Random Posts

Saturday, April 2, 2011

ചെങ്ങറ; V S-ന്റെ വഞ്ചനയുടെ മുഖം...

ചെങ്ങറ യാഥാര്‍ത്ഥ്യം എന്ത്?
ചെങ്ങറ സമരം അവസാനിച്ചു...... ആ പാവങ്ങള്‍ ഇന്ന് എവിടെ ?

സമരം ചെയ്തവരുടെ ആവശ്യങ്ങളില്‍ പലതും അവഗണിച്ചുകൊണ്ടാണ് ചെങ്ങറ പാക്കേജ് എന്ന പേരില്‍ 2009 ഒക്ടോബറില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍  സമരക്കാരെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയുള്ളവരാണെന്ന രീതിയില്‍ ദേശാഭിമാനി നിരന്തരം നല്‍കിയ വാര്‍ത്തകളെല്ലാം എല്ലാവര്‍ക്കും ഭൂമി കൊടുക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിഴുങ്ങേണ്ടിവന്നു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികജാതിക്കാര്‍ക്ക് അരയേക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റ് വീതവും ഭൂമിയുടെ ലഭ്യതയനുസരിച്ച് മൂന്നു മാസത്തിനകം നല്‍കുമെന്നായിരുന്നു ഉറപ്പ്. പട്ടിക വര്‍ഗക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ വീടും പട്ടികജാതിക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വീടും മറ്റുള്ളവര്‍ക്ക് എഴുപത്തയ്യായിരം രൂപയുടെ വീടും നിര്‍മിച്ചുനല്‍കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. 1,738 കുടുംബങ്ങളെയാണ് പാക്കേജില്‍ പരിഗണിച്ചത്. ചെങ്ങറ സമരഭൂമിയില്‍ സര്‍വേ നടത്തി കയ്യേറ്റഭൂമിയുണ്ടെങ്കില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങറ പാക്കേജ് നടപ്പാക്കാനുള്ളതല്ലെന്ന് മൂന്ന് മാസം പിന്നിട്ടപ്പോള്‍ സമരക്കാര്‍ക്കും അവരെ പിന്തുണച്ചവര്‍ക്കും ബോധ്യപ്പെട്ടു. രണ്ടര വര്‍ഷക്കാലം ത്യാഗം സഹിച്ച് സമരം ചെയ്തവരില്‍ നല്ലൊരു പക്ഷത്തിന് ഭൂമിയുമില്ല, വീടുമില്ല. കിട്ടിയ കടലാസ് പട്ടയവുമായി കണ്ണൂരിലും കാസര്‍ക്കോട്ടെ പെരിയയിലും ഇടുക്കിയിലെ ചന്ദ്രമണ്ഡലത്തിലും അട്ടപ്പാടിയിലെ അഗളിയിലും ഭൂമി തേടിപ്പോയവരില്‍ പലരെയും അയല്‍ക്കാരോ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളോ ആട്ടിയോടിച്ചു. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി ലഭിക്കാതെ പലരും ചെങ്ങറയില്‍ അനുഭവിച്ചതിനേക്കാള്‍ കണ്ണീരു കുടിച്ചു. അഞ്ചു കിലോമീറ്ററോളം കാട്ടിലൂടെ നടന്നാണ് ഭൂമി കിട്ടിയവര്‍ പട്ടയരേഖയുമായി ഷോളയൂരിലെത്തിയത്. കടലാസ് പട്ടയവുമായി ചെന്നവര്‍ക്ക് ഒരു തുണ്ട് ഭൂമി പോലും അളന്നു നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ചുറ്റും ആനകളും മറ്റും വിലസുന്ന കൊടുംകാട്ടില്‍ കുടില്‍ കെട്ടിയ പലരും പിറ്റേന്നുതന്നെ ഭയന്നു പിന്‍മാറി. ചിലര്‍ മാത്രം പിടിച്ചുനിന്നു. പട്ടയം കൊടുത്ത കുടുംബങ്ങളെ അവരുടെ പാട്ടിനുവിട്ട് സര്‍ക്കാര്‍ കയ്യൊഴിഞ്ഞു. അവര്‍ക്ക് ഭൂമി ലഭിച്ചെന്നോ കിട്ടിയ ഭൂമി ഉപയോഗിച്ചുതുടങ്ങിയെന്നോ ആരും അന്വേഷിച്ചില്ല. ചെങ്ങറ പുനരധിവാസ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തെങ്കിലും സമരം ചെയ്തപ്പോഴുള്ള ജനപിന്തുണപോലും ഇവര്‍ക്ക് ലഭിച്ചില്ല. സമരം നയിച്ച ളാഹ ഗോപാലനെ ജയിലിലടച്ചത് പാക്കേജ് അട്ടിമറിക്കാനാണെന്ന ആരോപണമുണ്ടായി. സി.പി.എമ്മുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്ന് ളാഹ ഗോപാലന്‍ വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ പട്ടയവുമായി അട്ടപ്പാടിയിലും മറ്റും എത്തിയ ആദിവാസികള്‍ക്ക് അളന്നു നല്‍കാന്‍ ഭൂമിയില്ലാതെ റവന്യൂ അധികൃതര്‍ കുഴങ്ങി. കൃഷിയില്ലാതെ കിടക്കുന്ന മലമ്പ്രദേശങ്ങളില്‍ ചീറിയടുക്കുന്ന കാറ്റിനോടും മഴയോടും മല്ലിട്ട് അവരില്‍ ചിലര്‍ വീണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് കൂര പണിതെങ്കിലും കൂടുതല്‍ കാലം തങ്ങാനായില്ല. ഭൂമിയളക്കാന്‍ ചെന്നവര്‍ക്കു മുന്നില്‍ നേരത്തെ പട്ടയം ലഭിച്ച ആദിവാസികള്‍ നികുതിയടച്ച റസീതുമായി നിലയുറപ്പിച്ചതോടെ പട്ടയ മഹാമേളകള്‍ നടത്തി പട്ടികവര്‍ഗക്കാരെ പറ്റിച്ച സര്‍ക്കാര്‍ അപഹാസ്യമാവുകയായിരുന്നു. തങ്ങളുടെ ഭൂമി പ്രശ്നം പരിഹരിച്ചിട്ടുമതി മറ്റുള്ളവരുടെ വരവ് എന്ന രീതിയിലായിരുന്നു തദ്ദേശീയരുടെ പ്രതിഷേധങ്ങള്‍. ഹാരിസണ്‍സിന്റെയോ മറ്റ് കുത്തകകളുടെയോ ഭൂമി അളക്കാന്‍ മൂന്നാറിലെ ഓര്‍മകള്‍ അച്യുതാനന്ദന്‍ സര്‍ക്കാറിനെ അനുവദിച്ചില്ല.
സമരനായിക സലീന പ്രക്കാനം ളാഹ ഗോപാലനുമായി തെറ്റിപ്പിരിഞ്ഞതും ചെങ്ങറ സമരത്തിന്റെ തുടര്‍ച്ചകളെ ബാധിച്ചു. നേരത്തെ ളാഹ ഗോപാലനെ പൂര്‍ണമായും വിശ്വസിച്ച് സമരം നയിച്ചവര്‍ ഭൂമി കിട്ടുമെന്നുവന്നപ്പോള്‍ സമരം മതിയാക്കിയതും സര്‍ക്കാറിന് സഹായകമായി.
പത്തനംതിട്ടവഴി പലവട്ടം ഓടിയിട്ടും ഒരിക്കല്‍പോലും മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ചെങ്ങറയിലെത്തിയില്ല എന്നത് ജനകീയ സമരങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ ഇരട്ടമുഖത്തെ, തങ്ങള്‍ ഏറ്റെടുക്കാത്ത സമരങ്ങളൊന്നും സമരങ്ങളല്ല എന്ന അഹന്തയെ തുറന്നു കാട്ടുന്നതായിരുന്നു. പ്രതിവിപ്ലവങ്ങള്‍ വിജയിക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ചരിത്രം വിളമ്പിയാല്‍മാത്രം ആളെ കൂട്ടാനാവില്ലെന്ന് ചെങ്ങറ സമരത്തിലൂടെ സി.പി.എമ്മിന് ബോധ്യപ്പെടുകയായിരുന്നു. വോട്ട് ചെയ്യാന്‍ പോകില്ലെന്നാണ് ചതിക്കപ്പെട്ടവര്‍ പറയുന്നത്. പോയാല്‍തന്നെ ഇടതിന് വോട്ടില്ലെന്നും.





"ഒരു തുണ്ട് ഭൂമിക്കായി മാസങ്ങള്‍ സഹന സമരം നടത്തിയ പാവങ്ങളുടെ കണ്ണീരിനെ വഞ്ചിച്ച,  V S-ന്റെ വഞ്ചനയുടെ മുഖം "ചെങ്ങറ സമരത്തിലും" നമുക്ക് കാണാവുന്നതാണ്......"