Random Posts

Tuesday, April 5, 2011

ലാവലിന്‍: കാരാട്ടിന് വി.എസ്.അയച്ച കത്ത് പുറത്തുവന്നു


പിണറായിയുടെ നടപടി ദേശവിരുദ്ധം

എസ്.എന്‍.സി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ച വഴിവിട്ട നടപടികള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്ത് പുറത്തുവന്നു. പി.ടി. തോമസ് എം.പി.യാണ് കത്തിന്റെ പകര്‍പ്പുകള്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ വിതരണം ചെയ്തത്.

കരാറിന്റെ ഭാഗമായി ഒട്ടേറെ ദേശവിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമായ വ്യവസ്ഥകള്‍ പിണറായി അംഗീകരിച്ചിട്ടുണ്ടെന്ന് 2005 ജൂലായ് 29-ന് അയച്ച കത്തില്‍ വി.എസ്. പറയുന്നു. കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ അനുബന്ധ തെളിവുകളും ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പാണ് ഈ കത്തയച്ചിട്ടുള്ളത്.

ലാവലിന്‍ കരാറിലൂടെ 374.5 കോടി പാഴാക്കിയ സംഭവം 2005 ജൂലായ് 12, 18, 19 തീയതികളില്‍ നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചാവേളയില്‍ ഇടതുപക്ഷത്തെ പ്രതിരോധരഹിതമാക്കിയെന്ന് വി.എസ്. ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഭരണപക്ഷ എം.എല്‍.എ.മാരും പ്രതിപക്ഷത്തെ കടിച്ചുകീറി. ലാവലിന്‍ സംബന്ധിച്ച് ഇടയ്ക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മുടെ പാര്‍ട്ടിയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട്. ഭാവിയില്‍ വരാനിരിക്കുന്ന പലതിന്റെയും മുന്നോടിയാണിതെന്ന മുന്നറിയിപ്പും കാരാട്ടിന് വി.എസ്. നല്‍കുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒപ്പുവെച്ച കരാര്‍, വ്യവസ്ഥാപിതമായ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചതാണ് സംസ്ഥാന ഖജനാവിനു കോടിക്കണക്കിനു രൂപ നഷ്ടം വരുത്തുന്നതിന് വഴിവെച്ചത്. ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ദേശവിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമായ വ്യവസ്ഥകളില്‍ വൈദ്യുതി ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും സമ്മതം മൂളിയിട്ടുണ്ട്. ബോര്‍ഡിന്റെ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്ന ഈ നടപടി 1996-ലാണുണ്ടായത്. അന്ന് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഐക്യമുന്നണി സര്‍ക്കാര്‍ പോലും വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല.

പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും വലിയ കുഴപ്പത്തില്‍ ചാടിച്ച ഈ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് പിണറായി ഇക്കാര്യം പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്. ചൂണ്ടിക്കാട്ടുന്നു. നേരത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബഹുരാഷ്ട്ര കമ്പനിയായ എന്റോണ്‍ കേരളത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ പി.ബി. ഇടപെട്ട് തടഞ്ഞിരുന്നു. കേരള പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതിനാലാണ് വിഷയം പി.ബി.യുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും ശരിയായ തീരുമാനമെടുക്കാനും കഴിഞ്ഞത്.

ലാവലിന്‍ ഇടപാടിനെ പ്രതിരോധിക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് ദേശീയതലത്തില്‍ അഴിമതിക്കും നവലിബറല്‍ ആശയങ്ങള്‍ക്കുമെതിരെ നടത്തുന്ന പോരാട്ടങ്ങളില്‍ പാര്‍ട്ടിക്കുള്ള ധാര്‍മികത നഷ്ടപ്പെടാനിടയാക്കുമെന്ന മുന്നറിയിപ്പ് വി.എസ്. നല്‍കുന്നു. ഈ സാഹചര്യത്തില്‍ കരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പാര്‍ട്ടി അണികളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ സത്യം വെളിവാക്കണം. പി.ബി. ഈ വിഷയം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ്. കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാരാട്ടിന് വി.എസ്. നല്‍കിയതായി പറയപ്പെടുന്ന മൂന്നു പേജ് കത്തും 22 പേജ് അനുബന്ധ കുറിപ്പുകളുമാണ് പി.ടി. തോമസ് പത്രസമ്മേളനത്തില്‍ വിതരണം ചെയ്തത്. എന്നാല്‍, കത്തില്‍ വി.എസിന്റെ ഒപ്പില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പി.ടി. തോമസ് പറഞ്ഞത് ഇത്തരമൊരു കത്തയച്ചിട്ടില്ലെന്ന് വി.എസോ അതു കിട്ടിയിട്ടില്ലെന്ന് കാരാട്ടോ പറഞ്ഞാല്‍ വേറെ തെളിവുകള്‍ ഹാജരാക്കാമെന്നാണ്.

കത്തില്‍ ഉറച്ചുനില്‍ക്കുന്നുവോ എന്ന് വി.എസ്. വ്യക്തമാക്കണം -പി.ടി.തോമസ്

തിരുവനന്തപുരം: ലാവലിന്‍ അഴിമതി നടത്തിയ പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിയമ നടപടികള്‍ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തില്‍ വി.എസ്. അച്യുതാനന്ദന്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പി.ടി.തോമസ് എം.പി. പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലാവലിന്‍ അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തിയിരുന്ന വി.എസ്. ഈ വിഷയത്തില്‍ സുപ്രീം കോടതി നടപടിയുണ്ടായിട്ടും മൗനത്തിലാണ്. അരുണ്‍കുമാറുമായി ബന്ധപ്പെട്ട അഴിമതിയും ലാവലിന്‍ അഴിമതിയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ് ഈ മൗനം. ഇപ്പോള്‍ വി.എസ്. ഒത്തുതീര്‍പ്പുണ്ടാക്കി ഒളിച്ചോടുകയാണെന്നും പി.ടി. തോമസ് കുറ്റപ്പെടുത്തി.