Random Posts

Sunday, April 3, 2011

കേരളത്തിന്റെ അന്തസ് കെടുത്തിയ കാലം











ഇടത് ദുര്‍ഭരണം അഞ്ചുകൊല്ലം സംസ്ഥാനത്തുണ്ടാക്കിയ കെടുതികള്‍

കേരളം വീണ്ടുമൊരുതെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. പതിമൂന്നാം നിയമസഭയുടെയും പുതിയൊരു മന്ത്രിസഭയുടെയും രൂപീകരണമാണ് ഏപ്രില്‍ 13ന് കേരളത്തില്‍ നടക്കാന്‍ പോകുന്ന വോട്ടെടുപ്പിന്റെ പരമമായ ലക്ഷ്യം. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ ആരംഭഘട്ടത്തില്‍ രൂപമെടുക്കുന്ന അടുത്ത ഭരണകൂടത്തിന് പ്രബുദ്ധമായ ഈ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി അര്‍ത്ഥവത്തായി ഒരുപാടുകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

രാഷ്ട്രീയമായും സാമൂഹികമായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചരിത്രസന്ധിയിലാണ് കേരളം. അതിനാല്‍ പുറമെ കാണുന്ന കക്ഷിരാഷ്ട്രീയ മത്സരത്തിനുപരിയായ അര്‍ത്ഥവും പ്രസക്തിയും ഉള്ള ഒരു നിയമസഭാ തെരഞ്ഞെടുപ്പാണിത്.
സംസ്ഥാനത്ത് അനേകം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മുഖ്യമായി മൂന്ന് വ്യത്യസ്ത ചേരികളായി നിന്ന് ജനങ്ങളുടെ സമ്മതി തേടുന്ന പൊതുരാഷ്ട്രീയ സ്ഥിതിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ മാറ്റമില്ലെന്നു കാണാം. 125 വര്‍ഷം പിന്നിട്ട ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) ആണ് ഒരു ചേരി. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുജനാധിപത്യമുന്നണി (എല്‍. ഡി. എഫ്) ആണ് രണ്ടാമത്തെ ചേരി. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി. എഫും എല്‍.ഡി.എഫും തമ്മില്‍ കാല്‍ നൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന മത്സരം ഈ തെരഞ്ഞെടുപ്പിലും എല്ലാ തീവ്രതയോടും പ്രാധാന്യത്തോടും കൂടി ആവര്‍ത്തിക്കപ്പെടുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയാണെങ്കിലും ബി. ജെ. പി പതിവുപോലെ പോരിന് ത്രികോണമത്സരം സൃഷ്ടിക്കുന്നതിനപ്പുറത്തേക്കൊന്നും കേരളത്തില്‍ ഇത്തവണയും രാഷ്ട്രീയ പ്രസക്തി കൈവരിക്കുമെന്ന് ആരും കരുതുന്നില്ല. സംസ്ഥാനത്തെ മിക്കവാറും എല്ലാ മണ്ഡലത്തിലും ഐക്യജനാധിപത്യമുന്നണിയും ഇടതുമുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ ഇടതുമുന്നണിയുടെ ഭരണമായിരുന്നു. വമ്പിച്ച പ്രതീക്ഷയോടെ 2006ല്‍ ജനങ്ങള്‍ 99 സീറ്റ് നല്‍കി അധികാരം ഏല്‍പ്പിച്ച ഇടതുമുന്നണി സംസ്ഥാനത്തെ പൊതു ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭരണപരമായി പരാജയമടയുകയും ജനങ്ങളില്‍ നിരാശ പടര്‍ത്തുകയും ചെയ്തു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഇടതുഭരണകൂടത്തിന്റെ തലവനായിരുന്നെങ്കിലും തല്‍പ്പരകക്ഷികളാല്‍ വിദൂര നിയന്ത്രിതവും കൂട്ടുത്തരവാദിത്വ രാഹിത്യത്തിന്റെയും അച്ചടക്കമില്ലായ്മയുടെയും അരാജകാവസ്ഥയായിരുന്നു കഴിഞ്ഞ അഞ്ചുകൊല്ലം കേരളം അനുഭവിച്ചത്. അധികാരത്തിലേറിയപ്പോള്‍ ഇടതുസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളൊന്നും ഭരണമവസാനിക്കുമ്പോഴും പാലിക്കാന്‍ കഴിഞ്ഞില്ല. വികസനരംഗം പാടെ മുരടിച്ചു. മുന്‍ യു. ഡി. എഫ് സര്‍ക്കാരിന്റെ പ്രഖ്യാതമായ പദ്ധതികളും ആശയങ്ങളും കടംകൊണ്ട് നാടുനീളെ വികസനത്തെപ്പറ്റി പ്രസംഗിച്ചുനടന്ന ഇടതുമന്ത്രിമാര്‍ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ക്രിയാത്മകമായി യാതൊന്നും ചെയ്തില്ല. ഭരണവും സമരവും എന്ന പ്രാകൃതശൈലി സ്വീകരിച്ച് കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്താന്‍ ഉത്സാഹിച്ച ഭരണാധികാരികള്‍ ആധുനിക കേരളത്തിന്റെ ഇന്നത്തെയും നാളത്തെയും ജീവിതാവശ്യങ്ങളോട് മുഖം തിരിച്ചുകളഞ്ഞു. ഭരിക്കുന്ന കക്ഷികള്‍ക്ക് പണം സ്വരൂപിക്കാനും പാര്‍ട്ടി ഉപജീവികള്‍ക്കും ഭരണാധികാരികളുടെ ഇഷ്ടക്കാര്‍ക്കും കാര്യലാഭമുണ്ടാക്കാനും ഇടതുമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്ന അഴിമതി നിറഞ്ഞ ഒരു വ്യവസ്ഥയുണ്ടാക്കി സംശുദ്ധമായ പൊതുജീവിതത്തെ താറുമാറാക്കി.

രാഷ്ട്രീയ അഴിമതിയും ഉദ്യോഗസ്ഥരുടെ കൈക്കൂലിയും സാര്‍വ്വത്രികമായി. ഇടതുസര്‍ക്കാരിന്റെ ഏതു പ്രവൃത്തിയിലും നിന്ദ്യമായ ഒരു നിഗൂഢലക്ഷ്യം പതിയിരുന്നു. വികസനത്തിനെന്നപേരില്‍ റവന്യൂ ഭൂമിയും വനഭൂമിയും വന്‍തോതില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കൈമാറ്റം ചെയ്തു വിവാദത്തില്‍ പെട്ടു. അന്യ സംസ്ഥാന ലോട്ടറിയുടെ മറവില്‍ കുത്തക ഏജന്റിനെ വച്ച് വ്യാജലോട്ടറി വിറ്റ് പാവങ്ങളെ ഭാഗ്യവ്യാമോഹത്തില്‍ കുടുക്കി പറ്റിച്ചു. അതില്‍ നിന്ന് ലഭിച്ച ചൂതാട്ടപ്പണം കൊണ്ട് ഭരണമുന്നണിയെ നയിച്ച സി.പി.എം. സ്വന്തം മാധ്യമസ്ഥാപനങ്ങള്‍ നടത്തി.നിയമവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് പൊതുതാല്‍പര്യം ഹനിക്കുംവിധം സര്‍ക്കാര്‍ എല്ലാ കോടതി വ്യവഹാരങ്ങളിലും ബോധപൂര്‍വ്വം തോറ്റുകൊടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുംഭകോണമായ ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാം പ്രതിയായപ്പോള്‍ രക്ഷിക്കാനായി സര്‍ക്കാര്‍ ഒന്നടങ്കം ഇറങ്ങിയ ദയനീയാവസ്ഥയും കേരളം കണ്ടു. പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ സി.ബി.ഐക്കു നല്‍കിയ അനുമതിക്കെതിരെ പൊതുഖജനാവിലെ പണമെടുത്തു ചെലവാക്കി സര്‍ക്കാര്‍ സുപ്രീംകോടതി വരെ കേസ് വാദിക്കാന്‍ പോയി.
വികസനരംഗത്തും ക്ഷേമ പ്രവര്‍ത്തനരംഗത്തും പരമദയനീയമായി പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ അര്‍ത്ഥവത്തായ ഒരു നല്ല നിയമം പോലും കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ ഉണ്ടാക്കിയില്ല.

അധികാരമേറ്റ് ആദ്യമായി സഭയില്‍ അവതരിപ്പിച്ച സ്വാശ്രയകോളേജ് പ്രവേശന വ്യവസ്ഥയ്ക്കുള്ള ബില്‍ ഏകകണ്ഠമായി പാസായിട്ടുപോലും ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം അതു നിയമമായില്ല. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴും സ്വാശ്രയ കോളേജുകളുടെ നടത്തിപ്പിന് നിയതമായ ഒരു വ്യവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ഇടതുഭരണകൂടത്തിന്റെ നാനാതരം വൈകല്യങ്ങള്‍ക്കൊപ്പം ജ്വലിക്കുന്ന ഒരു കുറ്റമായി വിദ്യാഭ്യാസ മന്ത്രിക്കുനേരെ വിരല്‍ചൂണ്ടി നില്‍ക്കുന്നു.ജനങ്ങള്‍ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് പുഴുക്കളെപ്പോലെ കൂട്ടത്തോടെ മരിച്ചു. കാലാവസ്ഥാ ഭേദമന്യേ തികച്ചും ആതുരമായ ജീവിതാവസ്ഥയില്‍ സാധാരണജനം ചികിത്സ ലഭിക്കാതെ നരകിച്ചപ്പോള്‍ ആരോഗ്യമന്ത്രി രോഗത്തിന്റെ പേരിനെച്ചൊല്ലി മുഖ്യമന്ത്രിയുമായി (സി.പി.എം ഗ്രൂപ്പ് വൈരം ഉള്ളില്‍ വച്ച്) തര്‍ക്കിക്കുന്നതാണ് കേരളം കണ്ടത്. സി. പി. എം നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയുടെ തര്‍ക്കവും വഴക്കും വിവാദവും കൊണ്ട് നാളുകള്‍ കടന്നുപോയപ്പോള്‍ വി.എസ്. സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ച പാവങ്ങള്‍ നിരാശരായിത്തീര്‍ന്നു. പൊതു ജീവിതം അടിമുടി മാഫിയവല്‍ക്കരിക്കപ്പെട്ടു. അവിഹിത പണം ഇടപാട് മുതല്‍ നടുറോഡിലെ കൊലപാതകം വരെ നീളുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പെണ്‍വാണിഭക്കേസുകളിലും മന്ത്രിമാരുടെ മക്കളും ഭരിക്കുന്നവരുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടുന്നത് പൊലീസിനും തലവേദനയായി. സംസ്ഥാനത്ത് വര്‍ഗ്ഗീയഭീകരതയ്ക്ക് വേരോട്ടമുണ്ടായത് ഇടതുഭരണകാലത്താണ്. അതുപോലും രാഷ്ട്രീയ മുതലെടുപ്പിനും തെരഞ്ഞെടുപ്പു ജയത്തിനും ഉപയോഗിക്കാന്‍ ശ്രമിച്ച് തിരിച്ചടിയേറ്റ മാര്‍ക്‌സിസ്റ്റ് നേതൃത്വം ചെയ്തുകൂട്ടിയ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ക്ക് യാതൊരന്തവുമില്ല.

മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ അപഥസഞ്ചാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ നേതാക്കള്‍ സിന്‍ഡിക്കേറ്റ് എന്നുവിളിച്ച് ആക്ഷേപിച്ചു. അണികളെ വിട്ട് ആക്രമിച്ചു. സി. പി. എമ്മിന് ഹിതകരമല്ലാത്ത വിധിന്യായം പുറപ്പെടുവിച്ച ന്യായാധിപന്മാരെ തെരുവില്‍ അസഭ്യവാക്കുകള്‍ കൊണ്ട് നേതാക്കള്‍ അപഹസിച്ചു. ലാവലിന്‍ അഴിമതി അന്വേഷിക്കുന്ന സി. ബി. ഐ മാര്‍ക്‌സിസ്റ്റ് നേതാവിന്റെ ഭാഷയില്‍ വെറും പുല്ലാണ്. പുരോഹിത ശ്രേഷ്ഠന്മാര്‍ പിണറായിക്ക് നികൃഷ്ടജീവിയും ഐ. എ. എസ് ഉദ്യോഗസ്ഥര്‍ മന്ത്രി സുധാകരന് വെറും പട്ടികളുമാണ്. സഭ്യതയോ മാന്യതയോ മര്യാദയോ പ്രതിപക്ഷ ബഹുമാനമോ നിഴലിക്കാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റശൈലിയുടെ തികച്ചും ഗര്‍ഹണീയമായ ഒരു മാതൃകയാണ് ഇടതുഭരണത്തിന്റെ കാവല്‍ക്കാരില്‍നിന്ന് ജനങ്ങള്‍ കണ്ടത്. ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്ന 'നോക്കുകൂലി' എന്ന പ്രാകൃത തൊഴില്‍ വ്യവസ്ഥ മൂലം നാണം കെട്ട സി. പി. എം ഇക്കാര്യത്തില്‍ സ്വന്തം തൊഴിലാളികളെ നിയന്ത്രിക്കാനാകാത്തവിധം നിസ്സഹായമായി തീര്‍ന്നിരിക്കുന്നു.ലഭിച്ച അവസരങ്ങളിലെല്ലാം ഇതിനെല്ലാമെതിരെ ജനങ്ങള്‍ അവരുടെ പ്രതിഷേധം നിശബ്ദമായി പ്രകടിപ്പിക്കുക തന്നെ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രാദേശിക തെരഞ്ഞെടുപ്പിലും രണ്ടിനും ഇടയില്‍ നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കെതിരെ തീവ്രമായി പ്രതികരിച്ച കേരളത്തിലെ വോട്ടര്‍മാര്‍ ഇടതുദുര്‍ഭരണം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ ക്ഷമയോടെ കാത്തിരുന്ന അവസരമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. ജനങ്ങളുടെ മുന്നില്‍ ഭരണനേട്ടമായി ചൂണ്ടിക്കാട്ടാന്‍ ഇടതു സര്‍ക്കാരിന്റെ പക്കല്‍ യാതൊന്നുമില്ല.

കേന്ദ്രം അവഗണിച്ചു എന്ന് നിരന്തരം പരാതി പറയുന്നവര്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ 35 കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ ആരംഭിച്ചുകൊണ്ട് യു. പി. എ സര്‍ക്കാര്‍ സൃഷ്ടിച്ച സര്‍വ്വകാല റിക്കാര്‍ഡ് സൗകര്യപൂര്‍വ്വം മറന്നുകളയുന്നു. തിരുവനന്തപുരത്തെ ബ്രഹ്മോസ് പദ്ധതിമുതല്‍ കാസര്‍കോട്ടെ എച്ച്. എ. എല്‍ പ്രോജക്ടുവരെയും വിഴിഞ്ഞം തുറമുഖം മുതല്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിവരെയും അതില്‍ പെടും. കേന്ദ്ര പദ്ധതികള്‍ക്ക് യഥാസമയം ആവശ്യമായ സ്ഥലം ലഭ്യമാക്കാനോ അവ നടപ്പാക്കാന്‍ അനുപേക്ഷണീയമായ അനുധാവനം നടത്താനോ ശ്രമിക്കാതെ കേന്ദ്രവിരുദ്ധ സമരം നടത്താന്‍ മന്ത്രിമാരെയും കൂട്ടി ഡെല്‍ഹിയില്‍ പോകുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കേണ്ട കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തറക്കല്ലിട്ട ശേഷം ഇഴച്ചിഴച്ച് അവസാന നിമിഷം വരെ പണി തുടങ്ങാതെ നീട്ടിക്കൊണ്ടുപോയി. കൊച്ചി മെട്രോ റയില്‍ ഇനിയും ഒരു കടലാസ് പദ്ധതിയായി തുടരുന്നു. ചെറുപ്പക്കാര്‍ക്ക് തൊഴിലവസരമുണ്ടാക്കി നാടിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തേണ്ട ചെറുതും വലുതുമായ നിരവധി അവസരങ്ങള്‍ക്കുമേല്‍ അടയിരുന്ന സമയം പാഴാക്കിയ ശപിക്കപ്പെട്ട ഒരു സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ഇവിടെ ഉണ്ടായിരുന്നത്.

ലക്ഷങ്ങള്‍ കൂലി നല്‍കിയാല്‍ പി. എസ്. സി. രേഖ പോലും വ്യാജമായി ചമച്ച് സര്‍ക്കാര്‍ ജോലി തരപ്പെടുത്തിക്കൊടുക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ഇടതുസര്‍ക്കാരിനെ ഉപജീവിച്ചു വളര്‍ന്നു. പി. എസ്. സി പരീക്ഷകളില്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തി ജോലി അപഹരിക്കുന്ന റാക്കറ്റുകള്‍ നിലനിറുത്തിപ്പോന്നത് കൊല്ലത്തെ അറിയപ്പെടുന്ന സി. പി. എം പ്രവര്‍ത്തകരാണ്. എല്ലാ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളിലും സി. പി. എം അണികള്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നു കാണാം. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ ഡി.വൈ.എഫ്.ഐക്കാര്‍ ഇറക്കിക്കൊണ്ടുപോയ നിരവധി സംഭവങ്ങള്‍ ഉണ്ടായി. കള്ളവും ചതിയും തട്ടിപ്പും ജീവിതശൈലിയായി. പെണ്‍വാണിഭവും മാഫിയ പ്രവര്‍ത്തനവും സ്പിരിറ്റ് കടത്തും സി. പി. എംകാരുടെ തൊഴിലായി. വ്യാജക്കള്ളു കുടിച്ച് നിരവധിപേര്‍ മരിച്ചു. ഇടതുഭരണകാലത്ത് കേരളം നേരിട്ട നിരവധി വിപത്തുകള്‍ക്കും സാംസ്‌കാരിക അധഃപതനത്തിനും ധാര്‍മ്മികത്തകര്‍ച്ചയ്ക്കും പരിഹാരം കാണാന്‍ ദീര്‍ഘകാലമെടുക്കും. അഞ്ചുകൊല്ലം കൊണ്ട് അമ്പതുകൊല്ലം പിന്നോട്ടുപോയ കേരളത്തിന്റെ മേല്‍ഗതി വീണ്ടെടുക്കേണ്ടത് ഇന്ന് ജനങ്ങളുടെ ബാധ്യതയാണ്