Random Posts

Saturday, April 9, 2011

തീരദേശം ഇളക്കിമറിച്ച് സലിംകുമാര്‍; ആവേശത്തോടെ വോട്ടര്‍മാര്‍


മുഖ്യമന്ത്രിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധ വോട്ട് ചെയ്യണമെന്ന് സലിംകുമാര്‍
സിനിമക്കാരനല്ല, ഞാന്‍ തികഞ്ഞൊരു കോണ്‍ഗ്രസാണെന്ന് പറഞ്ഞാണ് നടന്‍ സലിംകുമാര്‍, തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടുചോദിക്കാനെത്തിയത്. '
'ശരിക്കും വക്കീലാ... കാണാനൊരു ലുക്കില്ലെന്നേയുള്ളൂ''വെന്ന് മീശമാധവനില്‍ ഡയലോഗ് അടിച്ച സലിംകുമാര്‍ പക്ഷെ രാഷ്ട്രീയക്കാരന്റെ ലുക്കില്‍ തന്നെയാണ് പ്രസംഗവേദികള്‍ കീഴടക്കുന്നത്. തിരുവനന്തപുരത്തെ തീരദേശമായ വലിയതുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.എസ് ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഇന്നലെ ആദ്യമായി രാഷ്ട്രീയക്കാരന്റെ റോളില്‍ സലിംകുമാര്‍ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന തേജാഭായി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അല്‍പ്പസമയത്തെ ഇടവേള ചോദിച്ചുവാങ്ങിയാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് പ്രചരണത്തിന് എത്തിയത്. ഖദര്‍ ജുബ്ബയും ജീന്‍സും കഴുത്തില്‍ ത്രിവര്‍ണ നിറത്തിലുള്ള ഖദര്‍ ഷാളുമായിരുന്നു വേഷം. സലിംകുമാര്‍ എത്തുമെന്ന് അധികമാരും അറിഞ്ഞില്ല. പക്ഷെ പരിപാടിക്ക് മുമ്പേ സദസില്‍ സ്ത്രീകളും കുട്ടികളും നിറഞ്ഞു. വേദിയില്‍ സലിംകുമാറിനൊപ്പം സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് നേതാക്കളും. സ്വതസിദ്ധമായ നര്‍മ്മത്തില്‍ ഭരണക്കാരുടെ നെഞ്ചില്‍ തറയ്ക്കുന്ന കൂരമ്പുകളാണ് സലിംകുമാറിന്റെ നാവില്‍ നിന്ന് വീണത്. നിലയ്ക്കാത്ത കയ്യടികള്‍, ഹര്‍ഷാരവം, മുദ്രാവാക്യങ്ങള്‍... സലിംകുമാര്‍ മടങ്ങുമ്പോള്‍ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകളും ശിവകുമാറിന്റെ പെട്ടിയില്‍ വീണെന്ന് പ്രവര്‍ത്തകരുടെ അടക്കം പറച്ചില്‍.
തികഞ്ഞൊരു കോണ്‍ഗ്രസുകാരനായാണ് താന്‍ ഈ വേദിയില്‍ നില്‍ക്കുന്നതെന്ന ആമുഖത്തോടെയാണ് സലിംകുമാര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ''നിങ്ങള്‍ക്ക് തോന്നും ഞാനൊരു സിനിമാക്കാരനല്ലേയെന്ന്. അതേ സിനിമാക്കാരനാണ്, പക്ഷെ തികഞ്ഞൊരു കോണ്‍ഗ്രസുകാരനുമാണ്. 'അമ്മ'യെന്ന സംഘടനയില്‍ നിന്ന് അനുവാദം വാങ്ങിയാണ് ഞാന്‍ പ്രചരണത്തിന് എത്തിയത്. സിനിമക്കാര്‍ക്ക് രാഷ്ട്രീയമുണ്ടെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് സംഘടനയുടെ നിലപാട്. ഞാന്‍ ശിവകുമാറിന്റെ പ്രചരണത്തിന് പോകുന്നുവെന്ന് അറിയിച്ചു. ശിവകുമാര്‍ സിനിമാനടനെപ്പോലെ സുന്ദരനായത് കൊണ്ടാകാം അവര്‍ സമ്മതിച്ചു -സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. സ്ത്രീകള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന പരാമര്‍ശങ്ങള്‍ നീതികരിക്കാനാവാത്തതാണെന്ന നിലപാടിലാണ് സലിംകുമാര്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഷേധം നിറഞ്ഞു നിന്നു. ''ഇവിടെ കൂടിയിരിക്കുന്ന സഹോദരിമാര്‍ 13-ാം തീയതി പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുമെന്ന് എനിക്കറിയാം. പക്ഷെ അവിടെ നിങ്ങള്‍ ചെയ്യേണ്ടത് പ്രതിഷേധ വോട്ടാണ്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രതിഷേധം അറിയിക്കണം. അല്ലയോ മുഖ്യാ സ്ത്രീകളോടല്ല പരാക്രമം വേണ്ടൂവെന്ന് തുറന്നു പറഞ്ഞുകൊണ്ടുവേണം വോട്ടു ചെയ്യാന്‍- സലിംകുമാര്‍ പറഞ്ഞു.
ശിവകുമാറിന്റെ പ്രചരണത്തിന് എത്താനുണ്ടായ സാഹചര്യവും സലിംകുമാര്‍ വിശദീകരിച്ചു. ''ഞാനൊരു കരുണാകര ഭക്തനാണ്. കെ. കരുണാകരനെ എനിക്ക് വലിയ ഇഷ്ടമാണ്. ശിവകുമാറാകട്ടെ, കരുണാകരന്റെ ശിഷ്യനും. കായംകുളത്ത് വെച്ച് വാഹനാപകടമുണ്ടായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ആദ്യം എന്ന വിളിച്ചത് കെ. കരുണാകരനാണ്. നടന്‍ ജഗദീഷിന്റെ വീട്ടില്‍ വിളിച്ച് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് വിളിച്ചത്. കേരളത്തിലെ ഏറ്റവും വലിയ നേതാവാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. മുക്കാല്‍ മണിക്കൂറോളം ഞാനുമായി സംസാരിച്ചു. അപകടത്തിന്റെ വിശദാംശങ്ങളും മറ്റും ചോദിച്ചറിഞ്ഞു. ഏറെ വാല്‍സല്യത്തോടെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഒരിക്കലും മറക്കാന്‍ പറ്റാത്ത സംഭവമായിരുന്നു അത്. അദ്ദേഹത്തിന് എന്നെ വിളിക്കേണ്ട ഒരു കാര്യവുമില്ല, പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് വിളിക്കാന്‍ തോന്നിയതിലുള്ള അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. പിന്നീട് അദ്ദേഹം മരിക്കുന്നതിന് ഒരുമാസം മുമ്പുവരെ എന്നെ വിളിക്കുമായിരുന്നു.
കരുണാകരനോടുള്ള കടപ്പാട് ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മകന്‍ മുരളീധരന് വേണ്ടി പ്രചരണത്തിന് ഇറങ്ങും'' -സലിംകുമാര്‍ ഇതുപറഞ്ഞതോടെ അണികളുടെ ആവേശം അണപൊട്ടി. പ്രസംഗത്തിന് ശേഷം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ സലിംകുമാര്‍ തീരദേശങ്ങളിലെ വീടുകള്‍ക്ക് മുന്നിലെത്തി വോട്ടു ചോദിച്ചു. ഇതിനിടെ സലിംകുമാര്‍ സിനിമയില്‍ പറഞ്ഞ ഡയലോഗുകളുടെ രസം പറഞ്ഞ് വീട്ടമ്മമാരും കൂടെക്കൂടി. കൂട്ടത്തില്‍ വൃദ്ധയായ വീട്ടമ്മയോട് പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ തലയാട്ടി. പക്ഷെ സലിംകുമാര്‍ അത് വിശ്വസിച്ചില്ല. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, 'തിളക്കം' എന്ന സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ഡയലോഗുകളും വീട്ടമ്മ തിരിച്ചുപറഞ്ഞു. വൃദ്ധയെ ആലിംഗനം ചെയ്ത് മൂര്‍ധാവിലൊരു മുത്തവും കൊടുത്ത് സലിംകുമാര്‍ നടന്നു നീങ്ങുമ്പോള്‍, ഇന്നത്തെ പത്രത്തില്‍ അച്ചടിക്കാന്‍ ഒരു നല്ലചിത്രം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍.