
തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണങ്ങള്‍ തന്റെ മഹത്വം കാരണമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കഴിഞ്ഞുവെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് എല്ലാവരും താരങ്ങളാണ്. മുന്നണിയുടെ പ്രതിനിധി എന്ന നിലയിലാണ് പ്രചാരകര്‍ക്ക് വലിയ സ്വീകരണം കിട്ടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണനേട്ടം ഉയര്‍ത്തിയാണ് നമ്മുടെ പ്രചാരണം. സര്‍ക്കാരിനെ നയിച്ച ആളെന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ 'മുഖാമുഖം' പരിപാടിയില്‍ വ്യക്തമാക്കി.
എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍ മാത്രം കേന്ദ്രീകരിച്ചതിന്റെയും എല്ലാ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ തങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം വി.എസിന്റെ ഫോട്ടോകൂടി അച്ചടിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പിണറായിയുടെ അഭിപ്രായപ്രകടനം.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നേതാക്കളില്‍ ചിലര്‍ മാത്രം താരങ്ങളാകുന്നത് സംബന്ധിച്ച ചോദ്യത്തിന് താങ്കള്‍ നല്‍കിയ മറുപടി പഴയ ബക്കറ്റിലെ വെള്ളവും തിരമാലയും സംബന്ധിച്ച വിശദീകരണത്തിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ''ബക്കറ്റൊക്കെ അവിടെയിരിക്കട്ടെ. അതുപിന്നെ പരിശോധിക്കാം'' എന്നായിരുന്നു പിണറായിയുടെ മറുപടി.
തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിനൊപ്പം മറ്റൊരു നേതാവിന്റെ ചിത്രം ഉള്‍പ്പെടുത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നത് പുതിയ പ്രവണതയാണെന്ന് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്. ഇന്ന് എല്ലാവരുടെയും പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥിയുടെ ഒരു ചിത്രം മാത്രമല്ല. സ്ഥാനാര്‍ഥി ഇരിക്കുന്നതും നില്‍ക്കുന്നതുമായ നിരവധി ചിത്രങ്ങളാണ്. ഇതും പുതിയ പ്രവണത തന്നെയാണ്-പിണറായി വിശദീകരിച്ചു.






