
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. പി റഹീമാണ് പരാതിക്കാരന്‍. വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്തി വോട്ടുനേടുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷനെതിരെ അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. രണ്ടുരൂപ അരിവിതരണം ചെയ്യുന്ന പദ്ധതി കമ്മീഷന്‍ തടഞ്ഞത് റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തത് പദ്ധതി തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്ക് ഗുണം ചെയ്യും എന്ന നീരീക്ഷണത്തോടെയാണ്.സുപ്രീം കോടതിയുടെ വിധി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനത്തെ വോട്ടര്‍മാരുടെ ഇടയില്‍ താറടിച്ച് കാണിക്കുന്നതിന് ഉദ്ദേശിച്ചുള്ളതും ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനമായ കമ്മീഷനു നേരെയുള്ള അക്രമവുമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.






