Random Posts

Saturday, April 9, 2011

കഴിവിന്റെ കടലാഴങ്ങളുമായി ബല്‍റാം എന്ന കരുത്തന്‍


ഏറെ തെരഞ്ഞെടുപ്പുകളും സ്ഥാനാര്‍ത്ഥികളെയും കണ്ട തൃത്താലക്കാരുടെ മനസ്സില്‍ നിറംമങ്ങിയ ചുമരെഴുത്തുകളാണ് അവയൊക്കെ. പക്ഷെ, കാലത്തിന് മായ്ക്കാനോ മറക്കാനോ ആവാത്തവിധം ഇന്നൊരുപേരും മുഖവും അവരുടെ മനസ്സില്‍ കുടിയേറിയിരിക്കുന്നു.
യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം. മുഖം മനസ്സിന്റെ കണ്ണാടി എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ് മണ്ഡലത്തിലുടനീളമുള്ള ബല്‍റാമിന്റെ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും. ഒരു ക്രിക്കറ്റ് താരത്തെയോ സിനിമാതാരത്തെയോ ആരാധിക്കുംവിധം തൃത്താലയുടെ ഓമനയായി മാറിയിരിക്കയാണ് ജന്മംകൊണ്ട് മണ്ഡലത്തിന്റെ ഭാഗമായ പട്ടിത്തറക്കാരനായ ഈ മുപ്പതുകാരന്‍. അതുകൊണ്ടുതന്നെ ഒരു ഐ പി എല്‍ മത്സരത്തിന്റെ ആവേശത്തിലാണ് തൃത്താലയുടെ യുവത്വം.ബല്‍റാമിനെ തേടിയും മണ്ഡലത്തിന്റെ മനസ്സറിയാനുമുള്ള ഒരു യാത്രയില്‍ വഴി അന്വേഷിച്ചിറങ്ങിയത് ആനക്കരയിലായിരുന്നു. ഒരു നാടും അതിന്റെ മനസ്സും കവലയില്‍ വഴി പറഞ്ഞുതന്ന മധ്യവയസ്‌ക്കന്റെ വാക്കുകളില്‍നിന്നും വായിച്ചറിയാമായിരുന്നു. 'ഈ ചെറുപ്പക്കാരന്‍ തൂത്തുവാരും' അപേക്ഷിക്കുംവിധം നെഞ്ചില്‍ കൈ ചേര്‍ത്തുള്ള ബല്‍റാമിന്റെ ഫഌക്‌സ് ബോര്‍ഡ് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
തൃത്താലയുടെ ചുവന്നരാശി മായ്ക്കാന്‍ യു ഡി എഫ് ഇറക്കിയ ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാരന്‍ മണ്ഡലം കീഴടക്കുന്ന മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ പ്രതിരോധത്തിന് വഴിയില്ലാതെ ഇടതുപക്ഷം കുഴങ്ങുകയാണ്. യു ഡി എഫ് ഭരിക്കുന്ന ആനക്കരയും ചാലിശേരിയും തിരുമനക്കോടും കപ്പൂരും ബാല്‍റാം വളരെയേറെ മുന്നേറിയിരിക്കുന്നുവെന്നത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പൊങ്ങച്ചം പറച്ചിലല്ല. പാതയോരങ്ങളും വീട്ടകങ്ങളും ജനമനസ്സുകളും ബോധ്യപ്പെടുത്തുന്ന അനുഭവസാക്ഷ്യങ്ങളാണ്. ഇടതുഭരണത്തിലുള്ള നാഗലശേരിയും തൃത്താലയിലും പരുതൂരിലും ബാല്‍റാം സൃഷ്ടിക്കുന്ന പ്രകമ്പനത്തില്‍ ഇടതുമുന്നണിയുടെ അവകാശവാദവും ആധിപത്യവും ആടി ഉലയുന്ന കാഴ്ച ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.പട്ടിത്തറയുടെ ചുവന്ന കരുത്തിനെ ബന്ധുബലവും വിപുലമായ സൗഹൃദവലയവും കൊണ്ട് ബല്‍റാം കീഴടക്കി കഴിഞ്ഞു. പിറന്ന മണ്ണിന്റെ സ്‌നേഹവായ്പും പഠിച്ച സ്‌കൂളിന്റെ നിനവുകളും രാഷ്ട്രീയാതീതമായ ആനുകൂല്യങ്ങളാണ് ബല്‍റാമിന് നല്‍കുന്നത്. നാടിന്റെ മകനായി, സഹോദരനായി നാട്ടുകാരുടെ വിചാരങ്ങളില്‍ ഇരിപ്പിടം ഉറപ്പിച്ച ബല്‍റാം വോട്ടുതേടിയുള്ള യാത്രയില്‍ അനുഭവിക്കുന്ന സഹജാത സ്‌നേഹത്തിന്റെ മാധുര്യം അളക്കാനും തൂക്കാനും വയ്യ.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ബല്‍റാമിനെ പിന്തള്ളാന്‍ ഒരാളുമില്ല. അഭ്യസ്തവിദ്യരും വിദ്യാര്‍ത്ഥികളുമായ വോട്ടര്‍മാര്‍ ഏറെ ആദരവോടെയും അതിശയത്തോടെയുമാണ് ബല്‍റാമിന്റെ ബിരുദ പട്ടിക കാണുന്നത്.ബി എസ് സി പരീക്ഷയില്‍ സര്‍വ്വകലാശാല തലത്തില്‍ ഒന്നാം റാങ്ക്, ബി ടെക്, എം ബി എ, എല്‍ എല്‍ ബി എന്നീ അക്കാദമിക് യോഗ്യതകളുടെ വര്‍ണങ്ങള്‍കൊണ്ട് അലംകൃതമാണ് ബല്‍റാമിന്റെ പഠനകാലം. രാഷ്ട്രീയത്തില്‍ പുതിയ വിചാരങ്ങള്‍ക്ക് വിത്തിടുകയും പുതിയ വീഥികള്‍ വെട്ടിത്തുറക്കുകയും ചെയ്ത രാഹുല്‍ഗാന്ധിയുടെ കാലംവന്നതോടെ ആ ശൈലിയുടെ രസതന്ത്രം പഠിക്കാനും ജയിക്കാനും ബല്‍റാമിന് സാധിച്ചു.പഠനത്തില്‍ മിടുമിടുക്കനായിരുന്ന ബല്‍റാം കെ എസ് യു വിലും യൂത്ത് കോണ്‍ഗ്രസിലും പടിപടിയായുള്ള പദവികള്‍ നേടിയതും അധ്വാനത്തിന്റെയും അര്‍ഹതയുടെയും അടിസ്ഥാനത്തിലായിരുന്നു.
എഴുത്തിലും വായനയിലും പ്രസംഗത്തിലും കടലാഴങ്ങളാണ് ഈ യുവജന നേതാവില്‍ കാണാനാവുന്നത്. രാഷ്ട്രീയലോകം സ്വന്തം പാര്‍ട്ടിയിലും പാര്‍ട്ടിക്കാരിലും ഒതുങ്ങുന്ന നടപ്പുരീതിയില്‍നിന്നും വ്യത്യസ്തനായ ബല്‍റാം വ്യത്യസ്ത പാര്‍ട്ടിക്കാരും പാര്‍ട്ടി രഹിതരുമായും ചിന്തകള്‍ പങ്കുവെയ്ക്കുന്നു.ഫേസ്ബുക്കിലൂടെയും ഓര്‍ക്കുട്ടിലൂടെയും ട്വിറ്ററിലൂടെയും സൗഹൃദങ്ങളുടെയും ആശയവിനിമയങ്ങളുടെയും വിപുല വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന ഈ ചെറുപ്പക്കാരനുവേണ്ടി ഈ മാധ്യമങ്ങളിലൂടെ ജ്ഞാതരും അജ്ഞാതരുമായ സുഹൃത്തുക്കള്‍ വോട്ട് അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങള്‍ കൈമാറുകയാണ്. തൃത്താല ഒരു പുനര്‍വിചിന്തനത്തിന്റെ വഴിയിലാണെന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് തെളിയിച്ചു. മൂന്ന് പഞ്ചാത്തുകളിലെ ഭരണം എല്‍ ഡി എഫില്‍നിന്നും പിടിച്ചെടുക്കുകയും ഒരു പഞ്ചായത്ത് നിലനിര്‍ത്തുകയും ചെയ്ത യു ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മേനിയും ആരോഗ്യവും മെച്ചപ്പെടുത്തിയ നിലയിലാണ്. അതിനോട് സ്ഥാനാര്‍ത്ഥിയുടെ താരപരിവേഷവും കൂടിചേരുമ്പോള്‍ ബല്‍റാം തൃത്താലയുടെ എം എല്‍ എ ആകുമെന്ന് തീര്‍ച്ച.