കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം എം.എല്‍.എ. ആയി അവരോധിക്കപ്പെട്ട് കുറച്ചുനാള്‍ പിന്നിട്ടപ്പോള്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായിരുന്നു; പിന്നെ പതിയെപ്പതിയെ പാര്‍ട്ടി മനസ്സില്‍ ഇടംനേടിയ കണ്ണായിരുന്നു കണ്ണന്താനം. ഇത്തവണ തിരഞ്ഞെടുപ്പിന്റെ ചൂടെത്തുംമുമ്പേ വികസനനായകനായി അവരോധിക്കാന്‍ പാര്‍ട്ടിയും അണികളും മത്സരിച്ചു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ കൊണ്ടുവന്ന മുന്നൂറുകോടിയുടെ കണക്കുനിരത്തി ഓരോ മുക്കിലും മൂലയിലും ഖാദി ജൂബ്ബയണിഞ്ഞ സുസ്‌മേരവദനനായ അല്‍ഫോസ് കണ്ണന്താനത്തിന്റെ ചിത്രം പതിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് എല്‍.ഡി.എഫ്. ആത്മനിര്‍വൃതി നേടി. ഇതൊക്കെ വോട്ടായി മാറുമെന്നും ഇവര്‍ കിനാവുകണ്ടു. സ്വപ്നം കാണാതിരിക്കുന്നതെങ്ങനെ? എ.പി.ജെ. അബ്ദുള്‍കലാമിനെപ്പോലെ സ്വപ്നത്തിന്റെ പ്രയോക്താവും പ്രചാരകനുമായിരുന്നല്ലോ കണ്ണന്താനം.
പക്ഷേ, എല്ലാം ഒരു ദിനംകൊണ്ട് തകിടംമറിഞ്ഞു. കാണാനാഗ്രഹിച്ചത് ദുഃസ്വപ്നമായി മാറി. നായകന്‍ പ്രതിനായകനായി. ഇങ്ങ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് സ്വപ്നച്ചിറകില്‍ പറന്ന കണ്ണന്താനം ഡല്‍ഹിയില്‍ ബി.ജെ.പി. ക്യാമ്പില്‍ പറന്നിറങ്ങിയപ്പോള്‍ പണി ഇവിടത്തെ എല്‍ഡിഎഫ് അണികള്‍ക്കായി.
'വികസനനായകന്റെ' ബോര്‍ഡുകള്‍ ഒറ്റ രാത്രികൊണ്ട് പൊക്കിമാറ്റാനായിരുന്നു കര്‍ശന നിര്‍ദ്ദേശം. ഏതായാലും നേരം പുലര്‍ന്നപ്പോഴേക്കും എല്ലാം ക്ലീന്‍! മുന്നൂറുകോടിയും വികസനപദ്ധതികളും എന്ന ബോര്‍ഡ് പരമ്പര പാര്‍ട്ടി ഓഫീസുകളുടെ പിന്നാമ്പുറത്ത് വിശ്രമിക്കുകയാണിപ്പോള്‍.







