
നാടിന്റെ വികസനവും നാട്ടുകാരോടുള്ള കരുതലും മുഖ്യവിഷയമായി യു.ഡി.എഫ് ഇന്ന് വോട്ടെടുപ്പിനെ നേരിടുമ്പോള്‍ പീഡനങ്ങളുടെയും പ്രതികാര രാഷ്ട്രീയത്തിന്റെയും 'സാഡിസ'മാണ് ഇടതുമുന്നണിയുടെ മുഖമുദ്ര.
അഞ്ചുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു വികസനപദ്ധതി പോലുമില്ലാത്തതിന്റെ ജാള്യത മറയ്ക്കുന്നതിനുവേണ്ടി വിവാദങ്ങളുമായി അലയുമ്പോള്‍ യു.ഡി.എഫാകട്ടെ വ്യക്തമായ ദിശാബോധത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ച് വര്‍ഷമായി ഉറക്കത്തിലായിരുന്ന ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടന്‍ ഞെട്ടിയുണര്‍ന്ന് വിവാദങ്ങള്‍ക്ക് വഴിതേടിയപ്പോള്‍ യു.ഡി.എഫാകട്ടെ ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ നിരന്തരം മണ്ണിനും മനുഷ്യനും കാവലായിരുന്നശേഷമാണ് വോട്ടുതേടുന്നത്. ഭരണതുടര്‍ച്ചയ്ക്കാണ് ഇടതു സര്‍ക്കാര്‍ വോട്ടുതേടുന്നതെന്ന് പറയുമ്പോഴും ഭരണനേട്ടങ്ങളായി എന്തെങ്കിലും ചൂണ്ടിക്കാട്ടാതെയാണ് ജനങ്ങളുടെ കോടതിയില്‍ വിചാരണയ്‌ക്കെത്തുന്നത്. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷം ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ഇച്ഛാശക്തിയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് യു.ഡി.എഫ് നില്‍ക്കുന്നത്.
ജനങ്ങളുടെ സുരക്ഷയ്ക്കും സൈ്വര്യതയ്ക്കും പുല്ലുവില കല്‍പ്പിച്ച ഇടതുസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സൈ്വര്യജീവിതത്തിനുള്ള ജനങ്ങളുടെ അവകാശത്തെ മാനിച്ചുകൊണ്ടു നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനം വേറിട്ടൊരു പ്രതിപക്ഷ ശൈലിയാണ് ജനാധിപത്യകേരളത്തിന് സമ്മാനിച്ചത്. പ്രതിപക്ഷപ്രവര്‍ത്തനമെന്നാല്‍ ജനജീവിതം സ്തംഭിപ്പിക്കലല്ലെന്നും മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റലാണെന്നും യു.ഡി.എഫ് തെളിയിച്ചു.ഓരോ തെരഞ്ഞെടുപ്പിലും പീഡനകേസുകളില്‍ ഇരകളെ തേടുന്ന സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ സ്ത്രീപീഡനകഥകള്‍ തന്നെ തിരിച്ചടിയായതും കൗതുകമുണര്‍ത്തുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും വരാന്‍പോകുന്ന അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലും യു.ഡി.എഫ്. ജനവിധി തേടുമ്പോള്‍ ഇടതുമുന്നണി ഇക്കുറിയും സ്ത്രീപീഡനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെയാണ്. നാടിന്റെ വികസനങ്ങളോട് എന്നും മുഖംതിരിച്ചുനിന്നിട്ടുള്ള ഇടതുമുന്നണി വിവാദങ്ങളിലൂന്നിയപ്പോള്‍ യു.ഡി.എഫാകട്ടെ വികസനം മാത്രം ചര്‍ച്ചാവിഷയമാക്കിയാണ് പ്രചാരണരംഗത്ത് മുന്നേറിയത്.
വികസനം ചര്‍ച്ചാവിഷയമായാല്‍ ഇടതുസര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാകുമെന്ന് മുന്‍കൂട്ടികണ്ട ഇടതുമുന്നണി ജനങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഓടിമാറുന്നതിന് വിവാദങ്ങളിലേക്ക് വഴിമാറുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിളിരൂര്‍ കേസിലെ വി.ഐ.പി. വിവാദം ഉയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദന്‍ 5 വര്‍ഷംകഴിഞ്ഞിട്ടും വി.ഐ.പിക്കുനേരെ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും പീഡന കേസുകളില്‍ ഇരകളെ തേടുന്ന സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം നേതാക്കളുടെ സ്ത്രീപീഡനകഥകള്‍ തന്നെ തിരിച്ചടിയായി. ഒപ്പമുണ്ടായിരുന്ന ഒട്ടേറെ പാര്‍ട്ടികള്‍ കൊഴിഞ്ഞുപോയി പരമ്പരാഗത ഇടതുമുന്നണിയെപ്പോലും ഇല്ലാതാക്കിയ സി.പി.എം ലാവ്‌ലിന്‍ മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍, വാട്ടര്‍ തീം പാര്‍ക്ക്, കണ്ടല്‍പാര്‍ക്ക്, നക്ഷത്ര ഹോട്ടല്‍, ആദിവാസി ഭൂമി തട്ടിപ്പ്, ലോട്ടറി തട്ടിപ്പ് തുടങ്ങി അഴിമതിയുടെ മൊത്തക്കച്ചവടക്കാരെന്ന ലേബലുമായി ജനകീയ കോടതിയില്‍ പ്രതിക്കൂട്ടില്‍നിന്നാണ് ജനവിധി തേടുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം 175 ഹര്‍ത്താലുകളും പണിമുടക്കും കേരളത്തില്‍ അരങ്ങേറിയപ്പോള്‍ തകര്‍ന്നത് ഒരുപാടുപേരുടെ സ്വപ്നങ്ങളാണ്. അതേസമയം യു.ഡി.എഫ്. ആകട്ടെ വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടിയിട്ടും അനങ്ങാതിരുന്ന സര്‍ക്കാരിനെതിരെ ഒരുവട്ടമാണ് ഹര്‍ത്താല്‍ നടത്തിയത്. ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച് രോഗക്കിടക്കയിലാകുന്നവരുടെ എണ്ണം ഓരോദിവസവും പെരുകുമ്പോഴും നിസംഗമായ നിന്ന സര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് കണ്ട് ഉപേക്ഷിക്കാനുള്ള ആര്‍ജവത്വമാണ് യു.ഡി.എഫ് കാട്ടിയത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് 22 ഹര്‍ത്താല്‍ നടത്തിയ ഇടതുപക്ഷം ഭരണം കിട്ടിയപ്പോഴും ''ഇവിടൊന്നും കിട്ടിയില്ല'' എന്ന് ആവര്‍ത്തിച്ചു പറയുന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെ സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രവിരുദ്ധസമരത്തിന്റെ പേരില്‍ ജനങ്ങളുടെ ചെലവില്‍ ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കുകയായിരുന്നു.






