Random Posts

Thursday, April 7, 2011

'ചുവന്ന അടയാളങ്ങളില്‍ തട്ടി' വി.എസിന്റെ കള്ളം പൊളിഞ്ഞു


'ഡിയര്‍ കോമ്രേഡ്' എന്നാരംഭിച്ച് കേന്ദ്രത്തിലെ കാരാട്ട് സഖാവിന് മുഖ്യമന്ത്രി എഴുതിയ കത്ത് ഒടുവില്‍ വി.എസിന് പാരയാകുന്നു.കോണ്‍ഗ്രസ് പുറത്തുകൊണ്ടു വന്ന കത്ത് അച്യുതാനന്ദന്‍ നിഷേധിച്ചുവെങ്കിലും
കാലത്തിന്റെ ചുവന്ന അടയാളങ്ങളായി ഷാജഹാന്‍ എഴുതിയ പുസ്തകം മുന്നില്‍ നില്‍ക്കുമ്പോള്‍ അത് നിഷേധിക്കാനാകാതെ കുഴങ്ങുകയാണ് മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.വി എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാന്‍ എഴുതിയ ചുവന്ന അടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ പോളിറ്റ് ബ്യൂറോക്ക് മുഖ്യമന്ത്രി എഴുതിയ കത്തിന്റെ വിശദാംശം രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ 28 മുതല്‍ 39 വരെ പേജുകളില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോക്ക് മുഖ്യമന്ത്രി എഴുതിയ കത്തുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇപ്പോഴും നീറിക്കത്തുന്ന ലാവ്‌ലിന്‍ എന്ന തലക്കെട്ടിന് താഴെയാണ് ലാവ്‌ലിന്‍ വിഷയത്തില്‍ വി എസ് സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. 2005 ജൂലൈ ഒന്‍പതിന് പുറത്തുവന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് സംസ്ഥാനത്തിന് 374.5 കോടിയുടെ നഷ്ടം അഴിമതിയിലൂടെ സംഭവിച്ചുവെന്ന് വ്യക്തമാക്കിയത്. അടുത്തദിവസം തന്നെ സി എ ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ആരോപണപ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് വി എസ് പോളിറ്റ്ബ്യൂറോക്ക് കത്തെഴുതിയത്. 2005 ജൂലൈ 29ന് ഈ വിഷയത്തില്‍ പോളിറ്റ്ബ്യൂറോക്ക് ആദ്യകത്തെഴുതി. എസ് എന്‍ സി ലാവ്‌ലിനുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നഅക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് വി എസിന്റെ കത്ത് ആരംഭിക്കുന്നത്. ഈ വിഷയം ജൂലൈ 18,19 തിയ്യതികളില്‍ നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിരായുധരായി. പൊതുജനങ്ങള്‍ക്ക് മുന്നില്‍ സി പി എം പരിഹാസപാത്രമായി. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഒട്ടനവധി ഭരണപക്ഷ എം എല്‍ എ മാരും സംസ്ഥാനത്തിന് 375 കോടി രൂപ നഷ്ടമുണ്ടാക്കിയതിന് പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ചു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ക്ക് പുതുമയില്ല. അത്തരം വാര്‍ത്തകള്‍ നമ്മുടെ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് ഇടക്കിടെ പ്രത്യക്ഷപ്പെടുക പതിവായിരുന്നു.
എ ജിയുടെ റിപ്പോര്‍ട്ട് ഇതില്‍ പുതിയതാണ്. പക്ഷെ ഒരിക്കലും അവസാനത്തേതാകില്ല. കാരണം, ഈ കേസില്‍ തീരുമാനം വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. സഖാവ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേയാണ് ലാവ്‌ലിനുമായി ഇടപാട് നടത്തിയത്. സംസ്ഥാനത്തിന് നൂറുകണക്കിന് കോടിരൂപയുടെ നഷ്ടമുണ്ടാക്കി എന്നതിന് പുറമെ വായ്പാകരാറില്‍ ദേശവിരുദ്ധ, പാര്‍ട്ടിവിരുദ്ധ നിബന്ധനകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഊര്‍ജ്ജമേഖലയിലെ സ്വകാര്യവത്കരണത്തിന് എതിരെ പോരാടുക എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിനെതിരെയാണ് ലാവ്‌ലിനുമായി പിണറായി വിജയന്‍ കരാറുണ്ടാക്കിയത്...എന്നിങ്ങനെ തുടരുന്ന കത്ത് സത്യം പൊതുജനങ്ങള്‍ക്കും പാര്‍ട്ടിഅണികള്‍ക്കും മുന്നില്‍ തുറന്നുകാട്ടുന്നതില്‍ പി ബി ഇടപെടണം എന്നാവശ്യപ്പെട്ടാണ് അവസാനിപ്പിക്കുന്നത്. മൂന്നര പേജുള്ള കത്തും പ്രിന്‍സിപ്പല്‍ എ ജിയുടെ റിപ്പോര്‍ട്ടില്‍ ലാവ്‌ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവിധവശങ്ങള്‍ പ്രതിപാദിക്കുന്ന കുറിപ്പും അനുബന്ധമായി പതിനൊന്നുരേഖകളും കത്തിനോടൊപ്പമുണ്ടായിരുന്നു.
300-ഓളം പേജുവരുന്ന ബൃഹത്തായ രേഖകളായിരുന്നു ഇതെന്നും ഷാജഹാന്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 2006 ഫെബ്രുവരി 13ന് സി എ ജിയുടെ അന്തിമറിപ്പോര്‍ട്ട് വന്ന ശേഷം വി എസ് പോളിറ്റ്ബ്യൂറോക്ക് വീണ്ടും കത്തെഴുതി. 2006 മാര്‍ച്ച് എട്ടിനായിരുന്നു വി എസിന്റെ രണ്ടാമത്തെ കത്ത്. എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഉടനെ ഞാന്‍ പി ബി ക്ക് 2005 ജൂലൈ 29ന് സമര്‍പ്പിച്ച കത്തിലെ ഉള്ളടക്കത്തിലേക്ക് ശ്രദ്ധക്ഷണിക്കട്ടെ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ലാവ്‌ലിന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് പിണറായി വിജയനുള്ള പങ്ക് വ്യക്തമാക്കുന്ന 13 നിഗമനങ്ങളാണ് കത്തില്‍ പ്രധാനമായും വിശദീകരിക്കുന്നത്. പിണറായി വിജയനോട് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയോ തയ്യാറായില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും രണ്ടാം കത്തില്‍ വി എസ് ആവശ്യപ്പെടുന്നുണ്ട്.
പാര്‍ട്ടിയുടെ പരമ്പരാഗത അഴിമതിവിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമെന്നും കത്തില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വി എസ് എഴുതിയ രണ്ടാം കത്തിനും ഒന്നാം കത്തിന്റെ ഗതിതന്നെയുണ്ടായി. രണ്ടും പി ബി പരിഗണിച്ചില്ലെന്ന് ഷാജഹാന്‍ പറയുന്നു. എന്നാല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പി ബിക്ക് കത്തയച്ചിട്ടില്ലെന്നാണ് വി എസ് ഇന്നലെ പാലക്കാട്ട് വിശദീകരിച്ചത്. കത്ത് കെട്ടുകഥയാണെന്നും തന്നെ ലക്ഷ്യം വെച്ചുള്ള യു ഡി എഫിന്റെ അമ്പാണെന്നുമായിരുന്നു വി എസിന്റെ പ്രതികരണം. എന്നാല്‍ ഒരു മാസം മുമ്പ് ഏറെ വിപുലമായ ചടങ്ങില്‍ പ്രസിദ്ധീകരിക്കുകയും മാധ്യമചര്‍ച്ചകള്‍ക്ക് വിധേയമാുകയും ചെയ്ത ഷാജഹാന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് വി എസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇപ്പോള്‍ അതേ കാര്യം പി ടി തോമസ് എം പി ഉയര്‍ത്തിയപ്പോള്‍ വി എസ് അത് പാടെ നിഷേധിക്കുകയാണ് ചെയ്തത്. ഇതേ വാദമാണ് ഷാജഹാന്റെ പുസ്തകം പൊളിച്ചടുക്കുന്നത്