Random Posts

Friday, April 1, 2011

യുഡിഎഫിന് മികച്ച വിജയം ഉറപ്പെന്ന് സര്‍വേ ഫലം

80-90 സീറ്റ് യുഡിഎഫിനെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വേയില്‍ നിഗമനം
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ തെരഞ്ഞെടുപ്പ് സര്‍വേ ഫലം.
80 മുതല്‍ 90 വരെ സീറ്റില്‍ യുഡിഎഫ് വിജയിക്കാമെന്നാണ് ഫലം. എല്‍ഡിഎഫിന് 50 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കാം.  ബിജെപിയ്ക്ക് പൂജ്യം മുതല്‍ രണ്ട് വരെ സീറ്റുകളാണ് കിട്ടാന്‍ സാധ്യതയുള്ളത്. അതേ സമയം ഒരു സീറ്റും കിട്ടാതെയും വരാം. വി.എസ്.അച്യതാനന്ദന്‍ തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി 46 ശതമാനം വരെ വോട്ട് നേടാമെന്നാണ് സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്. സിപിഎം നയിക്കുന്ന ഇടതുമുന്നണിയ്ക്ക് 41 ശതമാനം വേട്ടുകള്‍ ലഭിക്കാം. ഒമ്പത് ശതമാനം വോട്ടുകളായിരിക്കും ബിജെപി നോടുക.  മറ്റുകക്ഷികള്‍ നാല് ശതമാനം വോട്ടുകള്‍ നേടും. സര്‍വേയില്‍ പങ്കെടുത്ത ഏഴ് ശതമാനം പേര്‍ ആര്‍ക്ക് വോട്ട് ചെയ്യണമന്ന് തീരുമാനിച്ചിട്ടില്ല. മലബാര്‍- മേഖലയില്‍ എല്‍ഡിഎഫ് ആധിപത്യം പുലര്‍ത്തുമെന്നാണ് സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്. ഈ മേഖലയില്‍ 49 സീറ്റുകളില്‍ 28 മുതല്‍ 32 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടും. 16 മുതല്‍ 20 വരെ സീറ്റുകളാവും യുഡിഎഫിന് ലഭിക്കുക. സര്‍വേ പ്രകാരം മദ്ധ്യകേരളത്തിലും തെക്കന്‍കേരളത്തിലും യുഡിഎഫിന്റെ സര്‍വാധിപത്യമാകും ഉണ്ടാകുക.  മദ്ധ്യകേരലത്തിലെ 44 സീറ്റുകളില്‍ 33 മുതല്‍ 36വരെ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇടതുമുന്നണി എട്ടുമുതല്‍ 11 സീറ്റുകളില്‍ വരെ വിജയിക്കാം. തെക്കന്‍കേരളത്തിലെ 47സീറ്റുകളില്‍ യുഡിഎഫ് 31 മുതല്‍ 34 വരെ സീറ്റുകള്‍ നേടാം. എല്‍ഡിഎഫിന് 14 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കും.  
 
സര്‍വേ പ്രകാരം വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവണമെന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്.  മുഖ്യമന്ത്രിയാവാന്‍ ആരാണ് യോഗ്യന്‍  എന്ന ചോദ്യത്തോട് 48 ശതമാനം പേര്‍ വി.എസ്.അച്യുതാനന്ദന്‍ അനുകൂലമായാണ് പ്രതികരിച്ചത്. 36 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ചു. 13 ശതമാനം പേര്‍ രമേശ് ചെന്നിത്തലയ്ക്കും മൂന്ന് ശതമാനം പേര്‍ കോടിയേരി ബാലകൃഷ്ണനും അനുകൂലമായി  അഭിപ്രായം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ മത്സരിക്കുന്നത്  ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യുമെന്നാണ് 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അതേ സമയം 36 ശതമാനം പേര്‍ വി.എസിന്റെ സാന്നിധ്യം ഗുണം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ ചോദ്യത്തോട് പ്രതികരിച്ചില്ല. സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായമനുസരിച്ച് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുക നാടിന്റെ വികസനം തന്നെയാകും. 36 ശതമാനം പേരാണ്  ഈ അഭിപ്രയപ്രകടനം നടത്തിയത്. 32 ശതമാനം പേര്‍ വിലക്കയറ്റവും 21 ശതമാനം പേര്‍ അഴിമതിയും പ്രധാന വിഷയങ്ങളായി കാണുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വോട്ടിംഗിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് സ്വാധീനിക്കും എന്ന് മറുപടി നല്‍കിയത് 68 ശതമാനം പേരാണ്. 32 ശതമാനം പേര്‍ ഇല്ല എന്ന് അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ മേന്മ നോക്കി വോട്ടു ചെയ്യുമെന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേ സമയം 38 ശതമാനം പേര്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിംഗ് ആന്റ് റിസര്‍ച്ചും ഏഷ്യാനെറ്റ് ന്യൂസും ചേര്‍ന്നാണ് ഫെബ്രുവരി 20നും മാര്‍ച്ച് 27നും ഇടയ്ക്ക് കേരളത്തില്‍ സര്‍വേ നടത്തിയത്.