ഇടതുമുന്നണി സര്ക്കാര് ഭരണം ആരംഭിച്ചിട്ട് അഞ്ചുമാസമാകുന്നതേയുള്ളൂവെങ്കിലും അന്പതുമാസം കഴിഞ്ഞ പ്രതീതിയാണ് ജനങ്ങള്ക്കുണ്ടായിരിക്കുന്നത്. ഇത്രയും നാളത്തെ ഭരണം കൊണ്ടുതന്നെ ജനങ്ങള് ആകെ മടുത്തുകഴിഞ്ഞു. കാരണം അത്രയേറെ പ്രശ്നങ്ങളാണ്, ഇടതുമുന്നണി സര്ക്കാരിന്റെ പിടിപ്പുകേടിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും പേരില് ഇതിനകം സംസ്ഥാനത്തുണ്ടായത്.
ജനങ്ങളുടെ ക്ഷേമമാണ് ഭരിക്കുന്ന ഏതു സര്ക്കാരിന്റെയും പൊതുവായ ലക്ഷ്യം. ആ ലക്ഷ്യം മുന്നില് കണ്ടുകൊണ്ടാണ് ഓരോ ചുവടുവയ്പും സര്ക്കാരുകള് നടത്തുന്നത്. എന്നാല്, ഇടതുമുന്നണി സര്ക്കാരിന്റെ തുടക്കം മുതലുള്ള പരിപാടികളെല്ലാം ജനങ്ങള്ക്ക് ദോഷമുണ്ടാക്കാന് മാത്രമേ സഹായിച്ചിട്ടുള്ളു എന്നതാണ് സത്യം.
സ്വാശ്രയ പ്രൊഫഷണല് നിയമംതന്നെ ഒരുദാഹരണം വിദ്യാഭ്യാസരംഗത്തെ പ്രമുഖവിഭാഗമാണ് പ്രൊഫഷണല് വിദ്യാഭ്യാസം നേടുന്നവര്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ സംഭാവനകള് നല്കാന് കഴിവുള്ളവരാണവര്. അങ്ങനെയുള്ള വിദ്യാര്ത്ഥികള്ക്കു വേണ്ടി എല്ലാ സര്ക്കാരും പ്രോത്സാഹനജനകമായ നടപടികള് സ്വീകരിക്കുന്നതിന് ഉദാരമനസ്കത പ്രകടിപ്പിക്കുയാണ് ചെയ്യാറ്. എന്നാല്, ഇടതുമുന്നണി സര്ക്കാര് വളരെ ധൃതിപിടിച്ച് വേണ്ടത്ര കുടിയാലോചനകള്കൂടാതെ കൊണ്ടുവന്ന സ്വാശ്രയ പ്രൊഫഷണല് നിയമം സൃഷ്ടിച്ച പ്രതിസന്ധി മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്തതാണ്. പ്രൊഫഷണല് വിദ്യാഭ്യാസത്തിനുള്ള പ്രവേശനം തേടുന്ന 87,000 വിദ്യാര്ത്ഥികളും അവരുടെ മാതാപിതാക്കളും അനുഭവിച്ച മനോവ്യഥ പറഞ്ഞറിയിക്കാന് കഴിയുന്നതല്ല. അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും മുള്മുനയില് വിദ്യാര്ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും നിര്ത്തിയ, കണ്ണില് ചോരയില്ലാത്ത നടപടികളാണ് ഇടതുമുന്നണി സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടക്കത്തില് അഹന്തയും ധിക്കാരവും പ്രതികാരബുദ്ധിയുമാണ് സര്ക്കാരനെ മുന്നോട്ട് നയിച്ചതെങ്കില് ഒടുവില് കോടതികളിലും സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകളുടെ മുന്നിലും നാണം കെട്ട് കീഴടങ്ങലിന് സന്നദ്ധരാകേണ്ടി വന്ന ഗതികേടാണുണ്ടായത്.
ഭാവിയെപ്പറ്റി ആശങ്ക പൂണ്ട ഒരു നല്ല പങ്ക് വിദ്യാര്ത്ഥികളും പ്രശ്നങ്ങള് പരിഹരിക്കുന്നതിലുള്ള സര്ക്കാരിന്റെ ഉദാസീനതയില് മനംമടുത്ത് തങ്ങളുടെ പ്രവേശനം സുരക്ഷിതത്വമാക്കുന്നതിന് ഇതിനകം അയല് സംസ്ഥാനങ്ങളിലേക്കു പോകുകയും ചെയ്തു. അതിലൂടെ കേരളത്തില് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്തിനുവേണ്ടിയാണോ ആരംഭിച്ചത് ആ ഉദ്ദ്യേത്തിന്റെ കടയ്ക്കലാണ് കത്തി വയ്ക്കപ്പെട്ടത്. ഇപ്രകാരം പോകാനിരുന്ന വിദ്യാര്ത്ഥികള്ക്കാകട്ടെ വീണ്ടും പല നൂലാമാലകളിലൂടെ കടന്നുപോകേണ്ടിവന്നു എന്നുമാത്രമല്ല പലര്ക്കും ഉദ്ദേശിച്ച കോഴ്സുകളില് ചേരാനുമായില്ല. മറ്റു ചിലര്ക്ക് ആദ്യം കിട്ടിയ കോഴ്സുകള് കൈവിട്ടുപോയി. വിദ്യാര്ത്ഥികളുടെ ജീവിതത്തില് വഴിത്തിരിവാകുന്ന പ്രൊഫഷണല് കോഴ്സുകളുടെ കാര്യത്തില് ഇത്ര നിരുത്തരവാദപരമായി പെരുമാറിയിട്ടുള്ള സര്ക്കാരുകള് വേറെ എവിടെയും കാണുമെന്ന് തോന്നുന്നില്ല.






