Random Posts

Wednesday, April 27, 2011

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: കേരള സര്‍ക്കാര്‍ പാഴാക്കിയത് 167 കോടി


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഈ സാമ്പത്തിക വര്‍ഷം ഇടതു സര്‍ക്കാര്‍ 167 കോടി രൂപ പാഴാക്കിയതായി ദേശീയ തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) ജില്ല പ്രസിഡന്റ് അഡ്വ വിതുര ശശി ആരോപിച്ചു.
തിരുവനന്തപുരം ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് യൂണിയന്‍ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്നതിന്റെ പകതീര്‍ക്കലായിട്ടാണ് ഇടതുമുന്നണി വൈരാഗ്യ ബുദ്ധിയോടെ പദ്ധതിവിഹിതം ലാല്‌സാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ പട്ടിണിയിലാക്കിയിട്ട് രണ്ടുരൂപയ്ക്ക് അരി വാഗ്ദാനം ചെയ്ത ഇടതു സര്‍ക്കാര്‍ 167 കോടി രൂപ ഗ്രാമാന്തരങ്ങളിലെ പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചിരുന്നുവെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദയനീയപരാജയം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച 150 രൂപ വേതനത്തിന്റെ കുടിശ്ശിക നല്‍കണമെന്നുയോഗം ആവശ്യപ്പെട്ടു. 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്തുകള്‍ കാലേക്കൂട്ടി സ്വീകരിക്കണം. പഞ്ചായത്തുതലങ്ങളില്‍ രൂപീകരിക്കുന്ന സമിതികളില്‍ യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി പദ്ധതിയെ സുതാര്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ണറ വേണു, വി ജെ ജോസഫ്, പി സുധാകരന്‍, മാരായമുട്ടം സത്യദാസ്, വെള്ളറ അശോകന്‍, എന്നിവര്‍ സംസാരിച്ചു.