ലോട്ടറിക്കേസില് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, സി.ബി.ഐ. അന്വേഷണം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനുമാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
സി.ബി.ഐ. അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചതിന്റെ പേരില് പ്രധാനമന്ത്രിയെ പുറത്താക്കണമെന്നും, ധനമന്ത്രി രാജിവച്ചൊഴിയണമെന്നുമൊക്കെ അച്യുതാനന്ദന് പറയുന്നതിന്റെ അര്ത്ഥം എന്തെന്ന് ആര്ക്കും മനസ്സിലായിട്ടില്ല.
കേന്ദ്രം അന്നും ഇന്നും പറയുന്നതും, ഇപ്പോള് ഹൈക്കോടതിയെ കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര് ജനറല് അറിയിച്ചതും സംസ്ഥാന സര്ക്കാര് നടപടിക്രമം പാലിച്ചാലേ സി.ബി.ഐ. അന്വേഷണം നടത്താന് കഴിയൂ എന്നാണ്. കേസിന്റെ എഫ്.ഐ.ആര്, കേസ് നിലനില്ക്കുന്ന പൊലീസ് സ്റ്റേഷന്, കേസ് രേഖകള് ഇവയൊക്കെ ഔപചാരികമായി സംസ്ഥാന സര്ക്കാര് കേന്ദ്രത്തിനു കൈമാറണമെന്ന് സോളിസിറ്റര് ജനറല് ഹൈക്കോടതിയില് വ്യക്തമാക്കുകയുണ്ടായി. അല്ലാതെ മുഖ്യമന്ത്രി തുടരത്തുടരെ കത്തുകളെഴുതി എന്നതിന്റെ പേരില് സി.ബി.ഐ.ക്കു കേസെടുക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
താനയച്ച കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി അയച്ചില്ലെന്നാണ് മുഖ്യമന്ത്രി നേരത്തേ പ്രചരിപ്പിച്ചിരുന്നത്. കത്തയച്ചു എന്ന് പത്രസമ്മേളനത്തില് താന് വെളിപ്പെടുത്തിയിട്ടും പഴയ പല്ലവിതന്നെ മുഖ്യമന്ത്രി ആവര്ത്തിച്ചുകൊണ്ടിരുന്നു. തുടര്ന്ന് എല്ലാ കത്തുകളുടെയും പകര്പ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് രജിസ്റ്റേര്ഡായി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു.
നടപടിക്രമങ്ങള് പാലിക്കാതെ മുഖ്യമന്ത്രി വീണ്ടും വീണ്ടും കത്തെഴുതുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കേസന്വേഷണം നീട്ടിക്കൊണ്ടുപോയി കാലാവധി തികയ്ക്കാനുമാണ്. സ്വന്തം പാര്ട്ടിയുടെ നിലപാടിനു വിരുദ്ധമായി സാന്റിയാഗോ മാര്ട്ടിനെ തൊടാന് അച്യുതാനന്ദനും ധൈര്യമില്ല എന്നാണ് ഇതില് നിന്നും വ്യക്തമാകുന്നത്. എന്നിട്ട് കുറ്റം കേന്ദ്രത്തിന്റെ മേല് കെട്ടിവയ്ക്കാനുള്ള വിഫലശ്രമമാണ് അച്യുതാനന്ദനും ധനമന്ത്രി ഡോ.തോമസ് ഐസക്കും നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
80,000 കോടി രൂപയുടെ ലോട്ടറി കുംഭകോണം നടന്നതായി സമ്മതിക്കുന്ന അച്യുതാനന്ദന് സാന്റിയാഗോ മാര്ട്ടിനെ തൊടാന് മടിക്കുന്നതിന്റെ പിന്നില് എന്തോ കള്ളക്കളി ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.






