
അഞ്ച് വര്‍ഷം കൊണ്ട് 46,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. കൂട്ടിക്കടയില്‍ ഇരവിപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.കെ.ബാവയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇ.അഹമ്മദ്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 26,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ കടബാധ്യതയെങ്കില്‍ ഇടതുസര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരിച്ചപ്പോള്‍ കടം 72,000 കോടിയായി ഉയര്‍ന്നു. 46,000 കോടിയുടെ അധികബാധ്യത ഉണ്ടാക്കിയവര്‍ ട്രഷറി പൂട്ടിയിട്ടില്ലെന്ന് വീമ്പിളക്കുകയാണ്. നുണയും കാപട്യവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര- ഇ.അഹമ്മദ് പറഞ്ഞു. ക്ഷേമപദ്ധതികളുടെ പെരുമഴയുമായാണ് ഇടതുസര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചത്. എല്ലാ മേഖലയിലും ക്ഷേമപെന്‍ഷനുകള്‍ അനുവദിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ ഇതിനുള്ള പണം വകയിരുത്താന്‍ സര്‍ക്കാരിനായിട്ടില്ല. ഇല്ലാത്ത ഇസ്‌ലാമിക് ബാങ്കില്‍ നിന്നും കടമെടുക്കുമെന്നാണ് പറയുന്നത്.
ഇസ്‌ലാമിക് ബാങ്ക് രൂപീകരിക്കുന്നതിന് ഇനിയും എത്രയോ കടമ്പകളുണ്ട്. ആറ് മാസമോ, ഒരു വര്‍ഷമോ കൊണ്ട് രൂപീകരിക്കാവുന്നതല്ല, ഇസ്‌ലാമിക് ബാങ്ക്. ബാങ്ക് വരാം, വരാതിരിക്കാം. ഇസ്‌ലാമിക് ബാങ്കില്‍ നിന്നും 44,000 കോടി കണ്ടെത്താമെന്നാണ് ഇടതുസര്‍ക്കാര്‍ പറയുന്നത്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കുന്നതല്ലെ ഈ നിലപാട്- ഇ.അഹമ്മദ് ചോദിച്ചു. ഗര്‍ഭിണിയെ വിവാഹം കഴിച്ച അവസ്ഥയാണ് ഇടതുസര്‍ക്കാരിന്. തൊഴിലുറപ്പ് പദ്ധതിയായാലും, ഭവന പദ്ധതിയായാലും വ്യവസായ സ്ഥാപനങ്ങളായാലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും കൊണ്ടുവന്ന സ്ഥാപനങ്ങളുമാണ് കേരളത്തിലുണ്ടായത്. എന്നാല്‍ ഇതിന്റെയെല്ലാം കുത്തകാവകാശികളായി ഇടതുപക്ഷം സ്വയം അവരോധിക്കുകയാണ്.വ്യവസായിക രംഗത്തുണ്ടായ ഒരോ നേട്ടങ്ങള്‍ക്ക് പിന്നിലും കേന്ദ്രസര്‍ക്കാരിന്റെ പണവും പദ്ധതിയുമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകനേട്ടം മദ്യഷാപ്പുകള്‍ അനുവദിച്ചത് മാത്രമാണ്.
എല്‍.പി സ്‌കൂള്‍ ചോദിച്ചവരോട് മദ്യഷാപ്പിന് ശുപാര്‍ശ ചെയ്യാമെന്ന് പറഞ്ഞ മന്ത്രിയാണ് കേരളം ഭരിച്ചത്. ഏപ്രില്‍ 13 കഴിയുമ്പോള്‍ ദുര്‍ഭരണത്തില്‍ നിന്നും മോചനം കിട്ടുമെന്ന മന:സമാധാനത്തിലാണ് ജനങ്ങള്‍. ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്‌തെന്ന് അവകാശപ്പെടാനില്ലാത്തതുകൊണ്ടാണ് വിവാദങ്ങളും കയ്യാമവുമായി തെരഞ്ഞെടുപ്പ് ജയിക്കാന്‍ നടക്കുന്നതെന്ന് ഇ.അഹമ്മദ് പരിഹസിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടിയത് യു.പി.എ സര്‍ക്കാരിന്റെ മികവുറ്റ ഭരണത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ കൂട്ടിക്കട അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഡോ.എ.യൂനുസ്‌കുഞ്ഞ് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.അന്‍സാറുദ്ദീന്‍, എ.എസ്.നോള്‍ഡ്, അനൂപ്, രാമചന്ദ്രന്‍, കേരളപുരം ഷെരീഫ്, എം.എ.സലാം, എ.ഫസിലുദ്ദീന്‍, ഐ.ഷംസുദ്ദീന്‍, ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. വാളത്തുംഗല്‍ നൗഷാദ് സ്വാഗതം പറഞ്ഞു.






