
മില്‍മ പാല്‍വില വര്‍ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ഒരു ലിറ്ററിന് 5 രൂപ വെച്ചാണ് വര്‍ധിപ്പിക്കുന്നത്. ഇതിനിടെ മില്‍മ കൊച്ചി, തിരുവനന്തപുരം മേഖലകളില്‍ ക്ഷാമം കാരണം നിര്‍ത്തിവെച്ച നീലകവര്‍ (സമീകൃത കൊഴുപ്പുള്ള) പാലിന്റെ ഉത്പാദനം വൈകും.
വര്‍ദ്ധിപ്പിക്കുന്ന വില പ്രകാരം അരലിറ്ററുള്ള മഞ്ഞക്കവറിന് (കൊഴുപ്പുകുറഞ്ഞ ഡബിള്‍ ടോണ്‍ഡ്) 13.50 രൂപയാണ്. സമീകൃത കൊഴുപ്പുള്ള നീലകവറിന് (ടോണ്‍ഡ്) 14 രൂപ നല്‍കണം. കൊഴുപ്പുകൂടിയ ടോണ്‍ഡ്, ഹോമോജീനൈസ്ഡ് ടോണ്‍ഡ്, ഹോമോജീനൈസ്ഡ് ജഴ്‌സി, 3.5 ശതമാനം കൊഴുപ്പുള്ള ജഴ്‌സി പാല്‍ എന്നിവയ്ക്ക് 15 രൂപ ഇനിമുതല്‍ നല്‍കണം.
3.8 ശതമാനം കൊഴുപ്പുള്ള റിച്ച് പ്ലസ്സിനും 4.5 ശതമാനം കൊഴുപ്പുള്ള സ്റ്റാന്‍ഡഡൈസ്ഡ് പാലിനും 15.50 രൂപ നല്‍കണം. ഇതിന് പുറമെ മില്‍മ സ്‌കിമ്മ്ഡ് തൈര് അരലിറ്ററിന് 17 രൂപ നല്‍കണം.
നിലവില്‍ 11.8 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ മലപ്പുറം, കൊച്ചി, തിരുവനന്തപുരം മേഖലാ യൂണിയനുകളിലായി വിതരണം ചെയ്യുന്നത്. ഇതില്‍ ജനപ്രിയമായ സമീകൃത കൊഴുപ്പുള്ള നീലകവര്‍ പാല്‍ തിരുവനന്തപുരം കൊച്ചി യൂണിയനുകളില്‍ നാമമാത്രമായാണ് ഉല്പാദിപ്പിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളായതോടെ നീല കവര്‍ പാലിന്റെ ഉത്പാദനം കൊച്ചി, തിരുവനന്തപുരം മേഖലകളില്‍ നിര്‍ത്തിയിരുന്നു. ഇവ പുനഃസ്ഥാപിക്കല്‍ ഇനിയും വൈകും.
നാലരലക്ഷത്തിലേറെ ലിറ്റര്‍ പാല്‍ വിതരണം നടത്തുന്ന തിരുവനന്തപുരം മേഖലയില്‍ നീലകവര്‍ പാല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇവിടെ മഞ്ഞ-ചുവന്ന കവര്‍ പാലാണ് ഉത്പാദിപ്പിക്കുന്നത്.
മൂന്ന്‌മേഖലാ യൂണിയനുകളിലുമായി 11.8 ലക്ഷം ലിറ്റര്‍ പാലാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 7.3 ലക്ഷം ലിറ്ററെ ആഭ്യന്തരമായി സംഭരിക്കുന്നുള്ളൂ. ബാക്കിയുള്ളത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. നേരത്തെ 12.5 ലക്ഷം ലിറ്ററിലേറെ പാലാണ് മില്‍മ സംസ്ഥാനത്തുടനീളം വിതരണം ചെയ്തിരുന്നത്.
വര്‍ധിപ്പിച്ച വില തിങ്കളാഴ്ച മുതല്‍ നല്‍കുന്ന പാല്‍ കവറില്‍ രേഖപ്പെടുത്താനാവില്ലെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് അറിയിച്ചു. പുതുക്കിയ വില രേഖപ്പെടുത്തിയ കവര്‍ ലഭ്യമാകുന്നതുവരെ പഴയവില രേഖപ്പെടുത്തിയ കവറിലാണ് പാല്‍ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.






