വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ എെ.സി.ടി അക്കാദമിഡയരക്ടറായി നിയമിച്ച നടപടി കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന് സംസ്ഥാന എെ.ടി സെക്രട്ടറി നിയമസഭാ സമിതിക്ക് മുമ്പാകെ മൊഴി നല്‍കി. എെ.എച്ച്.ആര്‍.ഡി സൊസൈറ്റി രൂപീകരിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയാണെന്നും എെ.ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ബാലകൃഷ്ണന്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര വ്യവസ്ഥകളില്‍ കാതലായ മാറ്റം വരുത്തിയാണ് അരുണ്‍കുമാറിന്റെ നിയമനത്തിന് സാധുത നല്‍കിയത്. ആദ്യം കേന്ദ്രം അംഗീകരിച്ച വ്യവസ്ഥകള്‍ പിന്നീട് മാറ്റുകയായിരുന്നു. അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേിക്കുന്ന നിയമസഭാ സമിതിക്ക് മുമ്പിലാണ് എെ.ടി സെക്രട്ടറി മൊഴി നല്‍കിയത്.
എെ.എച്ച്.ആര്‍.ഡിയിലെ നിയമനത്തെച്ചൊല്ലി ആരോപണ വിധേയനായ ശേഷമാണ് അരുണ്‍കുമാറിനെ എെ.സി.ടി അക്കാദമിയുടെ ഡയരക്ടറായി നിയമിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അച്യുതാനന്ദന്‍ ഒഴിയുന്നതിന്റെ തൊട്ടുമുമ്പ് എെ.സി.ടി അക്കാദമിയെന്ന സ്ഥാപനം റജിസ്റ്റര്‍ ചെയ്താണ് മകനെ ഡയരക്ടറാക്കി നിയമിച്ചത്.
വി.എസിന്റെ കീഴിലായിരുന്ന എെ.ടി വകുപ്പിന്റെയും അരുണ്‍കുമാര്‍ ജോലി ചെയ്തുവന്ന എെ.എച്ച്.ആര്‍.ഡിയുടെയും ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അച്യുതാനന്ദന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എെ.ടി വകുപ്പില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ച് എെ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തിരുവനന്തപുരം സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം വളപ്പില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച ഫിനിഷിംഗ് സ്കൂളിനെയാണ് എെ.സി.ടി അക്കാദമിയാക്കി മാറ്റിയത്.
സ്വകാര്യ പങ്കാളിത്തത്തോടെ അക്കാദമി സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി അവരെ പുതിയ തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുക എന്നതായിരുന്നു എെ.സി.ടി അക്കാദമികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത്.
പ്രതിവര്‍ഷം 14 കോടി രൂപ ചെലവ് വരുന്നതാണ് പ്രോജക്ട്. ആറു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന എെ.ടി വകുപ്പിന് ഗ്രാന്റായി നല്‍കുകയും ചെയ്തു. ഈ വ്യവസ്ഥകള്‍ വളച്ചൊടിച്ച് എെ.എച്ച്.ആര്‍.ഡിയുടെ പങ്കാളിത്തം കൊണ്ടുവന്നത് അരുണ്‍കുമാറിനെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. സ്വകാര്യ പങ്കാളിത്തം ഉണ്ടായാല്‍ പുറമെ നിന്ന് വിദഗ്ധനായ ഒരാളെ ഡയരക്ടായി നിയമിക്കുന്നത് ഒഴിവാക്കാനാണ് എെ.എച്ച്.ആര്‍.ഡിയുടെ പ്രതിനിധിയായി അരുണ്‍കുമാറിനെ നിയമിച്ചത്.
നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു. ആറുവര്‍ഷത്തെ വിചിത്രമായ കാലാവധിയിലായിരുന്നു നിയമനം.
ടെക്നോപാര്‍ക്കിലെ സി.ഇ.ഒയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഡയരക്ടറായ അരുണ്‍കുമാറിന് നിശ്ചയിച്ചത്. ശമ്പളം മാത്രം പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ വരും. ഡയരക്ടറുടെ നിയമനത്തിനുള്ള യോഗ്യതകളോ നിയമന വ്യവസ്ഥകളോ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിരുന്നില്ല.






