ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാല് 93 വയസ്സുള്ള മുഖ്യമന്ത്രിയാകും വരികയെന്ന് എഐസിസി ജനറല് സെക്രട്ടറി രാഹുല് ഗാന്ധി. എന്നാല്, യുവാക്കളെയും രാഷ്ട്രീയത്തില് പരിചയസന്പന്നരായ മുതിര്ന്നവരെയുമാണ് യുഡിഎഫ് അണിനിരത്തിയിട്ടുള്ളത്. വ്യാവസായിക, സാന്പത്തിക വളര്ച്ചയില് ഇടതുസര്ക്കാര് കേരളത്തെ പിന്നോക്കം കൊണ്ടുപോയെന്നും ജനങ്ങളെ മറന്ന് പാര്ട്ടിയുടെ നേട്ടത്തിനു വേണ്ടിയാണ് ഇവര് പ്രവര്ത്തിച്ചതെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹൂല് ഗാന്ധി പറഞ്ഞു.
കേരളീയര് ലോകമെന്പാടും കഴിവ് തെളിയിച്ചിട്ടുള്ളവാരണെങ്കിലും സംസ്ഥാനത്ത് അതിനനുസരിച്ചുള്ള സാന്പത്തിക വളര്ച്ചയില്ല. സാന്പത്തിക മുന്നേറ്റം സൃഷ്ടിക്കാനുള്ള വികസന അജന്ഡ ഇടതുസര്ക്കാരിന് ഇല്ലാത്തതാണ് ഇതിനുകാരണം. വ്യവാസയം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില് ഗുണപരമായ ഒരു മാറ്റവും ഈ സര്ക്കാര് ഉണ്ടാക്കിയില്ല.
ഇടതുസര്ക്കാരിനു ജനങ്ങളേക്കാള് വലുതു പാര്ട്ടിയാണ്. പാര്ട്ടിയുടെ കാര്യം ഭദ്രമാക്കിയതിനു ശേഷമേ ജനങ്ങളുടെ കാര്യം ചിന്തിക്കുകയുള്ളൂ. മലയാളികളെ എന്നും കൂച്ചുവിലങ്ങിട്ടു നിര്ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ 45 ലക്ഷം ചെറുപ്പക്കാര് തൊഴിലില്ലാതെ അലയുന്പോള് സിപിഎമ്മുകാരനാണെങ്കില് മാത്രം തൊഴില് കിട്ടുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലെന്ന് രാഹുല് വിമര്ശിച്ചു. പാര്ട്ടിയുടെ സങ്കുചിത താല്പ്പര്യം മാത്രം സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിന്റെ നാളുകള് എണ്ണപ്പെട്ടതായി രാഹുല് പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാര്ക്ക് തൊഴില് വേണമെങ്കില് ഗള്ഫ് രാജ്യങ്ങളിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പോകണം. അല്ലെങ്കില് സിപിഎമ്മുകാരനാവണം. കേരളത്തില് വ്യവസായ, വാണിജ്യ സ്ഥാപനങ്ങള് തുടങ്ങാന് ആരും വന്നേക്കരുതെന്ന ധിക്കാരപരമായ സമീപനമാണ് സിപിഎമ്മിന്റേത്. ഈ ദുശ്ശാഠ്യമാണ് കേരളത്തിന്റെ ഇന്നത്തെ ദുഃസ്ഥിതിക്കു കാരണം. കേന്ദ്രം നല്കിയ ആയിരക്കണക്കിനു കോടി രൂപ ചെലവിടുക മാത്രമാണു കേരളത്തിലെ സര്ക്കാര് ചെയ്തത്. സ്വന്തമായി പദ്ധതികള് നടപ്പാക്കുന്ന ഒരു സര്ക്കാര് വരണമെങ്കില് ഇവിടെ യുഡിഎഫ് അധികാരത്തില് വരണം. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില് വന്നാല് തീര്ത്ഥാടക തലസ്ഥാനമായ പത്തനംതിട്ട ജില്ലയ്ക്കുവേണ്ടി സമഗ്ര തീര്ത്ഥാടക-ടൂറിസം വികസനപദ്ധതി തയ്യാറാക്കുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്ത്ഥികളുടെ പ്രചാരണത്തിനായി എറണാകുളം, അന്പലപ്പുഴ, ചെങ്ങന്നൂര്, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിലെ വിവിധ യോഗങ്ങളില് പ്രസംഗിച്ച രാഹുല് ഗാന്ധി സിപിഎമ്മിനെ കടന്നാക്രമിച്ചു.
പൊള്ളുന്ന ഉച്ചവെയിലിലും രാഹുലിനെ കാണാന് ആയിരക്കണക്കിനാളുകളാണ് കാത്തുനിന്നത്. ചാലക്കുടിയില് രാഹുലിനെ വിഷുപുഷ്പമായ കണിക്കൊന്നപ്പൂക്കള് നല്കിയാണ് കോണ്ഗ്രസ് നേതാക്കള് സ്വീകരിച്ചത്. രാഹുല് ഗാന്ധി വേദിയിലെത്തിയയുടന് ആരംഭിച്ച കരഘോശം പ്രസംഗത്തിനിടെയും ആവര്ത്തിച്ചു. തിരിച്ചുപോകുന്ന വഴി ബാരിക്കേഡിനിടയിലൂടെ പ്രവര്ത്തകരെ ആശ്ളേഷിക്കുകയും ചെയ്തു.
കെ.പി.സി.സി.പ്രസിഡന്റും ഹരിപ്പാട്ടെ സ്ഥാനാര്ത്ഥിയുമായ രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്, എ.ഐസിസി ജനറല് സെക്രട്ടറി മധുസൂദനന് മിസ്ത്രി, എഐസിസി സെക്രട്ടറി ഷാനിമോള് ഉസ്മാന് എന്നിവര്ക്കൊപ്പമാണ് രാഹുല് ആലപ്പുഴ ജില്ലയിലെ വേദിയിലെത്തിയത്.






