നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനയെക്കുറിച്ച് ഇതിനകം സൂക്ഷ്മനിരീക്ഷകര്‍ക്ക് ഏറെക്കുറെ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ പൊലീസ് വിഭാഗവും യു.ഡി.എഫിന്റെ ജയസാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.
അതേക്കുറിച്ചുള്ള ചില വാര്‍ത്തകളും ഏതാനും പത്രങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പരാജയഭീതി ഇടത് നേതാക്കളുടെ സമനില കെടുത്തുന്നു എന്നാണ് മനസ്സിലാക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിച്ചും ജനങ്ങളെ ഭയപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് അകറ്റിയും കൃത്രിമമാര്‍ഗത്തിലൂടെ വിജയം ഉറപ്പിക്കാമോ എന്നാണ് ഇടതുമുന്നണിയുടെ അവസാനശ്രമം. കണ്ണൂരില്‍ ഇത്തരത്തില്‍ വ്യാപകമായ അക്രമത്തിന് ആസൂത്രണം ചെയ്തുകഴിഞ്ഞതായി അനുമാനിക്കാവുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളെന്ന് കുപ്രസിദ്ധമായ കമ്യൂണിസ്റ്റ് സ്വാധീന പ്രദേശങ്ങളില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തകൃതിയായി ബോംബ് നിര്‍മാണം നടന്നുവരികയാണ്. നഗരപ്രാന്തത്തിലുള്ള എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാളികപ്പറമ്പില്‍ ഒരു വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നിന്ന് പത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. സി.പി.എം പ്രവര്‍ത്തകനായ വീനസ് മണി എന്നയാളുടേതാണ് ആ വീട്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റ് അസംസ്‌കൃത പദാര്‍ത്ഥങ്ങളും പൊലീസ് അവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂരിലെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം നേരിട്ട് അന്വേഷിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് അദ്ദേഹത്തിന് നല്‍കിയ ഗുരുതരമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സാധാരണഗതിയില്‍ ബോംബ് കണ്ടെത്തിയാല്‍ അവ നിര്‍വീര്യമാക്കും മുമ്പ് മാധ്യമ പ്രതിനിധികളെ കാണിക്കാറുണ്ട്. ഇത്തവണ എന്തുകൊണ്ടോ പൊലീസ് അങ്ങനെ ചെയ്തില്ല. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളില്‍ ഭൂരിഭാഗവും നിര്‍മാതാക്കളായ സി.പി.എമ്മിന് പൊലീസ് തന്നെ തിരിച്ചുകൊടുത്തതായി സംശയം ബലപ്പെട്ടിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ ഭീകരത സൃഷ്ടിച്ച് തകര്‍ക്കാനുള്ള ശ്രമം ജാഗ്രതയോടെ നേരിടാന്‍ ജനാധിപത്യ പ്രേമികള്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. കണ്ണൂരിലെ സ്ഥിതി ഇത്തരത്തില്‍ സ്‌ഫോടനാത്മകമാണെങ്കില്‍ മറ്റ് ജില്ലകളില്‍ സി.പി.എമ്മുകാര്‍ സമാധാനകാംക്ഷികളും മര്യാദരാമന്‍മാരുമാണെന്ന് കരുതരുത്. തെക്കേയറ്റത്ത് തിരുവനന്തപുരത്തെ സ്ഥിതി തീരെ മോശമല്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞദിവസം നല്‍കിയ കര്‍ശനമായ ശാസനയില്‍ നിന്ന് അനുമാനിക്കാവുന്നതാണ്.
നേമം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ് മാര്‍ക്‌സിസ്റ്റ് എം.എല്‍.എ ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിനാണ് കമ്മീഷന്‍ ഈ സ്ഥാനാര്‍ത്ഥിയെ ശാസിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് യോഗം സംഘടിപ്പിച്ചതറിഞ്ഞ് തടയാന്‍ ചെന്ന ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തിരുവല്ലത്തെ സരോജം ഓഡിറ്റോറിയത്തില്‍ ഇടതുമുന്നണി കമ്മീഷന്റെ അനുമതിയില്ലാതെ പത്തുദിവസം മുമ്പ് യോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടിപ്പിച്ച ആ പരിപാടി തടയേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയായിരുന്നു. ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ചന്ദ്രികയും കൂട്ടരും അവിടെ എത്തിയപ്പോള്‍ ശിവന്‍കുട്ടി, സ്ഥലത്തെ കൗണ്‍സിലര്‍, സി.പി.എം ഏരിയാ സെക്രട്ടറി എന്നിവര്‍ അക്രമോത്സുകരായി ഉദ്യോഗസ്ഥരുടെ നേരെ പാഞ്ഞടുക്കുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് തടഞ്ഞുവയ്ക്കുകയും ചെയ്തതായി പൊലീസ് കേസെടുത്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പരാതി സ്ഥിരീകരിക്കുകയും ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയെ ശാസിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടി മേലില്‍ ആവര്‍ത്തിക്കരുതെന്ന് ശിവന്‍കുട്ടിയെ കമ്മീഷന്‍ താക്കീതും ചെയ്തിട്ടുണ്ട്. ചട്ടങ്ങളും വ്യവസ്ഥകളും ഉദ്യോഗസ്ഥരുടെ താക്കീതുമൊക്കെ സി.പി.എം നേതാക്കള്‍ എത്രത്തോളം അനുസരിക്കുമെന്ന് കണ്ടറിയണം. നിയമം കയ്യിലെടുത്തും ജനങ്ങളെ ധിക്കരിച്ചും കുറ്റകൃത്യങ്ങള്‍ ചെയ്തും ശീലിച്ചവര്‍ അധികാരം നഷ്ടപ്പെടുന്നതിന്റെ അങ്കലാപ്പില്‍ ഏതറ്റംവരെയും പോകാന്‍ തുനിഞ്ഞെന്നുവരും. ബാലറ്റിലൂടെ ഇതിനൊക്കെ നിശ്ശബ്ദമായി മറുപടി നല്‍കാന്‍ മാത്രമേ സാധാരണക്കാരായ നാട്ടുകാര്‍ക്ക് കഴിയൂ. നിയമവും നീതിയും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥര്‍ മാത്രമാണ് തല്‍ക്കാലം ജനങ്ങളുടെ രക്ഷ.






