
നടക്കാത്ത പ്രഖ്യാപനങ്ങളും നടപ്പാക്കാനാവാത്ത നിര്‍ദേശങ്ങളും നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും പാവപ്പെട്ട ജനങ്ങളെ വിഡ്ഡികളാക്കുന്നു. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന അരിപ്രശ്‌നത്തിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലുമുള്‍പ്പെടെ
നടപ്പാകാത്ത പ്രഖ്യാപനങ്ങള്‍ നടത്തി അവസാനമണിക്കൂറിലും ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനാണ് സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉറക്കത്തിലായിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു തൊട്ടുമുന്‍പ് ഞെട്ടിയുണര്‍ന്ന് നടത്തിയ കപടനാടകത്തിലൂടെ പാവപ്പെട്ട ജനങ്ങളുടെ കഞ്ഞിയില്‍ മാത്രമല്ല, കണ്ണിലും മണ്ണുവാരിയിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയം മുന്നില്‍ കണ്ട് അണികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിക്കൂടിയാണ് ഇടതുമുന്നണി അരിപ്രശ്‌നത്തെ സമീപിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന വിലകുറഞ്ഞ പ്രഖ്യാപനങ്ങള്‍ കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ ഇടതുസര്‍ക്കാരിനെ കൂടുതല്‍ പരിഹാസ്യകഥാപാത്രമായി മാറ്റുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് അരിവിതരണത്തിന്റെ പേരില്‍ മുതലെടുപ്പു നടത്താനുള്ള ശ്രമം ദയനീയമായി പൊളിയുകയും ഒപ്പം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയായിരുന്നുവെന്ന് പുറംലോകം അറിയുകയും ചെയ്തതോടെയാണ്ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴമില്ലെന്നു പറഞ്ഞ സര്‍ക്കാരിന്റ കള്ളി വെളിച്ചത്തായത്. സര്‍ക്കാര്‍ ഉത്തരവിലെ അപാകതയാണ് രണ്ടുരൂപയ്ക്ക് അരിവിതരണം നടത്താന്‍ സാധിക്കാതെ വന്നതെന്ന് വ്യക്തമായതോടെ വീണിടത്തുകിടന്ന് ഉരുളാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രമം. 5 വര്‍ഷമായി ഭരണം നടത്തുന്ന സര്‍ക്കാര്‍ ഭരണം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ 2 രൂപയ്ക്ക് അരി എന്ന നാടകവുമായി രംഗത്ത് വന്നതുതന്നെ തെരഞ്ഞെടുപ്പുമാത്രം മുന്നില്‍ കണ്ടാണെന്ന് വ്യക്തമായിരുന്നു.
ഫെബ്രുവരി 25-നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത്. തികച്ചും അവ്യക്തമായ ഉത്തരവില്‍ എത്രകിലോഗ്രാം അരി നല്‍കുമെന്നോ ഇതിനാവശ്യമായ സബ്‌സിഡി എങ്ങിനെ നല്‍കുമെന്നോ പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് 2 രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഭരണാനുമതി നല്കുന്നതായാണ് ഉത്തരവിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.പദ്ധതിക്കാവശ്യമായ ഫാറങ്ങള്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തയാറാക്കി റേഷന്‍ കടകള്‍വഴി വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ളവര്‍, 2,500 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുള്ള കുടുംബങ്ങള്‍ എന്നിങ്ങനെയുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹത ഇല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഉത്തരവിലൊരിടത്തും ഒരു കാര്‍ഡിന് എത്ര കിലോഗ്രാം അരി നല്‍കുമെന്നോ ഇതിനാവശ്യമായ അരി റേഷന്‍കടകള്‍ക്ക് നല്‍കുന്ന കാര്യമോ പരാമര്‍ശിച്ചിട്ടുപോലുമില്ല. കടകളില്‍ സ്റ്റോക്കുള്ള 8.90 രൂപയുടെ അരി രണ്ടുരൂപയ്ക്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയാല്‍ റേഷന്‍കട ഉടമകള്‍ക്ക് ബാക്കി തുക സബ്‌സിഡി നല്കുന്ന കാര്യവും ഉത്തരവിലില്ല. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ അരി എവിടെനിന്ന് ലഭ്യമാക്കുമെന്നുപോലും പറയാതെ ഉത്തരവ് ഇറക്കി പാവപ്പെട്ട ജനങ്ങളെ രാഷ്ട്രീയകപടനാടകത്തിന് കരുവാക്കുകയായിരുന്നു സര്‍ക്കാര്‍ ഇതില്‍ തന്നെ വ്യക്തമാണ്.






