Random Posts

Tuesday, April 5, 2011

ശമ്പളമില്ല, അംഗീകാരവുമില്ല, 2500 അധ്യാപകര്‍ പെരുവഴിയില്‍


ആശങ്കയുടെ നടുവിലാണ് സംസ്ഥാനത്തെ ഒരു കൂട്ടം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍. വിദ്യാഭ്യാസമന്ത്രിയുടെ കനിവിനായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കാത്തിരുന്നിട്ടും കബളിപ്പിക്കപ്പെട്ടവരാണ് ഇവര്‍.
പരാതി പറയുവാനോ കേള്‍ക്കുവാനോ യാതൊരു സംഘടനാ പിന്‍ബലവും ഇല്ലാത്തതിനാല്‍ കേട്ടുകേള്‍വിപ്പോലുമില്ലാത്ത നിയമകുടുക്കില്‍ കുരുങ്ങി കിടക്കുകയാണ് ഇവരുടെ നിയമനം. ശമ്പള പരിഷ്‌കരണ ബില്ലില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മന്ത്രി, അധിക തസ്തികയില്‍ നിയമിച്ച അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. വിദ്യാഭ്യാസമന്ത്രിയും ധനകാര്യമന്ത്രിയും കളംമാറി ചവിട്ടിയതോടെ നിയമന ഉത്തരവിലും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും യാതൊരു ഉറപ്പും ഇല്ലാതെയാണ് സംസ്ഥാനത്ത് 5000 ത്തിലേറെ അധ്യാപകര്‍ ജോലിചെയ്യുന്നത്.
2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ 'നിയമന നിരോധന നിയമം' കൊണ്ടുവന്നു. അതിന്‍പ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ പുതിയ തസ്തികയിലേക്കുള്ള അധ്യാപകരുടെ നിയമനം നിരോധിച്ചു. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. അതോടെ 2005 നു ശേഷം അധിക തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച 80 ശതമാനം അധ്യാപകരുടെ ശമ്പളവും നിയമനവും വെള്ളത്തിലായി.
ഡിവിഷനുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയപ്പോള്‍ പുതിയ തസ്തികയിലേക്ക് നിയമനം നടത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. ഇവരെയാണ് അധിക തസ്തിക അധ്യാപകരായി പരിഗണിച്ചത്. അഞ്ചു വര്‍ഷത്തിലധികമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു ഇവര്‍. സംസ്ഥാനത്ത് 2500 ല്‍ അധികം അധ്യാപകരാണ് ഇത്തരത്തിലുള്ള പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയപ്പോള്‍ എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസവകുപ്പ് പുതിയൊരു അടവുനയം പരീക്ഷിച്ചു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം എല്ലാ നോണ്‍ - അപ്രൂവ്ഡ് അധ്യാപകര്‍ക്കും അംഗീകാരം നല്‍കാമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചു. അതോടൊപ്പം മാനേജ്‌മെന്റിനെ ഏറെ അലോസരപ്പെടുത്തുന്ന രണ്ട് നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ചു.ഒന്നാമത്തെ വ്യവസ്ഥപ്രകാരം നിലവില്‍ അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് അംഗീകാരം നല്‍കണമെങ്കില്‍ പിന്നീടുണ്ടാകുന്ന അത്രയും ഒഴിവുകളിലേക്ക് പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സിനെ നിയമിക്കണം. അധിക തസ്തിക നിയമനം.
നടത്താനുള്ള അധികാരം ഒന്ന് മാനേജ്‌മെന്റിനും ഒന്ന് സര്‍ക്കാരിനുമായിരിക്കുമെന്നായിരുന്നു രണ്ടാമത്തെ വ്യവസ്ഥ (അതായത് 1:1 എന്ന ആനുപാതത്തില്‍). ഈ വ്യവസ്ഥ മാനേജ്‌മെന്റ് അംഗീകരിക്കുകയാണെങ്കില്‍ 2009 ഒക്‌ടോബര്‍ മാസം മുതലുള്ള ശമ്പളം അധ്യാപകര്‍ക്ക് ഒന്നിച്ചു നല്‍കുവാനും, ഒക്‌ടോബര്‍ മാസത്തിനു മുന്‍പുള്ള ശമ്പളം അധ്യാപകരുടെ പി.എഫിലേക്ക് കൂട്ടിച്ചേര്‍ക്കാനുമായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ സര്‍ക്കാരിന്റെ ഈ വ്യവസ്ഥയോട് മാനേജ്‌മെന്റുകള്‍ പുറം തിരിഞ്ഞതോടെ സ്ഥിര നിയമനം എന്നത് അധ്യാപകര്‍ക്ക് വിദൂര സ്വപ്നമായി. സ്‌കൂളുകളുടെ നിയമനാധികാരം സര്‍ക്കാരിന് അനുവദിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാതിരിക്കുകയും വ്യവസ്ഥകളില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്ന മോഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍.
അധ്യാപന ജോലിയെന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഇറങ്ങിത്തിരിച്ച ഇവരില്‍ ചെറുപ്പക്കാരും മധ്യവയസ്‌കരുമുണ്ട്. ജോലിയുണ്ട്, കൂലിയില്ല എന്ന അവസ്ഥയില്‍ വിവാഹം പോലും നീട്ടിവെച്ച ചെറുപ്പക്കാരായ അധ്യാപകരുടെ വാക്കുകളില്‍ നിരാശ മാത്രം.

''ജോലി കണ്ട് കല്യാണം കഴിച്ചു. അഞ്ചു വര്‍ഷമായി. സ്വന്തമായി ഒരുരൂപ കൈയിലില്ല, ബസ് കാശിനുപോലും ഭര്‍ത്താവിനോട് എന്നും കൈ നീട്ടണം. ഭര്‍ത്താവും വീട്ടുകാരും നല്ലവരായതുകൊണ്ട് പ്രശ്‌നമില്ല; നിരാശമാത്രമേ ബാക്കിയുള്ളൂ''- ആലുവയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ടീച്ചറിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത് ജീവിതസന്ധി. സര്‍വ്വീസ് തീരാറായ അധ്യാപകരുമുണ്ട് ഇവരുടെ കൂട്ടത്തില്‍. സഹപ്രവര്‍ത്തകര്‍ക്ക് ശമ്പളം കിട്ടുന്ന ദിവസം ലീവെടുക്കുന്ന മറ്റൊരു ടീച്ചറുമുണ്ട് ഇവരുടെ കൂടെ. ഒരേ സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്യുന്നവരെ രണ്ടു തട്ടിലാക്കുന്ന നിയമന വ്യവസ്ഥയോട് പ്രതിഷേധിക്കാന്‍ ഇവര്‍ക്കാകില്ല. മാനേജ്‌മെന്റും സര്‍ക്കാരും ഇരുചേരിയിലാകുമ്പോള്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരുടെ കൂടെ കൂടുകയാണ് ഈ അധ്യാപകരും.ഹൈക്കോടതി പുറപ്പെടുവിച്ച സിംഗിള്‍ ബെഞ്ച് തീരുമാനവും സര്‍ക്കാരിന്റെ വ്യവസ്ഥ തന്നെയായിരുന്നു. അതിനാല്‍ തീരുമാനം ഡിവിഷന്‍ ബഞ്ചിന് കൈമാറണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമോ ഇളവോ ലഭിക്കില്ലെന്ന ഉറപ്പുണ്ട് മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയും ഇവര്‍ക്കുണ്ട്.