പതിമ്മൂന്നാം കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തിങ്കളാഴ്ച വൈകുന്നേരത്തോടെ സമാപനം. ചൊവ്വാഴ്ച നിശ്ശബ്ദപ്രചാരണം. ബുധനാഴ്ച രാവിലെ മുതല്‍ വോട്ടെടുപ്പ് . 2.31 കോടി വോട്ടര്‍മാരാണ് 20785 പോളിങ് ബൂത്തുകളിലായി വോട്ടുരേഖപ്പെടുത്തുക. 971 പേരാണ് മത്സരരംഗത്ത്.
ഇരുമുന്നണികളും അനായാസമെന്ന് കരുതിയ സീറ്റുകളില്‍പ്പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രചാരണം അങ്ങേയറ്റം വാശിയേറിയതും. പ്രചാരണങ്ങള്‍ക്ക് കഷ്ടിച്ച് പത്തുദിവസംപോലും കിട്ടിയില്ലെന്ന് ഇരുമുന്നണികളും പരാതിപ്പെടുന്നുണ്ടെങ്കിലും ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും പ്രചാരണവിഷയങ്ങള്‍ മാറിമാറി വരികയായിരുന്നു.
പത്തുദിവസത്തോളമായി കേരളത്തില്‍ തന്നെയുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി യു.ഡി.എഫിന് വേണ്ടി അച്യുതാനന്ദന്റെ ആദര്‍ശ അവകാശവാദങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും സര്‍ക്കാരിലും പുറത്തും പാര്‍ട്ടിക്ക് ഹിതകരമല്ലാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അച്യുതാനന്ദന്റെ പ്രവര്‍ത്തനത്തിലെ വൈരുദ്ധ്യമായിരുന്നു ആന്റണി പ്രധാനമായും ചൂണ്ടിക്കാണിച്ചത്. സ്ത്രീവിരുദ്ധര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന അച്യുതാനന്ദന്‍ സ്വന്തം എതിരാളിയായ ലതികാസുഭാഷിനെതിരെ നടത്തിയ വിവാദപരാമര്‍ശവും വലിയ പ്രചാരണവിഷയമായി യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍, പെണ്‍വാണിഭക്കാരെ കൈയാമം വെക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു നടക്കുമ്പോള്‍ സ്ത്രീപീഡനത്തിന് ആരോപണവിധേയനായ സി.പി.എം. നേതാവ് പി. ശശിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് യു.ഡി.എഫ്. ചോദ്യം ഉയര്‍ത്തി. സി.പി.എം.നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. ഈ വൈരുദ്ധ്യം വിശദീകരിക്കാന്‍ സി.പി.എമ്മിന് ഇതേവരെ കഴിഞ്ഞിട്ടുമില്ല.
വി.എസ്. അച്യുതാനന്ദന് സി.പി.എം. ആദ്യം സീറ്റ് നിഷേധിച്ചെങ്കിലും അവസാനം അദ്ദേഹംതന്നെ എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടതായും വന്നു. ഇടയ്ക്കുവെച്ച് എല്ലാവരും ചേര്‍ന്ന് പ്രചാരണം നയിക്കുമെന്ന് പിണറായി വിജയന്‍ ഭിന്നസ്വരം ഉയര്‍ത്തിയെങ്കിലും പ്രചാരണരംഗത്ത് അച്യുതാനന്ദന്റെ വീര്യത്തിന് കുറവൊന്നും വന്നില്ല. സി.പി.എമ്മിന്റെ തുറുപ്പുചീട്ട് അച്യുതാനന്ദന്റെ പ്രതിച്ഛായതന്നെയായിരുന്നു. എല്‍.ഡി.എഫിനെ പലതരത്തില്‍ ആക്രമിച്ചെങ്കിലും യു.ഡി.എഫിന്റെ പ്രധാനലക്ഷ്യം അച്യുതാനന്ദന്റെ പ്രതിച്ഛായ തകര്‍ക്കല്‍ തന്നെയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം കാരണം യു.ഡി.എഫ്. കളത്തിലിറങ്ങാന്‍ അല്പം വൈകിയെങ്കിലും പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ഏതാനും ചില മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ സാന്നിധ്യംമൂലം ശക്തമായ ത്രികോണ മത്സരവും നടക്കുന്നുണ്ട്.
ബി.ജെ.പി.യാണെങ്കില്‍ കുറഞ്ഞത് രണ്ടോ മൂന്നോ സീറ്റുകളെങ്കിലും ജയിക്കണമെന്ന വാശിയേ ാടെയാണ് രംഗത്തുള്ളത്. മണ്ഡലപുനര്‍നിര്‍ണയമാണ് പ്രവചനം അസാധ്യമാക്കുന്ന മറ്റൊരു ഘടകം.
പ്രചാരണം അവസാനിക്കുമ്പോള്‍ ബി.ജെ.പി.യുടെ ചായ്‌വിനെക്കുറിച്ചാണ് തര്‍ക്കം. മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് പകരം എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ജനതാദള്‍-യുവിലെ അഡ്വ. പി.കെ. മജീദിനെയാണ് നിര്‍ത്തിയത്. ഇത് ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ ധാരണയുണ്ടെന്ന പ്രചാരണത്തിന് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസംമുമ്പ് ആദര്‍ശശാലിയായ അച്യുതാനന്ദനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതും ശരിയല്ലെന്ന് പറഞ്ഞ് ജനതാദള്‍ -യു ദേശീയ നേതാവ് ശരത് യാദവ് ഇടപെട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ തര്‍ക്കം മുറുകിയപ്പോള്‍ ബി.ജെ.പി. ഇടപെട്ടു. മജീദിനെ പിന്‍വലിക്കുന്നതില്‍നിന്നു ജനതാദള്‍-യുവിനെ പിന്തിരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അരമണിക്കൂറിനുള്ളിലാണ് രണ്ട് തീരുമാനം ഉണ്ടായത്.
ന്യൂനപക്ഷങ്ങള്‍ ഒപ്പം നില്‍ക്കുന്നതാണ് യു.ഡി.എഫ്. തങ്ങളുടെ ശക്തിയായി കാണുന്നത്. അതോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വിജയം അനായാസമാണെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ യു.ഡി.എഫ്. നേതാക്കളില്‍ ചിലരുടെ അഴിമതി ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ നടത്തിയ പ്രചാരണവും സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം യു.ഡി.എഫിന് ആത്മവിശ്വാസം പകരുകയുമാണ്. എന്നാല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസവും കുഞ്ഞാലിക്കുട്ടിക്കേസും എടുത്തുകാട്ടിയാണ് അച്യുതാനന്ദന്‍ ഇതിനെ നേരിട്ടത് . പക്ഷേ വികസന കാര്യങ്ങള്‍ യു. ഡി.എഫ്. മുന്നോട്ടുവെക്കുകയും ദേശീയപാതാവികസനം ഉള്‍പ്പെടെ കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ സംസ്ഥാനം പാഴാക്കുകയും ചെയ്തുവെന്ന പ്രചാരണം സജീവമായതോടെ എല്‍.ഡി.എഫിന്റെ പ്രതിരോധശക്തി തകര്‍ന്നുപോവുകയായിരുന്നു. പ്രധാനമന്ത്രി തന്നെ ഇവിടെവന്ന് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത അക്കമിട്ട് നിരത്തിയതോടെ അച്യുതാനന്ദനും ഉത്തരംമുട്ടി.
വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് എല്‍.ഡി.എഫ്. തയ്യാറായതുമില്ല. ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രത്യേകതയും ഇതുതന്നെ; ഇരു മുന്നണികളും തമ്മില്‍ വികസനകാര്യങ്ങള്‍ മുഖ്യഅജന്‍ഡയായി വച്ച് ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ എല്‍.ഡി.എഫ്. കാണിച്ച വിമുഖത.
യു.ഡി.എഫിനുള്ള ന്യൂനപക്ഷപിന്തുണ ഭയന്നിട്ടാകണം ഒരിക്കല്‍ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്‌ലാമിയുമായി വീണ്ടും കൂട്ടുചേരാന്‍ സി.പി.എം. ശ്രമം നടത്തിയത്. അത് വിവാദമായപ്പോള്‍ ചില ന്യായങ്ങള്‍ പറഞ്ഞ് സി.പി.എം. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ച ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപനം വന്നു. അവര്‍ 124 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെ പിന്താങ്ങും. ആരുടെ വോട്ടും സ്വീകരിക്കുമെന്ന എല്‍.ഡി.എഫ്. നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പ്രഖ്യാപനം.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപരി വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് ഇത്തവണ മുന്‍ഗണന ലഭിച്ചത്. അത് വ്യക്തിഹത്യയ്ക്ക് വരെ ഇടമുണ്ടാക്കുകയും ചെയ്തു. അത് ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.






