Random Posts

Wednesday, April 13, 2011

മൂന്നു മണിവരെ 61 ശതമാനം പോളിങ്‌


പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ അതായത് ഉച്ചവരെയുള്ള കണക്ക് പ്രകാരം 61.2 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് വിവരം. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇനിയുള്ള അഞ്ചുകൊല്ലം സംസ്ഥാനം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന ബാലറ്റ് യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്ന തിരഞ്ഞെടുപ്പില്‍ 2.31 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. നിരവധി പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.

ചിലയിടങ്ങളില്‍ സ്ലിപ്പുകള്‍ ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മറ്റു ചിലയിടത്ത് വോട്ടിങ് യന്ത്രം അല്‍പ്പസമയം പണിമുടക്കിയാതും റിപ്പോര്‍ട്ടുണ്ട്. 140 മണ്ഡലങ്ങളിലായി മൊത്തം 20,758 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങിയിട്ടുള്ളത്. പതിമൂന്നാം കേരള നിയമസഭയില്‍ ആരൊക്കെയെന്നറിയാന്‍ ഒരുമാസംകൂടി കാത്തിരിക്കണം. മെയ് പതിമൂന്നിനാണ് വോട്ടെണ്ണല്‍.

സംസ്ഥാനഭരണം ഇരുമുന്നണികളെയും മാറി മാറിത്തുണയ്ക്കുന്നതാണ് ഇതുവരെയുള്ള പതിവ്. ഇതിനൊരു മാറ്റംവരുത്തി ഭരണത്തുടര്‍ച്ചയ്ക്കാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എന്നാല്‍ വികസനത്തില്‍ കേരളത്തെ ഇടതുഭരണം പിന്നോട്ടടിച്ചെന്ന പ്രചാരണായുധവുമായാണ് യു.ഡി.എഫിന്റെ പോരാട്ടം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് ആരംഭിച്ചു.

പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നിന്ന് വാശിയേറിയ മത്സരം കാഴ്ചവെച്ച മുന്നണികള്‍ക്ക് ഇനി നിര്‍ണായകമാവുന്നത് പോളിങ് ശതമാനമാണ്. പരമാവധി വോട്ടര്‍മാരെ പോളിങ്ബൂത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. 1987 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞുവരുന്നതാണ് പ്രവണത. 2006-ല്‍ മൂന്നുഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പില്‍ 72.25 ശതമാനം പേരാണ് വോട്ട്‌ചെയ്തത്.

ചൊവ്വാഴ്ച നിശ്ശബ്ദപ്രചാരണത്തില്‍ അവസാന നിമിഷ തന്ത്രങ്ങളെല്ലാം പയറ്റിയാണ് സ്ഥാനാര്‍ഥികള്‍ ബൂത്തുകളിലേക്ക് ഉറ്റുനോക്കുന്നത്. പ്രചാരണം അവസാനിച്ചപ്പോള്‍ മുമ്പൊരിക്കലുമില്ലാത്തവിധം പൊട്ടിത്തെറികളുണ്ടായത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിര്‍ഭയമായി വോട്ട്‌ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കി. 3703 പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 93 ബൂത്തുകളിലെ നടപടിക്രമങ്ങള്‍ വെബ്കാസ്റ്റ് ചെയ്യും.

മറ്റു പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ സൂക്ഷ്മ നിരീക്ഷകരോ വീഡിയോഗ്രാഫര്‍മാരോ ഉണ്ടാവും. 40 കമ്പനി കേന്ദ്രസേനയില്‍ 10 കമ്പനിയും കണ്ണൂരിലെ പ്രശ്‌നസാധ്യതാ ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കാനാണ്. വോട്ടര്‍മാരില്‍ 1.20 കോടി സ്ത്രീകളാണ്. 971 സ്ഥാനാര്‍ഥികളാണ് 140 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത്. സ്ത്രീപ്രാതിനിധ്യം ഇതില്‍ വെറും 78 മാത്രം. രജിസ്റ്റര്‍ചെയ്ത പ്രവാസി വോട്ടര്‍മാര്‍ 8862. അഞ്ചുമണിക്ക് വോട്ടെടുപ്പ് അവസാനിക്കുമെങ്കിലും അതുവരെ ക്യൂവില്‍ സ്ഥാനംപിടിച്ചവരെ വോട്ട്‌ചെയ്യാന്‍ അനുവദിക്കും.

ഈ തിരഞ്ഞടുപ്പിന് ചില പ്രത്യേകതകളുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തിനുശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നുഘട്ടമായിരുന്നെങ്കില്‍ ഇത്തവണ എല്ലായിടത്തും ഒറ്റയടിക്കാണ്. തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയതും ഇപ്പോഴാണ്. വോട്ടര്‍മാര്‍ക്ക് ഇതാദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ലിപ്പ് വിതരണവും നടത്തി. എന്നാല്‍ എല്ലായിടത്തും സ്ലിപ്പ്‌വിതരണം പൂര്‍ണമാക്കാന്‍ കമ്മീഷനു കഴിഞ്ഞില്ല.

ഇനിയും സ്ലിപ്പ് കിട്ടാത്തവര്‍ക്ക് ബൂത്ത്പരിസരത്തുവെച്ച് സ്ലിപ്പ് വിതരണം നടത്താനാണ് കമ്മീഷന്റെ തീരുമാനം. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. പ്രചാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളും മേല്‍നോട്ടവും ഉറപ്പുവരുത്താന്‍ കമ്മീഷന്കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പുകൂടിയാണിത്. പോളിങ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച പൂര്‍ത്തിയായി. ഒന്നേകാല്‍ ലക്ഷം ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.

ഇതുവരെയുള്ള കണക്കുപ്രകാരം പോളിങ് ശതമാനം ഇങ്ങനെയാണ്;

തിരുവനന്തപുരം-54.7
കൊല്ലം-58.7
ഇടുക്കി-59.3
എറണാകുളം-64
തൃശൂര്‍-62.1
പാലക്കാട്-62.5
കോഴിക്കോട്-64.5
വയനാട്-60.4
കണ്ണൂര്‍-66.5
കാസര്‍കോട്-63.2
മലപ്പുറം-60.1
ആലപ്പുഴ-64.6
കോട്ടയം-61.5
പത്തനംതിട്ട-57.3