Random Posts

Sunday, April 3, 2011

നേതാവിന്റെ കൂടെ ആവേശമായി പടനായകന്‍


പത്തുമണിയായതേയുള്ളൂ. എന്നിട്ടും ചൂട് അസഹ്യം. നീലമ്പേരൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വെള്ളമില്ലാത്ത വാട്ടര്‍ ടാങ്കിനു സമീപം ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പുയോഗം. യു.ഡി.എഫ്. പടനായകന്‍ ഉമ്മന്‍ചാണ്ടിയെ പ്രതീക്ഷിച്ചു നില്‍ക്കുകയാണ് ജനം. പത്തു മണിക്കെത്തുമെന്നു പറഞ്ഞിട്ട്പത്തരയായിട്ടും കണ്ടില്ലല്ലോ എന്നു പരിഭവിച്ചു നില്‍ക്കുകയാണ് ഒരു കാരണവര്‍. പറഞ്ഞുതീര്‍ന്നില്ല, മിന്നല്‍ പോലെ ഇന്നോവ കാറില്‍ ഉമ്മന്‍ ചാണ്ടി. 'അതിവേഗം ബഹുദൂരം നമ്മെ നയിക്കാന്‍ ഇതാ നമ്മുടെ നാളത്തെ മുഖ്യമന്ത്രി' എന്ന് ഉച്ചഭാഷിണിയിലൂടെ വിശേഷണങ്ങള്‍.

'ഞങ്ങളുടെ ഓമന നേതാവേ... ഉമ്മന്‍ചാണ്ടി നേതാവേ..' ജനക്കൂട്ടത്തിന്റെ മുദ്രാവാക്യം വിളിക്ക് ചെവി കൊടുക്കാതെ ഉമ്മന്‍ചാണ്ടി നേരെ വേദിയിലേക്ക്. ഡി.സി.സി. ആക്ടിങ് പ്രസിഡന്‍റ് കോശി.എം.കോശി വേദിയിലുള്ള സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് എന്നിവരുമായി അല്പം കുശലം. പിന്നെ എഴുന്നേറ്റുവന്ന് നേരെ മൈക്കിനു മുന്നില്‍ നിന്നു.

'സ്‌നേഹമുള്ള നാട്ടുകാരേ.... സഹപ്രവര്‍ത്തകരേ...' ആവേശവും ആക്രോശവുമൊന്നുമില്ല. ലളിതമായി, പറയാനുള്ളവ വീട്ടുകാരോട് പറയുന്നമട്ടില്‍ ലഘു പ്രസംഗം. മണ്ഡലം കുട്ടനാടായതുകൊണ്ട് വിഷയം കുട്ടനാട് പാക്കേജ് തന്നെ. '85ല്‍ രാജീവ് ഗാന്ധി കുട്ടനാട്ടില്‍ വന്നപ്പോള്‍ ഉണ്ടായ ആശയവും തുടര്‍ ചര്‍ച്ചകളുമാണ് കുട്ടനാട് പാക്കേജിനു പിന്നില്‍. 1840 കോടി രൂപയുടെ ഈ പദ്ധതിയില്‍ 99.75 ഭാഗവും കേന്ദ്രസര്‍ക്കാരിന്‍േറതാണ്.പക്ഷേ, പ്രോജക്ട് ഉണ്ടാക്കി നടപ്പാക്കേണ്ട സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്തില്ല.'

സര്‍ക്കാരിന്റെ പിടിപ്പുകേടിലേക്ക് ഒരു വിരല്‍ചൂണ്ടല്‍. പിന്നെ കഴിഞ്ഞ അഞ്ചുവര്‍ഷം കുട്ടനാടന്‍ കര്‍ഷകര്‍ അനുഭവിച്ച ക്ലേശങ്ങളുടെ ഓര്‍മപ്പെടുത്തല്‍. കൃഷി വെട്ടി നിരത്തിയില്ലേ? കൊയ്യാന്‍ തൊഴിലാളികള്‍ ഇല്ലാഞ്ഞിട്ടും കൊയ്ത്തു മെതിയന്ത്രമിറക്കുന്നത് സി.പി.എമ്മുകാര്‍ തടഞ്ഞില്ലേ? ഇതിനി ഇവിടെ ആവര്‍ത്തിക്കണോ? ആരും വേണ്ട എന്നു പറഞ്ഞില്ലെങ്കിലും അങ്ങനെ മറുപടി കിട്ടിയ മട്ടില്‍ മുഖ്യമന്ത്രിക്കു നേരെ തിരിയുന്നു ഉമ്മന്‍ചാണ്ടി.

'പ്രതിപക്ഷക്കാരെ മുഴുവന്‍ ജയിലിലടക്കുമെന്നു വഴിനീളെ പറഞ്ഞു നടക്കുകയാണ് മുഖ്യമന്ത്രി. എന്തിനു പിച്ചും പേയും പറഞ്ഞു നടക്കുന്നു. തെളിവുണ്ടെങ്കില്‍ നടപടി എടുക്കട്ടെ' - പ്രതിപക്ഷ നേതാവിന്റെ സ്വരത്തിനു വെല്ലുവിളിയുടെ ധ്വനി.

15 മിനിട്ടിനുള്ളില്‍ പറയാനുള്ളതെല്ലാം പറഞ്ഞു വേദിയില്‍ നിന്നിറങ്ങിയ പ്രതിപക്ഷ നേതാവിനെ കൂടിനിന്നവര്‍ പൊതിഞ്ഞു. സ്ഥാനാര്‍ഥിക്കിടാന്‍ കരുതി വച്ചിരുന്ന മാല ഒരമ്മ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്റെ കഴുത്തിലിട്ടു. എല്ലാവരോടും ചിരിച്ച് കുശലവുമായി കാറിനടുത്തേക്കു നീങ്ങിയ ഉമ്മന്‍ചാണ്ടി പറഞ്ഞു- 'സമയം വൈകി ഇനി അമ്പലപ്പുഴയില്‍'.

കാറിനുള്ളില്‍ കോശി.എം. കോശിയുമായി ജില്ലയുടെ പൊതുസ്ഥിതിയെപ്പറ്റി ചര്‍ച്ച. അമ്പലപ്പുഴയിലെ യോഗം വളഞ്ഞവഴിയിലാണ്. തീരദേശമേഖല. ഡി.സി.സി. സെക്രട്ടറി പി. നാരായണന്‍ കുട്ടി, സ്ഥാനാര്‍ഥി എം. ലിജുവിന്റെ ഗുണഗണ വര്‍ണനകളില്‍.

വേദിക്കരികിലേക്ക് പ്രതിപക്ഷ നേതാവു നടന്നടുക്കുമ്പോള്‍ 'ഇതാ നമ്മുടെ ഭാവി മുഖ്യമന്ത്രി' എന്ന് ഉച്ചഭാഷിണിയില്‍ വിളംബരം.

ഇവിടെ ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം തുടങ്ങിയതു തന്നെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ കബളിപ്പിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായാണ്. പി.എസ്.സി.യെയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ നടത്തിയ പിന്‍വാതില്‍ നിയമനത്തെപ്പറ്റി പറഞ്ഞത് ആരെ ലക്ഷ്യമിട്ടാണെന്ന് വ്യക്തം. കണ്‍സ്യൂമര്‍ ഫെഡിന്റെ ബോര്‍ഡുയോഗം ആലപ്പുഴയിലെ ഹോട്ടലില്‍ നടത്തിയാണ് ഓര്‍ഡറുകളിറക്കിയതെന്ന ആക്ഷേപം കൂടിയായപ്പോള്‍ പ്രതിസ്ഥാനത്ത് കണ്ടത് എതിര്‍സ്ഥാനാര്‍ഥിയെ.

വേദിക്കരികിലുള്ള വളഞ്ഞവഴി തൈക്കാവു പള്ളിയില്‍ നിന്ന് ഉച്ചക്കുള്ള ബാങ്കുവിളി. പെട്ടെന്ന് പ്രസംഗത്തിനു ബ്രേക്ക്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ യു.ഡി.എഫ്. ഉണ്ടാകുമെന്ന ഉറപ്പോടെയാണ് പ്രസംഗം തുടര്‍ന്നത്. യോഗം തീരദേശമേഖലയിലായതിനാല്‍ സുനാമി ഫണ്ട് വേണ്ടവിധം വിനിയോഗിച്ചില്ലെന്ന ആക്ഷേപത്തിനു ഊന്നല്‍ നല്‍കി.

പ്രസംഗം കഴിഞ്ഞിറങ്ങിയ ഉടനെ അഞ്ചുമിനിട്ട് ബൈറ്റിനുവേണ്ടി ഉത്തരേന്ത്യന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തക. തിരക്കിലും അവരോട് 'നോ' പറയാതെ ഇടതു സര്‍ക്കാരിന്റെ അഴിമതിയെപ്പറ്റിയും വ്യാജപ്രചാരണങ്ങളെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞ് പ്രതിപക്ഷ നേതാവ് നേരെ വിട്ടത് മംഗലം പള്ളിയിലേക്ക്.

ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി പി.ജെ. മാത്യുവും നേതാക്കളും കാലേക്കൂട്ടി അവിടെ എത്തിയിരുന്നു. സദസ്സില്‍ ഏറെയും സ്ത്രീകള്‍.
തീരപ്രദേശം ഉള്‍പ്പെടുന്ന ഇവിടെ പ്രസംഗവിഷയം സുനാമിഫണ്ട് വിനിയോഗിക്കാത്തതും സര്‍ക്കാര്‍ അഴിമതിയുമാണ്.

'ലോട്ടറിക്കേസ്സില്‍ 80,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനു കത്തെഴുതി. ഇവിടത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക് ഇതിനു മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. ധനമന്ത്രി തോമസ് ഐസക്കാണ് ലോട്ടറിയുടെ ചുമതലക്കാരന്‍ എന്ന നിലയ്ക്കാണ് കൊട്ട്.

ഉച്ചയൂണുപേക്ഷിച്ചുള്ള ഓട്ടത്തിനിടയിലും രണ്ടു മാധ്യമങ്ങള്‍ക്ക് കൂടിക്കാഴ്ചക്ക് സമയം നല്‍കാനുള്ള സൗമനസ്യവും കാണിച്ചു യു.ഡി.എഫിന്റെ നായകന്‍. കൂടിക്കാഴ്ചക്കിടെ ഇംഗ്ലീഷ് ദേശീയ മാധ്യമത്തിന്റെ ലേഖിക ചോദിച്ചു. - ആരായിരിക്കും നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മറുപടിയില്ല. വിനയത്തോടെ ഒഴിഞ്ഞു മാറല്‍.

തുടര്‍ന്ന് അരൂര്‍, ചേര്‍ത്തല, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലെല്ലാം ഓട്ടപ്രദക്ഷിണം, ചെറിയ പ്രസംഗം. ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് മത്സരിക്കുന്ന ചെങ്ങന്നൂരിലെ വെണ്മണിയില്‍. ക്രിക്കറ്റ് ഫൈനല്‍ മത്സരം നടക്കുന്നതിനിടെയുള്ള ഓട്ടപ്രദക്ഷിണത്തിനിടെ ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ഇനി പത്തനംതിട്ടയില്‍ രണ്ടുയോഗത്തില്‍ സംബന്ധിച്ചിട്ട് എന്റെ മണ്ഡലത്തില്‍ രണ്ട് കുടുംബയോഗത്തിനും പങ്കെടുക്കാനുണ്ട്'. 'അതിവേഗം ബഹുദൂരം' പായുകയാണ്