Random Posts

Tuesday, April 12, 2011

തൊഴില്‍ കിട്ടാന്‍ സി.പി.എമ്മില്‍ ചേരേണ്ട സ്ഥിതി - രാഹുല്‍



ഗുണ്ടായിസം സര്‍ക്കാര്‍ സംവിധാനത്തെ അട്ടിമറിക്കുന്നു


തിരുവനന്തപുരം: കേരളത്തില്‍ യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാന്‍ മൂന്നു സാധ്യതകളേയുള്ളൂവെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഒന്നുകില്‍ അന്യസംസ്ഥാനങ്ങളില്‍ പോകണം. അല്ലെങ്കില്‍ ഗള്‍ഫില്‍ പോകണം. അതുമല്ലെങ്കില്‍ സി.പി.എമ്മില്‍ചേരണം.-ജില്ലയിലെ സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയ യോഗത്തില്‍ രാഹുല്‍പറഞ്ഞു.

കേരളത്തില്‍ അക്രമവും ഗുണ്ടായിസവും സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ്. ഭൂമാഫിയയും ലോട്ടറി ,മദ്യ മാഫിയകളും വിഹരിക്കുന്നു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികള്‍ തയ്യാറാകുന്നില്ല. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കേരളത്തെ അതിന് അര്‍ഹമായ ഒന്നാം സ്ഥാനത്ത് എത്തിക്കും. വ്യവസായ വത്കരണം കൊണ്ടുവരും. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കുമായി പ്രയോജനപ്പെടുത്തും. കേരളം മറ്റു സംസ്ഥാനങ്ങളെ നയിക്കുന്ന സ്ഥിതിയിലെത്തിക്കും.

ചരിത്രത്തിലില്ലാത്ത സഹായമാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്. ഇവിടത്തെ ജനങ്ങള്‍ ഗള്‍ഫ് നാടുകളില്‍ പണിയെടുത്ത് ധാരാളം പണം നാട്ടിലെത്തിക്കുന്നു. ദുബായിയുടെ വിജയം ദൂബായിയുടെ വിജയമല്ല, മലയാളികളുടെ വിജയമാണ്. ഒരു മേശയ്ക്ക് നില്‍ക്കണമെങ്കില്‍ മൂന്നുകാലുകള്‍ വേണം. എന്നാല്‍ ഇവിടെ മൂന്നാം കാലായി നില്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ തങ്കമണി ദിവാകരന്‍, കെ.വിദ്യാധരന്‍, പാലോട് രവി, സി.മോഹനചന്ദ്രന്‍, എം.എ.വാഹിദ്, കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍, ചാരുപാറ രവി, എ.ടി.ജോര്‍ജ്, എന്‍.ശക്തന്‍ ,ജോര്‍ജ് മെഴ്‌സിയര്‍, തമ്പാനൂര്‍ രവി എന്നിവര്‍ രാഹുല്‍ഗാന്ധിയെ ഷാളണിയിച്ചു. സ്ഥാനാര്‍ഥികളായ ജി.കാര്‍ത്തികേയനും വര്‍ക്കല കഹാറിനും യോഗത്തിനെത്താനായില്ല.