Random Posts

Friday, April 1, 2011

അഞ്ച് വര്‍ഷം കൊണ്ട് വി. എസ് സര്‍ക്കാര്‍ എത്ര പെണ്‍വാണിഭക്കാരെ കയ്യാമം വച്ചെന്ന് സിന്ധുജോയി


കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍. ഡി. എഫ് ഭരണത്തില്‍ എത്ര പെണ്‍വാണിഭക്കാരെ കയ്യാമം വച്ചു എന്നറിയാന്‍ കേരള ജനതക്ക് താല്‍പര്യമുണ്ടെന്നും കഴിഞ്ഞ തവണത്തെ പ്രകടനപത്രികയില്‍ ഏത് കാര്യമാണ് നടപ്പാക്കിയതെന്ന് ജനങ്ങളോട് അക്കമിട്ട് പറയാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയ്യാറാകണമെന്ന് എസ്. എഫ്. ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന നിയോജകമണ്ഡലം യു. ഡി. എഫ് പ്രചരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന സിന്ധുജോയി. ഇലക്ഷന്‍ കഴിഞ്ഞാല്‍ യു. ഡി. എഫ് നേതാക്കള്‍ സെന്‍ട്രല്‍ ജയിലിലാണെന്ന് പറയുന്ന വി. എസ് ഇലക്ഷന്‍ കഴിയുമ്പോള്‍ സ്വന്തം മകനെ കാണാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിക്കേണ്ടിവരുമെന്നും സിന്ധു ജോയി പറഞ്ഞു. കിളിരൂര്‍ കേസിലെ വി. ഐ. പി ആരാണെന്ന് വ്യക്തമാക്കാന്‍ വി. എസ്. തയ്യാറാകാത്തതു കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന വസ്തുതയുള്ളതുകൊണ്ടാണെന്നും സിന്ധു ജോയി പറഞ്ഞു. ഇന്ത്യക്ക് തന്നെ അഭിമാനമായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ പിന്തള്ളപ്പെട്ടുപോയത് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും സിന്ധുജോയി കൂട്ടിച്ചേര്‍ത്തു.കേരളത്തിലെ എത്ര കര്‍ഷകരുടെ കടമാണ് എഴുതിത്തള്ളിയതെന്ന് വ്യക്തമാക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും കേരളത്തിലെ സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന പണിയാണ് മാര്‍ക്‌സിസ്റ്റ് സഖാക്കന്മാര്‍ക്ക് ഉള്ളതെന്നും അവര്‍ പറഞ്ഞു. തന്നെ പോലെയുള്ളവര്‍ മാത്രമല്ല ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനാധിപത്യവേദിയിലേയ്ക്ക് വരുന്നതെന്നും അവര്‍ പറഞ്ഞു. പെരുമ്പാവൂരിലെ യു. ഡി. എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജെയ്‌സണ്‍ ജോസഫിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും സിന്ധു ജോയി അഭ്യര്‍ത്ഥിച്ചു. യു. ഡി. എഫ് പ്രചരണയോഗം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യു. ഡി. എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം. പി. അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി ടി. പി. ഹസന്‍, ബാബു ജോസഫ്, ദേവസ്സി, തോമസ് പി. കുരുവിള, കെ. പി. ധനപാലന്‍, പോള്‍ ഉതുപ്പ്, മനോജ് മുത്തേടന്‍, എം. യു ഇബ്രാഹിം, ചന്ദ്രന്‍ ശാസ്താം പറമ്പില്‍, സി. ഐ. സുബൈര്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു.