന്‍ തോന്നിയതിലുള്ള അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. പിന്നീട് അദ്ദേഹം മരിക്കുന്നതിന് ഒരുമാസം മുമ്പുവരെ എന്നെ വിളിക്കുമായിരുന്നു. കരുണാകരനോടുള്ള കടപ്പാട് ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മകന്‍ മുരളീധരന് വേണ്ടി പ്രചരണത്തിന് ഇറങ്ങും'' സലിംകുമാര്‍ ഇതുപറഞ്ഞതോടെ അണികളുടെ ആവേശം അണപൊട്ടി. പ്രസംഗത്തിന് ശേഷം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ സലിംകുമാര്‍ തീരദേശങ്ങളിലെ വീടുകള്‍ക്ക് മുന്നിലെത്തി വോട്ടു ചോദിച്ചു. ഇതിനിടെ സലിംകുമാര്‍ സിനിമയില്‍ പറഞ്ഞ ഡയലോഗുകളുടെ രസം പറഞ്ഞ് വീട്ടമ്മമാരും കൂടെക്കൂടി. കൂട്ടത്തില്‍ വൃദ്ധയായ വീട്ടമ്മയോട് പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ തലയാട്ടി. പക്ഷെ സലിംകുമാര്‍ അത് വിശ്വസിച്ചില്ല.


വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, 'തിളക്കം' എന്ന സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഡയലോഗുകളും വീട്ടമ്മ തിരിച്ചുപറഞ്ഞു. വൃദ്ധയെ ആലിംഗനം ചെയ്ത് മൂര്‍ധാവിലൊരു മുത്തവും കൊടുത്താണ് സലിംകുമാര്‍ യാത്രയായത്. അതേസമയം യുഡിഎഫ് പ്രസംഗവേദികളില്‍ നടന്‍ ജഗദീഷ് കത്തിക്കയറുകയാണ്. ഒരു കലാകാരന്‍ എന്നതിലുപരി ഒരു മുന്‍ കെ. എസ്. യു ക്കാരന്‍ എന്ന നിലയില്‍ വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ട്. മറ്റ് പല നടന്‍മാരുടെ ഉള്ളിലും രാഷ്ട്രീയമുണ്ട്. പലരും പരസ്യമായി പറയാന്‍ തയ്യാറാകുന്നില്ലെന്നേയുള്ളൂ. എന്നാല്‍ വരും ദിവസങ്ങളില്‍ പലരും രംഗത്ത് വരുമെന്ന് പറഞ്ഞാണ് ജഗദീഷ് കഴിഞ്ഞദിവസം കോട്ടയത്ത് പ്രസംഗം തുടങ്ങിയത്. താന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ. എസ്.യു സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍, ആര്‍ട്ട്‌സ് ക്‌ളബ്ബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേയ്ക്ക് മത്സരിച്ചപ്പോള്‍ തനിക്ക് വേണ്ടി പ്രചരണം നടത്താന്‍ കെ. എസ്.യു നേതാവായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു. ഇന്നിപ്പോള്‍ തിരുവഞ്ചൂരിനെ വിജയിപ്പിക്കാനാണ് തന്റെ വരവ്. തിരുവഞ്ചൂര്‍ എനിക്ക് ജ്യേഷ്ഠ സഹോദരനാണ്, സൗമ്യനും, അഴിമതിയില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയുമാണ്. ഇദ്ദേഹം വിജയിച്ചാല്‍ എം. എല്‍ . എ മാത്രമല്ല, മന്ത്രിയുമാകുമെന്നാണ് പ്രതീക്ഷ.... എന്ന് പറഞ്ഞ ജഗദീഷ് പിന്നീട് പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെ കേരള രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിയിലേയ്ക്കും ഇടതുമുന്നണിക്കെതിരെയും കത്തിക്കയറി. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള കിടമത്സരമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നതെന്ന് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് അര മണിക്കൂര്‍ നീണ്ട പ്രസംഗം അവസാനിപ്പിച്ചത്.


വന്‍ജനാവലിയാണ് ജഗദീഷിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ച് കൂടിയത്. സിനിമയിലെ ഡയലോഗുകളെ വെല്ലുന്ന തീപ്പൊരി പ്രസംഗവുമായി ചങ്ങനാശേരിയിലെ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി സി. എഫ് തോമസിന്റെ പ്രചാരണ വേദിയിലും കഴിഞ്ഞദിവസം ജഗദീഷ് എത്തി. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഓരോ വാക്കിനും പ്രവര്‍ത്തകര്‍ കൈയടി മുഴക്കി. വികസനത്തിനു വേണ്ടിയാണ് താന്‍ യു.ഡി. എഫിനായി പ്രചരണത്തിന് ഇറങ്ങിയതെന്ന് ജഗദീഷ് പറഞ്ഞു. വികസനം മുഖമുദ്രയാക്കിയ യു.ഡി. എഫ് അധികാരത്തില്‍ വരുമെന്ന് സി.പി. എമ്മിന് പോലും അറിയാം. വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളതുകൊണ്ടാണ് താന്‍ യു.ഡി. എഫിന് വോട്ട് ചോദിക്കുന്നത്. വികസനക്കുതിപ്പിന് യു.ഡി. എഫ് അധികാരത്തില്‍ വരേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


സലിംകുമാറും ജഗദീഷും കോണ്‍ഗ്രസുകാരനാണെന്നു തുറന്നുപറഞ്ഞെങ്കിലും ദിലീപും കാവ്യയും ഒന്നും വിട്ടുപറയുന്നില്ല. എങ്കിലും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ് കുമാറിനു വോട്ട് അഭ്യര്‍ഥിച്ചു ജനപ്രിയ നായകന്‍ ദിലീപും കാവ്യയും വ്യാഴാഴ്ച മണ്ഡലത്തിലെത്തി. വെട്ടിക്കവല, ചെങ്ങമനാട്, പറങ്കിമാംമുകള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ ഇരുവരും ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കാനെത്തിയത്. വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയതാരങ്ങളെ ഒരുനോക്കു കാണുന്നതിനായി രാഷ്ട്രീയഭേദമെന്യേ വന്‍ ജനാവലിയാണ് എത്തിയത്. ഉച്ചയോടെ കെ.ബി. ഗണേഷ്‌കുമാറിന്റെ പത്തനാപുരത്തെ വീട്ടിലെത്തിയ താരങ്ങള്‍ നാലോടെ വെട്ടിക്കവലയിലെ യോഗസ്ഥലത്ത് എത്തിച്ചേര്‍ന്നു. പ്രിയതാരങ്ങള്‍ എത്തുന്നതറിഞ്ഞ് ഉച്ച മുതല്‍ വെട്ടിക്കവല ജംക്ഷനും പരിസരപ്രദേശങ്ങളും ജനസമുദ്രമായി. പൊരിവെയിലില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തങ്ങളുടെ പ്രിയതാരങ്ങളെ ഒരുനോക്കു കാണുന്നതിനായി കിട്ടാവുന്ന സ്ഥലങ്ങളെല്ലാം കയ്യടക്കിയിരുന്നു. ജനങ്ങളുടെ തിക്കിലും തിരക്കിലും ഏറെ പണിപ്പെട്ടാണ് ഇരുവരും വേദിയിലേക്കു കടന്നത്.


തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരകരായിട്ടല്ല എത്തിയതെന്നും സഹപ്രവര്‍ത്തകനായതിനാലാണു ഗണേഷ്‌കുമാറിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നതെന്നുമുള്ള ആമുഖത്തോടെയാണ് ഇരുവരും ജനങ്ങളോട് വോട്ട് അഭ്യര്‍ഥന നടത്തിയത്. വെട്ടിക്കവലയിലെ യോഗത്തിനുശേഷം ചെങ്ങമനാട്, പറങ്കിമാംമുകള്‍ എന്നിവിടങ്ങളിലും ഇരുവരും ഗണേഷ് കുമാറിനു വോട്ട് അഭ്യര്‍ഥിച്ചു പ്രസംഗിച്ചശേഷം മടങ്ങിപ്പോവുകയായിരുന്നു