Random Posts

Monday, April 11, 2011

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയനാടകം: എ.കെ.ആന്റണി

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റേത് രാഷ്ട്രീയ നാടകമാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. അഞ്ച് വര്‍ഷം ഭരണം ലഭിച്ചിട്ടും സ്ത്രീപീഡനം, അഴിമതി, മണല്‍ മാഫിയ, ഗുണ്ടായിസം എന്നിവയ്‌ക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം പോലീസുകാര്‍ക്ക് ഫാക്‌സ് അയയ്ക്കുന്നത് വെറും നാടകമാണെന്ന് ആന്റണി ആരോപിച്ചു. സഹമന്ത്രിമാരെ മറികടന്ന് അവരുടെ വകുപ്പുകളില്‍ തലയിട്ട മുഖ്യമന്ത്രിയായിരുന്നു അച്യുതാനന്ദന്‍. എന്നിട്ടും സ്ത്രീപീഡനക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എത്ര കേസുകളെടുത്തു? എത്ര പേരെ തടവിലാക്കി?-ആന്റണി ചോദിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'കൗണ്ട്ഡൗണ്‍' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. എത്ര സ്ത്രീപീഡന കേസുകളുണ്ടെന്നതിന് കണക്കുകളില്ല. അഞ്ച് വര്‍ഷം കുംഭകര്‍ണനെപ്പോലെ ഉറക്കംതൂങ്ങിയ അച്യുതാനന്ദന്‍ ഇപ്പോള്‍ നടപടിയെടുക്കുന്നതായി നടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നില്ല. മന്ത്രിമാരടങ്ങുന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല. 2006 വരെ അദ്ദേഹം എന്തായിരുന്നുവോ ആ റോള്‍ തുടരുകയാണ് ചെയ്തത്-ആന്റണി ആരോപിച്ചു.

പാര്‍ട്ടി സെക്രട്ടറിക്കെതിരെ പത്രങ്ങളില്‍ വന്ന പല വാര്‍ത്തകളോടും പ്രതികരിക്കാതെ അദ്ദേഹം അത് ആസ്വദിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും പത്രത്തിന്റെ തലക്കെട്ടുകള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ചായിരുന്നു.

അച്യുതാനന്ദന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ അഞ്ച് വര്‍ഷമായി നടന്ന കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ നടപടിയെടുക്കുമായിരുന്നു. നാടകം കളിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകളെ രാഷ്ട്രീയ പ്രബുദ്ധരായ കേരളത്തിലെ ജനം തിരിച്ചറിയും. ഏപ്രില്‍ 13ന് നടക്കുന്ന വോട്ടെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത് ജനം വന്‍ ഭൂരിപക്ഷത്തില്‍ ഞങ്ങളെ അധികാരത്തിലേറ്റും-ആന്റണി പറഞ്ഞു.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ വികസനകാര്യത്തില്‍ അമ്പേ പരാജയമാണ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളായി എടുത്തുകാട്ടുന്ന പല പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികളാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച് ഫണ്ടില്‍ 74 ശതമാനം മാത്രമാണ് ചിലവഴിച്ചത്. ബാക്കി 26 ശതമാനം പാഴാക്കി. സുനാമി ഫണ്ടിലേയ്ക്ക് കേന്ദ്രം 1441 കോടി രൂപ അനുവദിച്ചു. അതെവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല-ആന്റണി ആരോപിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഞാന്‍ പര്യടനം നടത്തിയിരുന്നു. ജനം വികസനമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വികസന കാര്യത്തില്‍ കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാകും. ഇത് ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനമാണ്. എന്നാല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് കേരളത്തോടും ഭാവിതലമുറയോടും കാണിക്കുന്ന വഞ്ചനയായിരിക്കും. കേരളം രണ്ടാം ബംഗാള്‍ ആയിക്കൂടാ. 35 വര്‍്ഷമായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍ പട്ടിയിലും ദാരിദ്ര്യത്തിലും ബിഹാറിനെ തോല്പിച്ചു. തൊഴില്‍ തേടി ബംഗാളില്‍ നിന്ന് നിരവധി പേരാണ് കേരളത്തിലേയ്ക്ക് വരുന്നത്-ആന്റണി പറഞ്ഞു.