Random Posts

Sunday, April 17, 2011

പ്രചാരണത്തിലെ 'വി.എസ്. ബ്രാന്‍ഡ്': സി.പി.എമ്മില്‍ പുതിയ വിവാദം


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുനടന്ന തിരഞ്ഞെടുപ്പുപ്രചാരണത്തെച്ചൊല്ലി സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നിറയുന്നു. കൂട്ടായ നേതൃത്വമുള്ള സി.പി.എമ്മില്‍ പാര്‍ട്ടിയേക്കാള്‍ പ്രാമുഖ്യം വി.എസിനു പ്രചാരണരംഗത്തു ലഭിച്ചതിനെച്ചൊല്ലിയാണ് വിവാദം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെല്ലാം പോസ്റ്ററുകളില്‍ തങ്ങളുടെ ചിത്രത്തേക്കാള്‍ വലിപ്പത്തില്‍ വി.എസ്. അച്യുതാനന്ദന്റെ ചിത്രം അച്ചടിച്ചാണ് വോട്ട് അഭ്യര്‍ഥിച്ചിരുന്നത്. സി.പി.എമ്മില്‍ വി.എസിന്റെ എതിരാളികളായി അറിയപ്പെട്ടിരുന്നവരും ഇത്തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. വി.എസിന്റെ യോഗങ്ങളിലെത്തിയ അഭൂതപൂര്‍വമായ ജനക്കൂട്ടവും എല്‍.ഡി.എഫിന്റെ പ്രചാരണനായകനെന്ന പദവി വി.എസിനു കൈവരാന്‍ കാരണമായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് വി.എസ്. നയിക്കുമെന്ന് സി.പി.എം. കേന്ദ്രനേതാക്കള്‍ ഉത്തരം നല്‍കിയിരുന്നുവെങ്കിലും കൂട്ടായി നയിക്കുമെന്ന മറുപടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ നായകനായി പാര്‍ട്ടി നേതൃത്വം ഉയര്‍ത്തിക്കാട്ടാന്‍ മടിച്ച വി.എസിനെ, പാര്‍ട്ടി കീഴ്ഘടകങ്ങളും സ്ഥാനാര്‍ഥികളും നായകനായി ചിത്രീകരിച്ചതാണ് പാര്‍ട്ടി നേതൃത്വത്തിന് ക്ഷീണവും അലോസരവും സൃഷ്ടിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വി.എസിനെ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിലുള്ള അസംതൃപ്തി ആദ്യം പ്രകടിപ്പിച്ചത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരുന്നു. സ്ഥാനാര്‍ഥികളുടെ ചിത്രത്തിനൊപ്പം മറ്റൊരു നേതാവിന്റെ ചിത്രം അച്ചടിക്കുന്ന രീതി സി.പി.എമ്മില്‍ പുതിയതാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് നേതാക്കളെല്ലാം താരങ്ങളാണെന്നും സ്വീകരണങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടം തന്റെ മഹത്വം കൊണ്ടാണെന്ന് ആരെങ്കിലും കരുതിയാല്‍ കഴിഞ്ഞുവെന്നും പിണറായി പറഞ്ഞിരുന്നു. പിണറായിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗവും സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം.എം. ലോറന്‍സാണ് ഒടുവില്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പോലെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയാണ് ഇത്തരം പോസ്റ്ററുകളെന്നും കേവലം വ്യക്തിപൂജയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം സര്‍ക്കാരിന്റെ യഥാര്‍ഥ നേട്ടങ്ങളുടെ വില കുറച്ചുകാട്ടുകയായിരുന്നുവെന്നുമായിരുന്നു ലോറന്‍സിന്റെ വിമര്‍ശം.

പിണറായിക്കു പിന്നാലെ ലോറന്‍സ്‌രംഗത്തുവന്നുവെങ്കിലും ഔദ്യോഗികപക്ഷത്തെ മറ്റു പ്രമുഖരാരും വിവാദത്തില്‍ ഇടപെട്ടിട്ടില്ല. അവരില്‍ പലരും തങ്ങളുടെ മണ്ഡലത്തിലെ പ്രചാരണത്തിന് വി.എസിനെ ക്ഷണിച്ചുകൊണ്ടുവന്നവരായതിനാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോലും വ്യത്യസ്തമായ അഭിപ്രായം പറയാനാകാത്ത നിലയിലുമാണ്.