
തിരുവനന്തപുരം: ഇന്നലെ മുതല്‍ രണ്ടുരൂപയ്ക്ക് അരിവിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി. സംസ്ഥാനത്തൊരിടത്തും വിതരണം നടന്നില്ല.
ഇതിനിടെ കുടിശിക തീര്‍ത്ത് റേഷന്‍ വ്യാപാരികള്‍ക്ക് അരി വിതരണത്തിന് എത്തിക്കാന്‍ കഴിയാത്ത കെടുകാര്യസ്ഥത മറച്ചുകൊണ്ട് പുതിയ വാഗ്ദാനവുമായി ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ രംഗത്തെത്തി. റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കുടിശികത്തുക അടുത്തമാസം പൂര്‍ണമായും വിതരണം ചെയ്യുമെന്നു ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അടുത്തമാസം മുതല്‍ സര്‍ക്കാര്‍ നേരിട്ട് എഫ്‌സിഐക്കു പണം അടച്ച് അരി വിതരണം ആരംഭിക്കും. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കപ്പെടുമെന്നും മന്ത്രിയുടെ ഓഫിസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ഇന്നലെ മുതല്‍ അരി വിതരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെക്കുറിച്ച് പത്രക്കുറിപ്പില്‍ വിശദീകരണമില്ല.
തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരോധനം പിന്‍വലിച്ചുകൊണ്ട് രേഖാമൂലമുള്ള അറിയിപ്പ് ഇന്നലെ ഉച്ചക്കാണു ലഭിച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ വന്നതല്ലാതെ സര്‍ക്കാരിന് അറിയിപ്പു കിട്ടിയതു വൈകിയാണ്. എങ്കിലും നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് കിട്ടുന്ന മുറക്ക് അരി വിതരണം തുടങ്ങാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നിരോധനം നിലവില്‍ വരുന്നതു വരെ 71,281 എപിഎല്‍ കുടുംബങ്ങള്‍ക്ക് അരിവിതരണം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. ബാക്കി അപേക്ഷ കിട്ടുന്ന മുറയ്ക്കു വിതരണം ചെയ്യാനുള്ള അരി റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് കിലോ രണ്ടുരൂപയ്ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ രണ്ടുരൂപക്കു തന്നെ റേഷന്‍ വ്യാപാരികള്‍ക്കു ലഭ്യമാക്കാതെ 8.90-ന്റെ എപിഎല്‍ അരി വകമാറ്റി രണ്ടുരൂപക്കു വില്‍ക്കുന്നതിനു റേഷന്‍ വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുണ്ടെന്നു റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ഈ വിധത്തില്‍ വിതരണം ചെയ്ത അരിയുടെ വിലയോ അരിയോ ഏപ്രില്‍ മാസത്തില്‍ കണക്കുകള്‍ ഹാജരാക്കുന്ന മുറക്കു റേഷന്‍ വ്യാപാരികള്‍ക്കു നല്‍കുമെന്നു സിവില്‍സപ്ലൈസ് ഡയറക്റ്റര്‍ പത്രക്കുറിപ്പ് ഇറക്കുകയും അതിനുള്ള നിര്‍ദേശം താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ ഈ തുക ലഭിച്ചിട്ടില്ല. 8.90-ന്റെ അരി റേഷന്‍ വ്യാപാരിയെക്കൊണ്ട് എടുപ്പിച്ച് രണ്ടുരൂപാ വിലയ്ക്ക് വില്‍ക്കണമെന്നു പറയുന്നതു തന്നെ അശാസ്ത്രീയമാണ്. പദ്ധതിക്കുള്ള തുക കണ്ടെത്താതെ റേഷന്‍ വ്യാപാരിയെക്കൊണ്ടു ബാധ്യത ചുമപ്പിക്കുന്നതു ശരിയല്ല. ആ തുക എപ്പോള്‍ തരുമെന്നും പറയുന്നില്ല. അതിനാല്‍ റേഷന്‍ വ്യാപാരികളെ ഉപദ്രവിക്കാതെ അരി വിതരണത്തിനുള്ള തുക കണ്ടെത്തിയതിന്‌ശേഷം വിതരണം നടത്തുന്നതാണു നല്ലതെന്നും ഇവര്‍ പറയുന്നു. 2010 മുതല്‍ പരമ്പരാഗത തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി എസ്‌സി/എസ്ടി, ആശ്രയ തൊഴിലുറപ്പ് എന്നീ വിഭാഗങ്ങള്‍ക്കു മാസം പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും നല്‍കി വന്നിരുന്നത് ഏപ്രില്‍ മാസത്തില്‍ ആറു കിലോയായി വെട്ടിക്കുറച്ചുള്ള അലോട്ട്‌മെന്റാണു ഭക്ഷ്യവകുപ്പു നല്‍കിയിട്ടുള്ളത്. നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും തെരഞ്ഞെടുത്തിട്ടുള്ള എപിഎല്‍ കാര്‍ഡുകള്‍ക്കു പൂര്‍ണമായി നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ട്.
റേഷന്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറി പദ്ധതിക്കുള്ള തുക കണ്ടെത്തി കിലോ രണ്ടുരൂപക്ക് അരി വിതരണം ചെയ്താല്‍ സംസ്ഥാനത്തെ ഒരു റേഷന്‍ വ്യാപാരിയുടെയും എതിര്‍പ്പ് ഈ പദ്ധതിയെ സംബന്ധിച്ചുണ്ടാകുകയില്ല. അതല്ലാതെ പദ്ധതിക്കാവശ്യമായ തുക റേഷന്‍ വ്യാപാരിയുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ പറയുന്നു.
മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് വിഹിതത്തിലും ഗണ്യമായ കുറവ് 2011 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരുത്തി. ഇ കാര്‍ഡിന് രണ്ടും എന്‍ഇ കാര്‍ഡിന് അഞ്ചും ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ ഗണ്യമായ കുറവു വരുകയും അലോട്ട്‌മെന്റിനേക്കാള്‍ ഒരുലോഡ് 12,000 ലിറ്റര്‍ മണ്ണെണ്ണ വീതം സംസ്ഥാനത്തെ ഓരോ താലൂക്കിലും കുറവു വരുത്തിയിട്ടുണ്ട്. യഥാസമയങ്ങളില്‍ വിതരണത്തിനാവശ്യമായ അലോട്ട്‌മെന്റിന്റെ അളവ് കൃത്യമായ കണക്കുകള്‍ നല്‍കാത്തതു കാരണം 2008-ല്‍ നിലവിലുണ്ടായിരുന്ന കാര്‍ഡുകളെക്കാള്‍ ലക്ഷക്കണക്കിനു കാര്‍ഡുകള്‍ പുതുതായി നല്‍കിയിട്ടുണ്ട്. കാര്‍ഡുകള്‍ കൂടുന്നതനുസരിച്ചു അലോട്ട്‌മെന്റ് വര്‍ധിപ്പിക്കണം. ഭക്ഷ്യ സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇതിനു കാരണം. ഓരോ മാസത്തെയും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും ആവശ്യകത സര്‍ക്കാരിന് യഥാസമയം ബോധ്യപ്പെടുത്താത്തതാണു കാരണം. ഇതിനെ സംബന്ധിച്ചു ബന്ധപ്പെട്ട മേലധികാരികളെ ബധ്യപ്പെടുത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ എ. ഷാജഹാന്‍ ആവശ്യപ്പെട്ടു






