മറ്റൊരു മുന്നണി കേരളം ഭരിച്ചിട്ടുപോലും കേന്ദ്രം നിര്‍ലോഭമായി കേരളത്തെ സഹായിക്കുന്നു. എല്ലാ ജില്ലയിലും 35-ഓളം ചെറുതും വലുതുമായ കേന്ദ്ര പദ്ധതികള്‍ അനുവദിച്ചു. കേന്ദ്രപദ്ധതികളുടെ പെരുമഴക്കാലമാണ് കേരളത്തില്‍. ചില പദ്ധതികള്‍ സംസ്ഥാനസര്‍ക്കാറിന്റെ പിടിപ്പുകേടും മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കങ്ങളുംകൊണ്ട് മുടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി യോജിപ്പുള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടെങ്കില്‍ ഇവ അനായാസം നടപ്പാക്കാമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ അതുണ്ടാവും. ഓരോ ദിവസം കഴിയുന്തോറും യു.ഡി.എഫ്. അനുകൂല കാറ്റിന് ശക്തി കൂടിവരികയാണ്. സംസ്ഥാനസര്‍ക്കാറിനെതിരെ പൊതുജനവികാരം ശക്തമാണ്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും ഒരു ഭരണനേട്ടവും എല്‍.ഡി.എഫിന് പറയാനില്ല. അവര്‍ക്ക് ഭരണത്തുടര്‍ച്ച നല്‍കുന്നത് അപകടമാണ്. 34 വര്‍ഷമായി സി.പി.എം. ഭരിക്കുന്ന ബംഗാളാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനം. അവിടെനിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലാണ് പണിയെടുത്തുജീവിക്കുന്നത്. 28 ശതമാനം ന്യൂനപക്ഷസമുദായങ്ങളുള്ള ബംഗാളില്‍ കേവലം രണ്ടു ശതമാനംമാത്രമാണ് സര്‍ക്കാര്‍ സര്‍വിസിലുള്ളത്. എന്നിട്ടും സി.പി.എമ്മിന് എങ്ങനെ ന്യൂനപക്ഷപ്രേമം പറയാന്‍ കഴിയുന്നു?-ആന്റണി ചോദിച്ചു.
അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ട് അഴിമതിക്കും അക്രമത്തിനുമെതിരെ ഒരു കേസുപോലും ഇടതുസര്‍ക്കാര്‍ എടുത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. ഒറ്റക്കെട്ടായാണ് നേരിടുന്നത്. ഇടതുമുന്നണിയുടെ പല വന്‍മരങ്ങളും കടപുഴകും. അക്കൗണ്ട് തുറക്കുമെന്ന ബി.ജെ.പി.യുടെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും ആന്റണി പറഞ്ഞു.
യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും നടപടിക്രമമനുസരിച്ചു മാത്രമേ അക്കാര്യം പ്രഖ്യാപിക്കൂ എന്നും ആന്റണി വിശദീകരിച്ചു.






