ലോക്കല്‍ സെക്രട്ടറിക്കെതിരെ പിണറായിക്ക് കത്തയച്ചയാള്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍
വ്യാഴാഴ്ച രാത്രി സമീപത്തെ മരണവീട്ടില്‍പോയ സുനില്‍രാജ് വെള്ളിയാഴ്ച രാവിലെയും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മനോവിഷമംമൂലം ഇയാള്‍ ആത്മഹത്യചെയ്തതാണെന്നാണ് കേസ് അന്വേഷിക്കുന്ന ചിങ്ങവനം പോലീസ് അറിയിച്ചത്.
ഒരാഴ്ചമുമ്പ് തിരുവല്ലയില്‍നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെ സുനില്‍രാജിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ തിരുവല്ലയിലെ സി.പി.എമ്മിന്റെ ഒരു പ്രാദേശിക നേതാവാണെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്. ഈ സംഭവത്തിനും സുനില്‍രാജിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മര്‍ദ്ദനം സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുനില്‍രാജും ഭാര്യയും അകന്നു കഴിയുകയാണ്. ഇത് കുന്നന്താനത്തെ സി.പി.എം. പ്രാദേശിക നേതാവുമായുള്ള ബന്ധത്തെത്തുടര്‍ന്നാണെന്ന് സുനില്‍രാജ് പാര്‍ട്ടി സെക്രട്ടറിക്ക് അയച്ചകത്തില്‍ പറയുന്നുണ്ട്.
ഭാര്യയുമായുള്ള വഴിവിട്ടബന്ധത്തെക്കുറിച്ച് പ്രാദേശിക നേതാവിനോട് ചോദിക്കാനോ, എതിര്‍ക്കാനോ ഭയമാണെന്നും ചോദ്യംചെയ്താല്‍ രാഷ്ട്രീയമായി ഏറെ സ്വാധീനശക്തിയുള്ള ഈ നേതാവ് തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഫിബ്രവരി 14 നാണ് സുനില്‍രാജ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കത്തയച്ചിരിക്കുന്നത്.
സംഭവത്തില്‍ ദുരൂഹതയില്ലെന്നും ബന്ധുക്കള്‍ പരാതി പറഞ്ഞിട്ടില്ലെന്നുമാണ് ചിങ്ങവനം പോലീസിന്റെ നിലപാട്. കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചിരുന്ന വിവരം സുനില്‍രാജിന്റെ ചില അടുത്ത സുഹൃത്തുക്കള്‍ക്കറിയാമായിരുന്നു. ചിങ്ങവനം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കരിപ്പാല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.






