Random Posts

Saturday, April 2, 2011

ഒരു പെണ്‍കുട്ടിയുടെ കത്ത്


പ്രിയപ്പെട്ടവരേ...
ഈ ഒരു സമയത്ത് ഇത്തരമൊരു കത്ത് വായിക്കാന്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും പ്രയാസമുണ്ടാവും എന്നെനിക്കുറപ്പുണ്ട്. എഴുതാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചു.. പക്ഷെ ഇങ്ങു ദൂരെ ഏറെ ഉയരത്തിലിരുന്നു എന്റെ മകളുടെ പൊട്ടിച്ചിരികളും കിളികൊഞ്ചലുകളും കേള്‍ക്കുമ്പോള്‍ എങ്ങനെ ഞാന്‍ എന്റെ വേദന നിങ്ങളോട പങ്കു വെക്കാതിരിക്കും? അതിനാല്‍ ഇതൊന്നു വായിക്കുക ..
ക്ഷമിക്കുക.. ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയി.. ഞാന്‍ ശാരി.. 5 വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരുവുകളില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിയത് എന്റെ പേരായിരുന്നുവെന്നു നിങ്ങള്‍ ഓര്‍ക്കുന്നില്ലേ.. എന്റെ വേദനകള്‍...എന്റെ അമ്മയുടെ കണ്ണുനീര്‍.. എന്റെ അച്ഛന്റെ നെടുവീര്‍പ്പുകള്‍..ഇതൊക്കെയായിരുന്നു ആ തെരഞ്ഞെടുപ്പു വേളയില്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത്. എന്റെ ജീവിതത്തിലെ ഞാന്‍ മറക്കാനാഗ്രഹിക്കുന്ന ആ നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍, എന്റെ പിതാമഹന് തുല്യം ഞാന്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന സഖാവ് അച്യുതാനന്ദന്റെ സുപരിചിത ശബ്ദത്തിലൂടെ, കേരളീയരുടെ മനസ്സിലേക്ക് ഒരു ഇടിത്തീ പോലെ പറന്നിറങ്ങിയപ്പോള്‍ എന്റെ എല്ലാ വേദനകളും ഞാന്‍ മറന്നു. ജീവിതത്തില്‍ ഞാന്‍ അവഗണിച്ച പ്രതീക്ഷയുടെ നാളങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും ഉദയം ചെയ്തു. അനുഭവിക്കേണ്ടി വന്ന മുഴുവന്‍ വേദനകളും ഞാന്‍ മറന്ന ഒരേയൊരു നിമിഷമേ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ... അത് സഖാവ് അച്യുതാനന്ദന്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത നിമിഷമായിരുന്നു.. അത് എന്റെ മാത്രം സന്തോഷത്തിന്റെ നിമിഷമായിരുന്നില്ല.. ഞാന്‍ , അനഘ , ....ഇങ്ങനെ കേരളത്തിലെ കാമാന്ധരായ ചില പിശാചുകള്‍ പിച്ചിക്കീറിയ, ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച ഏതാനും പെണ്‍കുട്ടികളുടെ സന്തോഷത്തിന്റെ നിമിഷമായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയ മറ്റു പലരെയും പോലെ ഞങ്ങളാരും ആരുടെയെങ്കിലും സമ്പത്ത് മോഹിച് ചെന്നവരായിരുന്നില്ല. സ്വന്തം അഭിമാനവും മാതാപിതാക്കളുടെ പ്രതീക്ഷകളും കാല്‍ക്കാശിനു വില്‍ക്കാന്‍ ചെന്ന തെരുവ് വേശ്യകളായിരുന്നില്ല .. മറിച്ച്,, എന്റെ മനസ്സില്‍ അല്പം സ്വപ്നമുണ്ടായിരുന്നു.. ദൈവം എനിക്ക് നല്‍കിയ കഴിവുകളെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.. അതൊക്കെ പിന്നെ എവിടെ എത്തി എന്ന് നിങ്ങള്‍ക്ക് അറിയാം.. എല്ലാം നഷ്ടപ്പെട്ടവളായി മാറി ഞാന്‍. .. മനസ്സും ശരീരവും നുറുങ്ങി... ജീവിതത്തെ കുറിച്ചുള്ള എല്ലാ ചിന്തകളും അവസാനിച്ച നിമിഷങ്ങള്‍..
നിങ്ങളും ഒന്ന് ആലോചിച്ചു നോക്കൂ..ജീവന്‍ രക്ഷിക്കാന്‍ എന്ന പേരില്‍ നല്‍കപ്പെട്ട മരുന്നുകളില്‍ പോലും എന്റെ ജീവന്‍ കൊളുത്തി വലിക്കുന്ന വിഷമായിരുന്നു... കാഴ്ച നശിച്ചു കൊണ്ടിരുന്ന കണ്ണുകളിലൂടെ എന്റെ മുറിയിലേക്ക് കടന്നു വന്ന വി ഐ പി കളെ ഞാന്‍ കണ്ടു.. അസ്തമിച്ചു കൊണ്ടിരുന്ന ജീവന്റെ തുടിപ്പുകള്‍ക്കിടയിലും അവരുടെ സ്വകാര്യ ഭാഷണങ്ങള്‍ ഞാന്‍ കേട്ടു.. ഹോട്ടല്‍ മുറികളില്‍ വെച്ച് എന്റെ ശരീരത്തിലേക്ക് ഇരയെ കണ്ട സിംഹങ്ങളെ പോലെ ചാടി വീണവരുടെ 'വലുപ്പം' ഞാന്‍ അവിടെ വെച്ച് മനസ്സിലാക്കി..
പക്ഷെ..ആ വാക്കുകള്‍ വര്‍ഷം 5 കടന്നു പോയെങ്കിലും ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു.. ശാരിയുടെ മരണത്തിനു ഉത്തരവാദികളായവരെ, വി ഐ പികളെ, 24 മണിക്കൂറിനകം കയ്യാമം വെച്ച് നടത്തിക്കും എന്ന ആ ഗര്‍ജ്ജനം..
ഇല്ല.. ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല.. എന്നെക്കുറിച്ച് ഒന്ന് കൂടി ഓര്‍ക്കാന്‍..എനിക്ക് എല്ലാം നഷ്ടപ്പെട്ടെങ്കിലും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് കാവലാളായി ഒരാള്‍ ഉദയം ചെയ്തിരിക്കുന്നു എന്നതില്‍ സന്തോഷിക്കാന്‍.. എനിക്ക് ഊര്‍ജം നല്‍കിയത് ആ വാക്കുകളായിരുന്നു..
മണിക്കൂറുകള്‍ കഴിഞ്ഞു..ദിവസങ്ങള്‍.. മാസങ്ങള്‍..വര്‍ഷങ്ങള്‍... ഇല്ല..എനിക്ക് എഴുതാനാവുന്നില്ല..ഞാന്‍ അല്പം വിശ്രമിക്കട്ടെ...
ക്ഷമിക്കുക..വീണ്ടും തുടരാതിരിക്കാന്‍ വയ്യ.. എനിക്കിത് പറയണം.. പറഞ്ഞേ മതിയാവൂ...
ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്ക് ..വാടക വീടുകളില്‍ നിന്ന് വാഹനങ്ങളിലേക്ക്...മാറ്റി മാറ്റി..പലരും മാറി മാറി.. എന്നെ ഉപയോഗിച്ചപ്പോള്‍.. അവസാനം വേദനയുടെ പാരമ്യതയില്‍ പോലും അമ്മേ.. എന്നൊന്ന് കരയാന്‍ കൂടി ഞാന്‍ അശക്തയായപ്പോള്‍.. അനുഭവിച്ച പ്രയാസം.. ഇല്ല ..അത് പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല.. അതിനെക്കാള്‍ പതിന്മടങ്ങ്‌ വേദനയാണ് ഇക്കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ തിന്നു തീര്‍ത്തത്..
സ്വന്തം മകളുടെ അഭിമാനത്തിന് വിലപറഞ്ഞു അധികാരത്തിലെത്തിയ മുഖ്യമന്ത്രിക്കു മുമ്പില്‍ പോയി അവഗണന ഏറ്റുവാങ്ങേണ്ടി വന്ന എന്റെ അച്ഛന്‍.. തിരിച്ചു വീട്ടിലെത്തി അമ്മയുടെ കൈ പിടിച്ചു ഒന്നും പറയാനാവാതെ ഇരുന്നു പോയ നിമിഷം ഞാന്‍ ഒരു ഞെട്ടലോടെ ഇങ്ങ്‌..അച്ഛനെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത ഈ ലോകത്തിരുന്നു കാണുകയായിരുന്നു... എന്റെ അച്ഛനും അമ്മയും വേദന തിന്നു കഴിയുന്ന ആ സമയത്ത്..
മുഖ്യമന്ത്രിയും മകനും ആഹ്ലാദത്തിന്റെ ഉന്നതികളിലായിരുന്നു.
എല്ലാം കഴിഞ്ഞു... നിങ്ങളെല്ലാവരും എല്ലാം മറന്നു തുടങ്ങി.. പക്ഷെ എനിക്ക് കഴിയില്ലല്ലോ മറക്കാന്‍ .. സ്വന്തം അച്ഛന്‍ ആരെന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വളരുന്ന എന്റെ മകള്‍.. അവള്‍ക്കറിയില്ല കേരള രാഷ്ട്രീയത്തിലെ നെറികെട്ട ഒരു ചൂതാട്ടത്തിന്റെ ഉപകരണമായിരുന്നു അവള്‍ എന്ന്.. അവള്‍ അത് അറിയാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.
ഇതെല്ലാം ഒരു കാപട്യമായിരുന്നുവെന്നു ഞാന്‍ ഇവിടെ വെച്ച് തിരിച്ചറിയുകയാണ്.. ഞാന്‍ ആദരിച്ച ആ മനുഷ്യന്‍ എന്നും തനിക്കു വേണ്ടി തന്നോടൊപ്പം നിന്നവരെ ചാവേറുകള്‍ ആക്കുക മാത്രമാണ് ചെയ്തത് എന്ന് ഇന്ന് ഞാന്‍ അറിയുന്നു..അത് കൊണ്ട് തന്നെ ഒരു കാലത്ത് ഞാന്‍ ഏറെ ആദരിച്ച ആ മനുഷ്യന്‍ എന്റെ പേര് ഇനിയെങ്കിലും ഉച്ചരിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിക്കുന്നു..
സ്വന്തം പാര്‍ട്ടിയില്‍ പെട്ട ഒരു നേതാവ് ഏതാനും സ്ത്രീകളെ അപമാനിച്ച വാര്‍ത്ത‍ പുറത്തു വന്നിട്ടും, അത് പാര്‍ട്ടി അന്വേഷണത്തിലൂടെ സത്യമാണെന്ന് ബോധ്യം വന്നിട്ടും മറ്റു പലര്‍ക്കുമെതിരെ നടത്തിയ കാടിളക്കല്‍ എന്ത് കൊണ്ടുണ്ടാകുന്നില്ല എന്ന ചോദ്യത്തിന് "കഴിഞ്ഞ 5 വര്‍ഷത്തെ അധികാരത്തിന്റെ മാധുര്യം" എന്ന മറുപടി എന്റെ മനസ്സ് എന്നോട് പറയുന്നു..
എന്നോട് ..എട്ടും പൊട്ടും തിരിയാത്ത എന്റെ മകളോട്, മകളുടെ ദുരന്തത്തില്‍ അകാല വാര്‍ദ്ധക്യവും നൈരാശ്യവും ബാധിച്ച എന്റെ മാതാപിതാക്കളോട് കാണിച്ച ഈ കൊടും ക്രൂരത നിങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്..എന്റെ മാനം കവര്‍ന്നെടുത്ത ആരെക്കുറിച്ചും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല..അത് ഞാന്‍ നീതിപീടതിനു വിടുന്നു.. പക്ഷെ.. ശ്രീ അച്യുതാനന്ദന്‍.. അദ്ദേഹം എന്നോട് കാണിച്ച വഞ്ചന.. അതിനു എനിക്ക് മറ്റു കോടതികളില്ല ..നിങ്ങളല്ലാതെ.. സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്ന നിങ്ങളുടെ പെണ്മക്കളും സഹോദരിമാരും ഇനിയെങ്കിലും രാഷ്ട്രീയ ചൂതാട്ടത്തിന് ഇരകളായിക്കൂടാ..
പ്രതീക്ഷയോടെ..
നിങ്ങളുടെ ശാരി