
ഏതു രാജ്യത്തിന്റെയും ശക്തി ആ രാജ്യത്തെ ചെറുപ്പക്കാരാണ്. തങ്ങളുടെ മനുഷ്യവിഭവശേഷി ഔചിത്യപൂര്ണ്ണമായി ഉപയോഗപ്പെടുത്തുക വഴിയാണ് രാജ്യങ്ങള് പുരോഗതിയിലേക്കു കുതിക്കുന്നത്.
എന്നാല്, കേരളത്തെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരുടെ കഴിവ് വേണ്ട വണ്ണം ഉപയോഗപ്പെടുത്തുവാന് നമുക്ക് സാധിക്കുന്നില്ല. തല്ഫലമായി നമ്മുടെ സംസ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ വളര്ച്ച നിരക്കാണ് ഏറെക്കാലമായി നിലനില്ക്കുന്നത്. 1993-94 ല് തൊഴിലില്ലായ്മ വളര്ച്ചനിരക്ക് 15.51 ശതമാനം ആയിരുന്നെങ്കില് 1999-2000 ത്തില് അത് 20.97 ശതമാനം ആയിവര്ദ്ധിച്ചു. അതേസമയം ഈ കാലയളവില് അഖിലേന്ത്യാതലത്തില് അത് യഥാക്രമം 5.99 ശതമാനവും 7.32 ശതമാനവുമായിരുന്നു. ഇന്ത്യയില് തൊഴില് വളര്ച്ച നിരക്കിന്റെ കാര്യത്തില് ഏറ്റവും പിന്നിലും, തൊഴിലില്ലായ്മാനിരക്കിന്റെ കാര്യത്തില് ഏറ്റവും മുന്നിലും നില്ക്കുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്.
വിദ്യാഭ്യാസസൌകര്യം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില് മികച്ചതായതിനാല് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ സംഖ്യയിലാണ് ഓരോ വര്ഷവും ഗണ്യമായ വര്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള് എംപ്ളോയ്മെന്റ് എക്സേചേഞ്ചില് പേര് രജിസ്റ്റര് ചെയ്തിട്ടുള്ളവരില് 82.7 ശതമാനം പേരും എസ്.എസ്.എല്.സി.യും അതില് കൂടുതലും വിദ്യാഭ്യാസയോഗ്യത നേടിയിട്ടുള്ളവരാണ്. 2005 ജൂണ് മാസത്തെ കണക്കനുസരിച്ച് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്തവരില് 3895 ഡോക്ടര്മാരും 9661 എഞ്ചിനീയര്മാരും ഉള്പ്പെടും. 31.3.2005 ലെ കണക്കനുസരിച്ച് ആകെ രജിസ്റ്റര് ചെയ്ത 37,23,836 ഉദ്യോഗാര്ത്ഥികളില് 1,61,887 പേരും പ്രൊഫഷണല് വിദ്യാഭ്യാസയോഗ്യത നേടിയവരായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ ഫലമായി തൊഴിലന്വേഷകരായ വനിതകളുടെ എണ്ണത്തിലും പ്രകടമായ വര്ധന ദൃശ്യമാണ്. ആകെ രജിസ്റ്റര് ചെയ്തവരില് 15,83,311 പേര് പുരുഷന്മാരാണെങ്കില് 21,40,525 പേര് സ്ത്രീകളാണ്.
ഇത്രയുംപേര് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യുന്നുണ്ടെങ്കിലും അതുവഴിയുള്ള തൊഴില്ലഭ്യത വര്ഷം പ്രതി കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള് സൂചിപ്പിക്കുന്നത്. രണ്ടായിരത്തില് 23,012 പേര്ക്ക് തൊഴിലവസരങ്ങള് തുറന്നുകിട്ടിയെങ്കില്, 2004 ല് 8711 പേര്ക്കു മാത്രമേ തൊഴിലവസരങ്ങള് ലഭിച്ചുള്ളൂ. താല്ക്കാലിക തൊഴില്ദാതാവെന്ന നിലയില് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്ക്ക് ഒരു കാലത്തുണ്ടായിരുന്ന പ്രസക്തി അന്പേ നഷ്ടപ്പെടുന്നു എന്നാണിതു വ്യക്തമാക്കുന്നത്.
കേരളത്തിലെ ചെറുപ്പക്കാര് ഏറെക്കാലമായി തൊഴില് തേടുന്നത് മറുനാടുകളില് പോയിട്ടായിരുന്നു. 2004-ലെ കണക്കനുസരിച്ച് 18.4 ലക്ഷം പേര് ഇപ്രകാരം അയല് സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ആയി കുടിയേറിയിട്ടുണ്ട്. ഇതില് 95 ശതമാനം പേരും ഗള്ഫ് രാജ്യങ്ങളെയാണ് ആശ്രയിച്ചത്. എന്നാല്, കുറച്ചുകാലമായി ഗള്ഫ് രാജ്യങ്ങളില് നിന്ന് വിവിധ കാരണങ്ങളാല് ആളുകള് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. 8.9 ലക്ഷം പേര് ഈവിധം മടങ്ങിവന്നിട്ടുണ്ടെന്നാണ് 2004ലെ ഒരു കണക്ക് സൂചിപ്പിക്കുന്നത്. ഇതില് 1,41,537 പേരും മലപ്പുറം ജില്ലയില്പ്പെട്ടവരാണ്. മൂന്നില് രണ്ടുപേരും 50 ല് താഴെ പ്രായമുള്ളവര്. കേരളത്തിലെ തൊഴിലില്ലായ്മയുടെ സംഖ്യ പെരുകുന്നതില് ഇപ്പോള് ഇവരുടേയും കൂടി സംഭാവന ഉണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സ്ഥിതിവിശേഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് ഉളവാക്കാന് പോന്നതാണ്. മാനവവിഭവശേഷി ഇവിടെത്തന്നെ ഉപയോഗിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, അത് അനഭിലഷണീയമായ തരത്തില് ദുര് വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും അവഗണിച്ചു തള്ളാനാവില്ല.
ഇത്തരമൊരു സാഹചര്യം അടിയന്തരപ്രാധാന്യം നല്കി നേരിടണമെന്ന മുന് യു.ഡി.എഫ്. സര്ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമായാണ് കേരളം വികസനത്തിന് പ്രഥമപരിഗണന നല്കണമെന്ന തീരുമാനത്തില് എത്തിച്ചേര്ന്നത്. തുടര്ന്ന്, സംസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റാന് ഉതകുന്നതും അനേകലക്ഷം ചെറുപ്പക്കാര്ക്ക് തൊഴില് സാധ്യത തുറന്നുകൊടുക്കുന്നതുമായ ഒട്ടേറെ ബൃഹദ്പദ്ധതികള് ആവിഷ്കരിക്കുകയുണ്ടായി.
കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ശ്രദ്ധേയമായ സംഭാവന നല്കിയിരുന്ന കൃഷി, വ്യവസായം, പ്രത്യേകിച്ച് പരന്പരാഗത വ്യവസായം എന്നീ മേഖലകളുടെ വികസനം ആശാവഹമായ ഫലപ്രാപ്തി കൈവരുത്തുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില് കരുതാന് സാധ്യമല്ലാത്തതിനാല്, ആധുനിക കാലഘട്ടത്തിനനുയോജ്യമായ തൊഴില് രംഗങ്ങള് വികസിപ്പിക്കുക എന്ന ആശയത്തിനാണ് യു.ഡി.എഫ്. സര്ക്കാര് പ്രാമുഖ്യം നല്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ഫര്മേഷന് ടെക്നോളജി രംഗത്ത് വികസന പരിപാടികള്ക്കു തുടക്കം കുറിച്ചതും. അതുകൂടാതെ, വിഷന് 2010, ഇന്ത്യന് രാഷ്ട്രപതി നിര്ദ്ദേശിച്ച പദ്ധതികള് എന്നിവയുടെ പ്രാരംഭപ്രവര്ത്തനങ്ങളും മുന്നോട്ടുപോയിരുന്നു. എന്നാല്, ഈ പദ്ധതികളുടെയെല്ലാം ഭാവി സംബന്ധിച്ച് ഇന്ന് ആര്ക്കും ഒരു രൂപവുമില്ല എന്നതാണ് അവസ്ഥ.
കേരളത്തിന്റെ വികസനത്തിനു ദിശാബോധം നല്കാനെന്ന പേരില് മാര്ക്സിസ്റ്റ് പാര്ട്ടിയുടെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര പഠനകോണ്ഗ്രസ് സംഘടിപ്പിക്കുകയും, സമഗ്രവികസനത്തിന്റെ പേരുചൊല്ലി മഞ്ചേശ്വരം മുതല് പാറശ്ശാലവരെ കേരള മാര്ച്ച് നടത്തുകയും ചെയ്തവര്ക്ക് ഇപ്പോള് തമ്മിലടി കഴിഞ്ഞിട്ട് മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാന് നേരമില്ലാതായിരിക്കുന്നു.
കേരളത്തിലെ യുവജനങ്ങള്ക്ക് ഇടതുമുന്നമി സര്ക്കാരില് നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാന് കഴിയുമെന്ന്, കഴിഞ്ഞ അഞ്ചുവര്ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില് ആര്ക്കുംതന്നെ വിശ്വാസിക്കാനാവുകയില്ല. നമ്മുടെ ചെറുപ്പക്കാര് തങ്ങളുടെ ഭാവിയെക്കുറിച്ച് നെയ്തുകൂട്ടുന്ന സ്വപ്നങ്ങള് ഒരളവുവരെയെങ്കിലും സാക്ഷാത്ക്കരിക്കുന്നതു കണ്ട് ചാരിതാര്ത്ഥ്യമടയുവാന് ഇടതുപക്ഷ സര്ക്കാരിന് മോഹവുമില്ല.
പത്തും പതിനഞ്ചും ഇരുപതും വര്ഷം വിദ്യാഭ്യാസത്തിനുവേണ്ടി വന് തുക ചെലവഴിച്ച് പുറത്തിറങ്ങുന്ന ചെറുപ്പക്കാര് ജീവിതത്തിന്റെ നാല്ക്കവലയില് ഇനി എന്തുചെയ്യണമെന്നറിയാതെ ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞ മനസ്സോടെ പകച്ചുനില്ക്കുകയാണ്.






