Random Posts

Monday, April 4, 2011

തലയില്‍ മുണ്ടിട്ട് പിണറായിയുമായി ചര്‍ച്ച: ഒരു സംഘടനകൂടി പൊളിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ തൊട്ടാല്‍ ഏതുസംഘടനയും രണ്ടുകഷണമാകും. രാഷ്ട്രീയപാര്‍ട്ടികളായ ജനതാദളും ആര്‍എസ്പിയും കോണ്‍ഗ്രസ് എസും പലതവണ ഇതനുഭവിച്ചതാണ്. അങ്ങനെ പല രാഷ്ട്രീയപാര്‍ട്ടികളും കേരളത്തില്‍ ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ മതസംഘടനകളുടെ ഊഴമാണ്. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന പേരില്‍ ജമാഅത്തെ ഇസ്്‌ലാമി പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. ആദ്യപടിയെന്ന നിലയില്‍ സംഘടനയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ രാജിവച്ചു.

തീവ്രവാദസംഘടനയെന്ന് ആരോപിച്ച് സംഘടനയെ നിരന്തരം അധിക്ഷേപിച്ച പിണറായി വിജയനുമായി നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയെന്നാരോപിച്ചാണ് രാജി. ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ സംഘടന തീരുമാനിച്ചതിലും ഹമീദിന് പ്രതിഷേധമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി ത്രീവ്രവാദ സംഘടനയാണെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹമീദ് പറഞ്ഞു. അതേസമയം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് അദ്ദേഹം സൂചനയൊന്നും നല്‍കിയിട്ടില്ല.

പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ആമിര്‍ ടി. ആരിഫലിയുമായി ചര്‍ച്ച നടത്തിയ കാര്യം തനിക്കറിയാമെന്നും എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും ഹമീദ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ആലപ്പുഴയില്‍വെച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷത്തിനു വേണമെങ്കില്‍ പരസ്യമായി ചര്‍ച്ച നടത്താന്‍ അവര്‍ മുന്നോട്ടുവരണം. തലയില്‍ മുണ്ടിട്ട് ചര്‍ച്ചയ്ക്കു വരുമ്പോള്‍ അത് നിഷേധിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍ജ്ജവം കാട്ടണമെന്നും ഹമീദ് വാണിമേല്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ രാഷ്ട്രീയ രൂപമായ ജനകീയവികസന സമിതി കക്കോടിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ഹമീദ് വാണിമേലിനെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രാഷ്ട്രീയ സംഘടനയായി മാറിയ ഘട്ടത്തില്‍ നിലവില്‍ വന്ന അഡ്ണ്ടഹോക്ക് കമ്മറ്റിയിലെ അംഗമാണ് ഹമീദ് വാണിമേല്‍. കിനാലൂര്‍ സമരകാലത്ത് ജമാഅത്തെ ഇസ്ണ്ടലാമിക്കുവേണ്ടി പൊതുവേദികളില്‍ സംസാരിച്ചിരുന്നത് ഹമീദായിരുന്നു. അതിനിടെ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത് ശരിയാണെന്ന് ജമാഅത്തെ ഇസ്്‌ലാമി അമീര്‍ ടി. ആരിഫലി സമ്മതിച്ചു. ഇടതു മുന്നണിയുമായി ധാരണയുണ്ടാക്കാനാണ് ഷൂറ സമിതിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേരത്തേ സ്വീകരിച്ച നിലപാട് പ്രകാരം അവരുമായി ധാരണയുണ്ടാക്കുന്നതിനെ എതിര്‍ത്താല്‍ ഒരു മുന്നണിയുമായും ധാരണയുണ്ടാക്കാനാവില്ല.സംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള സാഹചര്യം ഹമീദ് വാണിമേല്‍ തന്നെ വ്യക്തമാക്കണമെന്നും ആരിഫലി പറഞ്ഞു.

കോഴിക്കോട് കിനാലൂരിലെ വിവാദമായ സ്ഥലമെടുപ്പ് നീക്കത്തോടെയാണ് സി.പി.എമ്മും ജമാ അത്തെ ഇസ്‌ളാമിയുമായുള്ള ഭിന്നത മൂര്‍ച്ഛിച്ചത്. ജമാ അത്തെ ഇസ്‌ളാമി ഭീകരവാദ സംഘടനയാണെന്ന് അന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്. അതേസമയം തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലിയുടെ വാദം. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങളെ കുറിച്ച് സംഘടനക്കുള്ളില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്. സംസ്ഥാന കൂടിയാലോചനാ സമിതിയില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍ കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകളില്‍ അവതരിപ്പിച്ച് അഭിപ്രായം ആരായുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നു വരുന്നത്. പ്രവര്‍ത്തകരുടെ അഭിപ്രായം കടി പരിഗണിച്ച ശേഷം നിലപാട് പ്രഖ്യാപിക്കും.

തീരുമാനമൊന്നും കൈക്കൊണ്ടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയുള്ള മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേലിന്റെ രാജി പ്രഖ്യാപനവും പ്രസ്താവനയും യുക്തിരഹിതവും അനവസരത്തിലുള്ളതുമാെണന്ന് മുഹമ്മദലി പറഞ്ഞു.മുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം പരിഗണിച്ചാണ് ജമാഅത്തെ ഇസ്‌ലാമി തീരുമാനം കൈക്കൊള്ളുന്നത്. ഹമീദിന്റെ രാജിക്കത്ത് ലഭിക്കുന്ന മുറക്ക് സംഘടനാവ്യവസ്ഥ പ്രകാരം തുടര്‍ നടപടി കൈക്കൊള്ളുമെന്നും ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.