എമര്‍ജന്‍സി ആന്റ് ആക്‌സിഡന്റ് വിഭാഗങ്ങളില്‍ ആശുപത്രിയിലെത്തുന്നവര്‍ക്ക് ഉടന്‍ ചികിത്സ ലഭിക്കുമെന്നാണ് ധാരണയെങ്കില്‍ തെറ്റി. നാലുമണിക്കൂറില്‍ കൂടുതല്‍ ഇവിടെ ചികിത്സ കിട്ടാന്‍ സാധ്യതയില്ലെന്നതാണ് സ്ഥിതി. ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്‌ലി നടത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ മൂലം കാത്തിരിപ്പ് 63 ശതമാനംവരെ വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇങ്ങനെ നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണം 73,000ത്തില്‍ അധികമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 ശതമാനമെങ്കിലും കൂടുതലാണിത്.
മിഡ് സ്റ്റഫോര്‍ഡ്‌ഷയര്‍ എന്‍എച്ച്‌എസ് ട്രസ്‌റ്റിനു കീഴിലുള്ളവരാണ് ഏറ്റവുമധികം കാത്തിരിക്കേണ്ടി വരുന്നതെന്ന് ബിബിസി ന്യൂസ്‌നൈറ്റ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ആകെ രോഗികളില്‍ പത്തുശതമാനം പേര്‍ക്കും ഇവിടെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്. ബാണ്‍ലി ഹോസ്‌പിറ്റല്‍ എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണം ആറിരട്ടിയായാണ് വര്‍ദ്ധിച്ചത്. ആക്‌സിഡന്റ്‌സ് ആന്‍ഡ് എമര്‍ജന്‍സി വകുപ്പില്‍ ഈ വര്‍ദ്ധനവ് ഏറെ ആശങ്കാജനകമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഗവണ്‍മെന്റ് എന്‍എച്ച്‌എസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ് ഇക്കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്‌റ്റംബര്‍ ഡിസംബര്‍ കാലത്ത് ആക്‌സിഡന്റ്‌സ് ആന്‍ഡ് എമര്‍ജന്‍സി വകുപ്പില്‍ ആകെ 184,000 രോഗികള്‍ നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തിരുന്നുവെന്നാണ് കണക്ക്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300,000 രോഗികള്‍ അത്യാഹിതവിഭാഗത്തില്‍ കാത്തിരിക്കേണ്ടി വന്നു. ട്രസ്‌റ്റിന്റെ 149 ആശുപത്രികളില്‍ 129 എണ്ണത്തിലും അത്യാഹിതവിഭാഗത്തില്‍ നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഈ കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എന്‍എച്ച്‌എസിന്റെ വക്താവിന്റെ വാദം. അത്യാഹിതവിഭാഗത്തില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന കണക്കിലെടുത്തിട്ടെന്നും കഴിഞ്ഞ വര്‍ഷം നാലു മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നത് 2.2 ശതമാനമാണെങ്കില്‍ ഈ വര്‍ഷം അത് 3.5 ശതമാനമായി വര്‍ദ്ധിച്ചുവെന്നേയുള്ളൂ എന്നും വക്താവ് പറയുന്നു.
നാലു മണിക്കൂര്‍ എന്നത് ക്ലിനക്കല്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍ അനുസരിച്ച് പ്രാധാനമുള്ളതല്ലെന്നും എന്‍എച്ച്‌എസ് വിലയിരുത്തുന്നു. ജനരോഷം ഭയന്ന് എന്‍.എച്ച്.എസ് സ്വകാര്യവത്‌കരണ പദ്ധതികള്‍ തത്‌കാലത്തേയ്ക്ക് മാറ്റിവച്ചതുപോലെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്‌കാര പദ്ധതികളും മാറ്റിവച്ചില്ലെങ്കില്‍ സമസ്ത മേഖലകളിലും ജനജീവിതം കൂടുതല്‍ ദുസ്സഹമാകും.






