Random Posts

Friday, April 1, 2011

സിപിഎം 'കാര്‍ മര്‍ദിച്ചു അവശനാക്കിയ യൂത്ത് കോണ്‍ഗ്രസ്‌'കാരന്‍ മരിച്ച നിലയില്‍

കേളകം(കണ്ണൂര്‍): തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യൂത്ത് കോണ്‍ഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡന്റ് ഇടവന ബാലന്റെ(31) മൃതദേഹത്തില്‍ 37 മുറിവുകളുണ്ടെന്ന് കണ്ടെത്തി.

ബാലനെ ചൊവ്വാഴ്ച രാത്രി സി.പി.എം. പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി ഉണ്ടായിരുന്നു. ബുധനാഴ്ചകാലത്താണ് ബാലനെ മരിച്ചനിലയില്‍ കണ്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശരീരത്തിലെ മുറിവുകള്‍ സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം, മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നിഗമനം എന്നാണ്‌സൂചന. അസ്വാഭാവികമരണത്തിന് കേളകം പോലീസ് കേസെടുത്തു. ആരെയും പ്രതിചേര്‍ത്തിട്ടില്ല.

ബാലന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുപറമ്പില്‍ വ്യാഴാഴ്ച വൈകിട്ട് സംസ്‌കരിച്ചു. ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു.

നേരത്തെ മൃതദേഹം കണിച്ചാറില്‍വെച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വീട്ടിലെത്തിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ബ്ലാത്തൂര്‍, എം.കെ.വിനോദ്, ചന്ദ്രന്‍ തില്ലങ്കേരി, ജയ്‌സണ്‍ തോമസ്, പൊയില്‍ മുഹമ്മദ്, മൈക്കിള്‍ ടി.മാലത്ത്, ലിസി ജോസഫ്, പി.കെ.ജനാര്‍ദനന്‍, ഇബ്രാഹിം മുണ്ടേരി, പാല്‍ ഗോപാലന്‍, പൈലി വാത്യാട്ട്, സാജു വാത്യാട്ട് തുടങ്ങി ഒട്ടേറെപേര്‍ അന്തിമോപചാരമര്‍പ്പിച്ചു.